ശമ്പളം കുറഞ്ഞാലും കുഴപ്പമില്ല, ചാമ്പ്യൻസ് ലീഗ് കളിക്കണം: യുനൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ

ഈ സീസണിൽ മാഞ്ചസ്റ്റർ ചാമ്പ്യൻസ് ലീഗിനില്ലാത്തതാണ് ക്രിസ്റ്റ്യാനോയുടെ പുതിയ നീക്കത്തിന്റെ കാരണം...

Update: 2022-07-05 11:19 GMT
Editor : André | By : Web Desk
Advertising

മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുന്നതിന് സ്വന്തം ശമ്പളം വെട്ടിക്കുറക്കാൻ വരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീരുമാനിച്ചതായി റിപ്പോർട്ട്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ക്ലബ്ബുകൾ സമീപിച്ചാൽ ഇപ്പോൾ യുനൈറ്റഡിൽ വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന് കളിക്കാൻ ക്രിസ്റ്റ്യാനോ സന്നദ്ധനാണെന്നും താരത്തിന്റെ ഏജന്റ് ഒന്നിലേറെ ക്ലബ്ബുകളുമായി ചർച്ച നടത്തുന്നുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരു ആഴ്ച്ചയായി റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെന്ന റിപ്പോർട്ടുകൾ ഫുട്‌ബോൾ ലോകത്ത് സജീവമാണ്. എന്നാൽ, താരത്തെ നിലനിർത്തുന്നതിനാണ് പരിഗണന എന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ ടോപ് സ്‌കോററായെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡിന് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇതോടെ, ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് നേടുക എന്ന താരത്തിന്റെ സ്വപ്‌നത്തിന് തിരിച്ചടി നേരിട്ടു. ഇതോടെയാണ് ശമ്പളത്തിൽ കുറവ് വരുത്തിയിട്ടാണെങ്കിലും മറ്റ് ക്ലബ്ബുകളിലേക്ക് കൂടുമാറി ചാമ്പ്യൻസ് ലീഗ് കളിക്കാൻ താരം ആഗ്രഹിക്കുന്നത്.

ക്രിസ്റ്റ്യാനോക്ക് വേണ്ടി ചെൽസി മാഞ്ചസ്റ്ററിനെ സമീപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 15 മില്യൺ യൂറോ ആണ് ചെൽസി ഓഫർ ചെയ്തതെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും പോർച്ചുഗീസ് താരത്തിനു പിറകെയുണ്ടെന്ന് അഭ്യൂഹം പരന്നെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News