'ഹാരി മഗ്വയറിനെ ബെഞ്ചിലിരുത്താൻ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടു'-വെളിപ്പെടുത്തൽ
ടീമിന്റെ മോശം പ്രകടനത്തിനു കാരണം മഗ്വയറാണെന്നായിരുന്നു ക്രിസ്റ്റ്യാനോ കോച്ചിനോട് പറഞ്ഞത്
ലണ്ടൻ: ട്രാൻസ്ഫർ വിൻഡോ ഇന്ന് അവസാനിക്കാനിരിക്കെ ഇനിയും പുതിയ ക്ലബിലേക്ക് ചേക്കേറാനാകാത്ത സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തൽ. മാഞ്ചസ്റ്റർ നായകൻ ഹാരി മഗ്വയറിനെ ടീമിൽനിന്ന് പുറത്തിരുത്താൻ മുൻ പരിശീലകൻ റാൾഫ് റാങ്ക്‌നിക്കിനോട് ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ സീസണിലായിരുന്നു ഇതെന്ന് ബ്രിട്ടീഷ് മാധ്യമമായ 'മിറർ ഡോട്ട് കോ യു.കെ' റിപ്പോർട്ട് ചെയ്തു.
യുനൈറ്റഡിനകത്ത് താരങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി നേരത്തെയും റിപ്പോർട്ടുണ്ടായിരുന്നു. ക്യാപ്റ്റൻസിക്കു പുറമെ ടീം മാനേജ്‌മെന്റ്, ട്രെയിനിങ് തുടങ്ങിയ വിഷയങ്ങളിലെല്ലാം യുനൈറ്റഡ് താരങ്ങൾ ഇരുചേരിയിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ്, മഗ്വയറിനെതിരെ സൂപ്പർതാരം രംഗത്തെത്തിയ വിവരം പുറത്താകുന്നത്.
ടീമിന്റെ മോശം പ്രകടനത്തിനു കാരണം മഗ്വയറാണെന്നായിരുന്നു ക്രിസ്റ്റ്യാനോ കോച്ചിനോട് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. ഇതിനാൽ താരത്തെ പുറത്തിരുത്തണമെന്നായിരുന്നു ആവശ്യം. ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, റാഫേൽ വറൈൻ എന്നിവരുടെ സാന്നിധ്യത്തിലാണ് റാൾഫിനോട് താരം പരാതി ഉന്നയിച്ചത്.
2019ലാണ് ലെസ്റ്റർ സിറ്റിയിൽനിന്ന് മഗ്വയര്‍ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തുന്നത്. 2020 ജനുവരിയിൽ യുനൈറ്റഡ് താരത്തെ നായകനായും നിയമിച്ചു. ആദ്യ രണ്ട് സീസണിലും ഇംഗ്ലീഷ് താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, 2021-22 സീസണിൽ പ്രകടനം മോശമായെന്നു മാത്രമല്ല ടീമിന്റെ പ്രകടനത്തെയും അതു കാര്യമായി ബാധിച്ചിരുന്നു. കിരീടം നേടാനായില്ലെന്നു മാത്രമല്ല ആഴ്‌സണൽ, ചെൽസി, ടോട്ടൻഹാം ക്ലബുകൾക്കു പിന്നിൽ നാലാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്.
യുവന്റസിലെ മോശം ഇടവേളയ്ക്കുശേഷം യുനൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റിയാനോയും മഗ്വയറും തമ്മിൽ തുടക്കംതൊട്ടേ അത്ര സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. ഇരുവരും പരസ്പരം സംസാരിക്കുകയോ മുഖത്തുനോക്കുക പോലും ചെയ്യാറില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പുതിയ സീസണിൽ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ രണ്ടു താരങ്ങൾക്കും ബെഞ്ചിലിരിക്കേണ്ടിവന്നു.
മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്രിസ്റ്റ്യാനോയെ സ്വീകരിക്കാൻ ഒരു ക്ലബും തയാറായിട്ടില്ല. സീസൺ ട്രാൻസ്ഫർ വിൻഡോ ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്. ഇതിനാൽ, അടുത്ത ജനുവരി വരെ താരം യുനൈറ്റഡിൽ തന്നെ തുടരുമെന്നുറപ്പായിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ചെൽസിയുമായും താരം ചർച്ച നടത്തിയിരുന്നു.
Summary: Cristiano Ronaldo asked former manager Ralf Rangnick to drop Harry Maguire in secret meeting: Reports