ചെറു പുഞ്ചിരിയോടെ ക്രിസ്റ്റ്യാനോ, നിർവികാരനായി മെസി; റിയാദ് സീസൺ കപ്പിലെ അപൂർവ്വ നിമിഷങ്ങൾ
കളത്തിലിറങ്ങിയില്ലെങ്കിലും അൽ-നസ്ർ ആരാധകരെ ആവേശംകൊള്ളിക്കാൻ സിആർ ഗ്യാലറിയിലുണ്ടായിരുന്നു.
റിയാദ്: വർത്തമാനകാല ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണൽമെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്നുവെന്നതിനാൽ മാസങ്ങൾക്ക് മുൻപ് തന്നെ സൗദിയിലെ റിയാദ് സീസൺ കപ്പ് ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ പരിക്ക് ഭേദമാകാത്തതിനാൽ മത്സരത്തിന് തൊട്ടു മുൻപ് അൽ നസ്ർ നിരയിൽ പോർച്ചുഗീസ് താരം ഇറങ്ങില്ലെന്ന പ്രഖ്യാപനമെത്തി. ഇതോടെ ആരാധകർ നിരാശയിലായി.
കളത്തിലിറങ്ങിയില്ലെങ്കിലും അൽ-നസ്ർ ആരാധകരെ ആവേശംകൊള്ളിക്കാൻ സിആർ ഗ്യാലറിയിലുണ്ടായിരുന്നു. ആദ്യ ഇലവനിൽ ഇറങ്ങാതിരുന്ന മെസിയും ഭൂരിഭാഗം സമയവും ഡഗൗട്ടിലിരുന്നാണ് കളികണ്ടത്. 83ാം മിനിറ്റിലാണ് ഇന്റർ മയാമി ക്യാപ്റ്റൻ കളത്തിലിറങ്ങിയത്. കളിയിലുടനീളം ആവേശഭരിതനായാണ് ക്രിസ്റ്റ്യാനോയെ കണ്ടെതെങ്കിൽ ടീമിന്റെ മോശം പ്രകടനത്തിൽ നിർവികാരനായായായിരുന്നു മെസി. 12ാം മിനിറ്റിൽ സ്വന്തം ബോക്‌സിൽ നിന്ന് സ്പാനിഷ് അൽ നസ്ർ താരം ലപ്പോർട്ടയുടെ അത്യുഗ്രൻ ലോങ് റേഞ്ചർ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിൽ കയറുമ്പോൾ അവിശ്വസിനീയമായാണ് മെസി വീക്ഷിച്ചത്. ക്രിസ്റ്റിയാനോയാകട്ടെ സീറ്റിൽ നിന്നെഴുന്നേറ്റ് കൈയടികളോടെ എതിരേറ്റു.
— Out Of Context Football (@nocontextfooty) February 1, 2024
ആദ്യ പകുതിയിൽ തന്നെ സന്ദർശകർക്കെതിരെ മൂന്ന് ഗോൾ നേടിയതോടെ അൽ-നസ്ർ ക്യാമ്പ് ആഘോഷം തുടങ്ങിയിരുന്നു. ഗ്യാലറിയിലെ വലിയ സ്‌ക്രീനിൽ മെസിയേയും ക്രിസ്റ്റിയാനോയേയും മാറി മാറി കാണിക്കുമ്പോൾ ആരവങ്ങളോടെയാണ് എതിരേറ്റത്. ഒടുവിൽ മത്സരശേഷം സ്‌റ്റേഡിയം വിട്ട് കാറിൽ മടങ്ങുമ്പോഴും ചെറുപുഞ്ചിരിയുണ്ടായിരുന്നു സിആറിന്റെ മുഖത്ത്.
സമൂഹമാധ്യമങ്ങളിലും അൽനസ്ർ-ഇന്റർ മയാമി മത്സരശേഷം വാഗ്വാദങ്ങൾ കൊഴുക്കുകയാണ്. മെസിയും ക്രിസ്റ്റിയാനോയും തമ്മിലുള്ള അവസാന മത്സരമെന്ന നിലയിലും ഈ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നു. മെസി ഇറങ്ങിയില്ലെങ്കിൽ ഇന്റർ മയാമിയൊന്നുമല്ലെന്നും റൊണാൾഡോ കളിച്ചില്ലെങ്കിലും അൽ നസ്ർ ശക്തമാണെന്നും തെളിയിക്കുന്ന മത്സരമെന്നും ആരാധകർ കമന്റ് രേഖപ്പെടുത്തി. ഫുട്‌ബോൾ വൈരത്തിന് ക്രൂരമായ പര്യവസാനം എന്നനിലയിലും പോസ്റ്റുകൾ പ്രചരിക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സിആർ-മെസി ഏറ്റുമുട്ടലിന് കൂടിയാണ് റിയാദ് കപ്പ് സാക്ഷ്യം വഹിച്ചത്.