പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈം ഗോളിൽ ലിവർപൂൾ; ചെൽസിക്ക് സമനില കുരുക്ക്
90+9ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനസ് ഗോൾ നേടിയത്.
ലണ്ടൻ: പ്രീമിയർ ലീഗിൽ ക്ലൈമാക്‌സിൽ വിജയം പിടിച്ച് ലിവർപൂൾ (1-0). നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ 90+9ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനസ് ഗോൾ നേടിയത്. പ്രധാന താരങ്ങൾക്ക് പരിക്കായതിനാൽ യുവതാരനിരയുമായാണ് മുൻ ചാമ്പ്യൻമാർ എവേ മത്സരത്തിനിറങ്ങിയത്. പന്തടത്തിലും ലക്ഷ്യത്തിലേക്ക് നിറയുതിർക്കുന്നതിലും ചെമ്പടയായിരുന്നു മുന്നിൽ. എന്നാൽ പ്രതിരോധ കോട്ടകെട്ടി ആതിഥേയർ പിടിച്ചു നിൽക്കുകയായിരുന്നു. അവസാന മിനിറ്റിൽ ഫോറസ്റ്റ് പ്രതിരോധം ഭേദിച്ച് ചെമ്പട സീസണിലെ 19ാം ജയം കുറിച്ചു.
മറ്റൊരു മത്സരത്തിൽ ചെൽസിയെ ബ്രെൻഡ്‌ഫോർഡ് സമനിലയിൽ തളച്ചു (2-2). ആദ്യ പകുതിയിൽ ഒരുഗോളിന് മുന്നിൽ നിന്ന ശേഷമാണ് നീലപട സമനില വഴങ്ങിയത്. 35ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സനിലൂടെയാണ് സന്ദർശകർ മുന്നിലെത്തിയത്. 50ാം മിനിറ്റിൽ റൊയേർസ്ലെവിലൂടെ ബ്രെൻഡ്‌ഫോർഡ് സമനില പിടിച്ചു. 69ാം മിനിറ്റിൽ യൊവാനെ വിസയിലൂടെ മത്സരത്തിൽ ലീഡ് നേടി. കോൾ പാൽമറിന്റെ ക്രോസിൽ ഹെഡ്ഡ് ചെയ്ത് പ്രതിരോധ താരം എക്‌സൽ ഡിസാസി(83) സമനില പിടിച്ചു.
ക്രിസ്റ്റൽ പാലസിനെതിരെ ഒരുഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ടോട്ടൻഹാം ജയം സ്വന്തമാക്കി. തിമോ വെർണർ(77), ക്രിസ്റ്റൻ റൊമേരോ(80), സൺ ഹ്യൂംമിൻ(88) എന്നിവരാണ് വലകുലുക്കിയത്. എബർചി ഇസെ(59) ക്രിസ്റ്റൽ പാലസിനായി ആശ്വാസഗോൾ നേടി. മറ്റു മത്സരങ്ങളിൽ വോൾവ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂകാസിൽ യുണൈറ്റഡ് കീഴടക്കി. അലക്‌സാണ്ടർ ഇസാക്, ആന്റണി ഗോൾഡൻ, ലിവർമെന്റോ എന്നിവരാണ് ഗോൾ സ്‌കോറർമാർ. 3-1ന് വെസ്റ്റ്ഹാം എവർട്ടനെയും എതിരില്ലാത്ത മൂന്ന് ഗോളിന് ഫുൾഹാം ബ്രൈട്ടനെയും വീഴ്ത്തി.