മെസിക്കൊപ്പം സെൽഫിക്കായി പിടിവലി; ആരാധകന്റെ മുഖം തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ
മെസിക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകർ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്
മയാമി: ഇന്റർമയാമിയുടെ വിജയം ആഘോഷിക്കാൻ നടത്തിയ പാർട്ടിയിൽ ഉന്തുംതള്ളും. മെസിക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകര്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്നും ഒരു ആരാധകന്റെ മുഖം തകർത്തെന്നും റിപ്പോർട്ടുകൾ ഉണ്ട്. മയാമിയിലെ ഒരു റെസ്റ്റോറൻഡിലായിരുന്നു പാർട്ടി സംഘടിപ്പിച്ചിരുന്നത്.
കുടുംബവുമൊത്താണ് മെസി പാര്‍ട്ടിക്ക് എത്തിയിരുന്നത്. ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നു. പാര്‍ട്ടി പുരോഗമിക്കുന്നതിനിടെ ഒരു ആരാധകൻ മെസിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇയാൾ അനുവാദമില്ലാതെയാണ് സെൽഫി എടുക്കാൻ ശ്രമിച്ചതെന്നണ് റിപ്പോർട്ടുകൾ. പിന്നാലെ ഉന്തും തള്ളുമായി.
സുരക്ഷാ ഉദ്യോഗസ്ഥർ കൂടി എത്തിയതോടെ സ്ഥിതി മാറി. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ ഹോട്ടലിന് പുറത്ത് എത്തിച്ച് മര്‍ദിച്ചെന്നും ആരോപണമുണ്ട്. അതേസമയം സംഘർഷമുണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബെക്കാമിന്റെ കുടുംബം ഹോട്ടൽ വിട്ടു. സംഘർഷവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്തോ എന്ന് വ്യക്തമല്ല.
അതേസമയം ലീഗ് കപ്പിൽ ഫിലാഡൽഫിയക്കെതിരെ ഇന്റർ മയാമി തകർപ്പൻ ജയം ആഘോഷിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മയാമിയുടെ ജയം. മെസിയും മത്സരത്തിൽ ഗോൾ നേടി. 36 വാര അകലെ നിന്നുള്ള മെസിയുടെ ഗോൾ തരംഗമായി. താരത്തിന്റെ ഒമ്പതാമത് ഗോളായിരുന്നു ഇത്. ആറ് മത്സരങ്ങളിൽ നിന്നാണ് മെസിയുടെ ഗോൾ നേട്ടം. മയാമി ജേഴ്‌സിയിൽ മെസി എത്തിയത് മുതൽ ടീം തോറ്റിട്ടില്ല.