'അൽനസ്‌റിൽ ക്രിസ്റ്റ്യാനോ പറ്റിക്കപ്പെട്ടു; റയലിലേക്ക് തിരിച്ചുവരണം'; ആവശ്യവുമായി റിവാൾഡോ
സ്പാനിഷ് മാധ്യമത്തോടാണ് റിവാൾഡോയുടെ പ്രതികരണം
മാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്ർ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ച് മുൻ ബ്രസീൽ താരം റിവാൾഡോ. വമ്പൻ ഓഫറിലൂടെ താരം പറ്റിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അൽനസ്ർ വിട്ട് റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തണമെന്നും റിവാൾഡോ ആവശ്യപ്പെട്ടു.
സ്പാനിഷ് മാധ്യമമായ 'മുണ്ടോ ഡിപോർട്ടിവോ'യോട് സംസാരിക്കുകയായിരുന്നു റിവാൾഡോ. 'സൗദി അറേബ്യയിൽ വമ്പൻ കരാറുകളിലൂടെ താരങ്ങൾ കബളിപ്പിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പിന്നീട് ജീവിതം അവിടെ അടയുകയാണ്. അവിടെ ഫുട്‌ബോൾ കളിക്കുക പ്രതീക്ഷിച്ചയത്ര എളുപ്പമല്ല.'-അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതുമൂലം ചിലപ്പോൾ നിരാശയിലൂടെയും പുനർവിചിന്തനത്തിലൂടെയുമെല്ലാമായിരിക്കും കടന്നുപോകുന്നത്. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പണം കൊണ്ട് അത്ര സന്തോഷകരമായ ജീവിതമല്ല ഇപ്പോഴുള്ളതെങ്കിൽ ക്രിസ്റ്റ്യാനോയ്ക്കും ഫുട്‌ബോളിനും നല്ലത് അദ്ദേഹം റയൽ മാഡ്രിഡിലേക്ക് തിരിച്ചുവരുന്നതാണ്. റയലിലായിരിക്കണം അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നതെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്‌റുമായുള്ള കരാറിൽ രണ്ടര വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ചുള്ള പരസ്യപ്രതികരണത്തിനു പിന്നാലെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
Summary: 'Cristiano Ronaldo may have been 'fooled' by big Al-Nassr deal'; says former Brazil footballer Rivaldo