അല്‍തുമാമയില്‍ മൊറോക്കന്‍ വണ്ടര്‍; ബെല്‍ജിയത്തെ രണ്ടിന് മറിച്ചിട്ട് ആഫ്രിക്കന്‍ പട

ആദ്യ പകുതിയിൽ 'വാറി'ൽ പൊലിഞ്ഞ മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ കാർബൺ കോപ്പി ഷോട്ടിലായിരുന്നു ഗോൾ പിറന്നത്.

Update: 2022-11-27 16:39 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഖത്തറിൽ വീണ്ടും അട്ടിമറി. ഗ്രൂപ്പ് എഫിൽ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെ രണ്ടുഗോളിന് തകർത്ത് മൊറോക്കോ. പകരക്കാരായി ഗ്രൗണ്ടിലിറങ്ങിയ അബ്ദുൽ ഹമീദ് സാബിരിയും സകരിയ്യ അബൂഖ്‌ലാലുമാണ് മൊറോക്കോയുടെ ചരിത്രജയത്തിലേക്ക് ഗോളുതിർത്തത്.

ആദ്യ പകുതിയിൽ 'വാറി'ൽ തട്ടി പൊലിഞ്ഞ മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ കാർബൺ കോപ്പി ഷോട്ടിലായിരുന്നു ആദ്യഗോൾ പിറന്നത്. 73-ാം മിനിറ്റിൽ ബെൽജിയത്തിന്‍റെ ഫൗളിൽനിന്ന് കിട്ടിയ ഫ്രീകിക്കെടുത്തത് അബ്ദുൽ ഹമീദ് സാബിരി. ബോക്‌സിന്റെ വലതു കോർണറിൽനിന്ന് ബെൽജിയം പോസ്റ്റിലേക്ക് അളന്നുമുറിച്ച കിടിലൻ ഷോട്ട്. ഗോൾകീപ്പർ തിബോ കോർട്വോയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

അധിക സമയത്തായിരുന്നു രണ്ടാമത്തെ ഗോൾ. സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ സകരിയ്യ അബൂഖ്‌ലാലിന്റെ അതിമനോഹരമായ വലങ്കാലൻ ഷോട്ട് വീണ്ടും ബെൽജിയം വലകുലുക്കി. മൊറോക്കോ-2, ബെല്‍ജിയം-0. 

ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു മൊറോക്കോ അല്‍തുമാമയില്‍ ബെല്‍ജിയത്തോട് മുട്ടാനെത്തിയത്. എന്നാല്‍, ഈ മത്സരത്തിന് ഇങ്ങനെയൊരു അന്ത്യം ഫുട്ബോള്‍ ആരാധകരൊന്നും പ്രതീക്ഷിച്ചുകാണില്ല. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ നാല് പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് മൊറോക്കോ. മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് ഇനി ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടാനുള്ളതെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ആദ്യ പകുതിയിലുടനീളം ബെൽജിയത്തിൻറെ കരുത്തുറ്റ മുൻനിരയെ ഗോൾമുഖത്തടുപ്പിക്കാതെ കോട്ട കെട്ടുകയായിരുന്നു മൊറോക്കൻ പ്രതിരോധം. പലതവണ ബോക്‌സിനു തൊട്ടടുത്തു വരെയെത്തിയെങ്കിലും ഒരു തവണ മാത്രമാണ് ബെൽജിയത്തിന് ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് ഷോട്ടുതിർക്കാനായത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 'വാറി'ൽ പൊലിഞ്ഞ മനോഹരമായ ഫ്രീകിക്കിൽനിന്നായിരുന്നു രണ്ടാം പകുതിയുടെ വിസിൽ മുഴങ്ങിയതു മുതൽ മൊറോക്കോ തുടങ്ങിയത്. ആദ്യ പകുതിയിൽനിന്നു വ്യത്യസ്തമായി ഇത്തവണ ബെൽജിയം ഹാഫിൽ നിറഞ്ഞുകളിക്കുകയായിരുന്നു.

*****

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മൊറോക്കോ താരം നായിഫ് അഗ്വേർഡിന്റെ ഫൗളിൽ ബെൽജിയത്തിന് ഫ്രീകിക്ക്. ഇഡൻ ഹസാർഡ് എടുത്ത കിക്കിലൂടെ പക്ഷെ ടീമിന് നേട്ടമുണ്ടാക്കാനായില്ല. അഞ്ചാം മിനിറ്റിൽ ബെൽജിയത്തിനു മുന്നിൽ ആദ്യ അവസരം തുറന്നു. എന്നാൽ, മിച്ചി ബാറ്റ്ഷുവായിയുടെ ഷോട്ട് പുറത്തേക്ക്.

19-ാം മിനിറ്റിൽ തോമസ് മ്യൂനിയറിന്റെ ഷോട്ട് മൊറോക്കോ ഗോളി യാസീന് ബൗനോ കൈപിടിയിലൊതുക്കി. 28-ാം മിനിറ്റിൽ മൊറോക്കോയുടെ സാലിം അമല്ലാ ബോക്‌സിന്റെ മധ്യത്തിൽനിന്ന് തൊടുത്ത വലങ്കാലൻ ഷോട്ട് ലക്ഷ്യം കണ്ടില്ല. 29-ാം മിനിറ്റിൽ അമാദൗ ഒനാനയ്ക്ക് മഞ്ഞക്കാർഡ്.

35-ാം മിനിറ്റിൽ മൊറോക്കോയ്ക്ക് മികച്ചൊരു അവസരം തുറന്നുലഭിച്ചെങ്കിലും വലതു വിങ്ങിലൂടെയുള്ള ഹകീമിയുടെ മുന്നേറ്റം വിഫലമായി. ഹകീമി തൊടുത്ത ഹാഫ് വോളി പോസ്റ്റിൽനിന്ന് ഏറെ അകലെയായിരുന്നു.

ഇഞ്ചുറി ടൈമിലായിരുന്നു തോർഗൻ ഹസാർഡിന്റെ ഫൗളിൽ മൊറോക്കോയ്ക്കു മുന്നിൽ സുവർണാവസരം തുറന്നുകിട്ടിയത്. കിക്കെടുത്ത ഹകീം സിയെച്ച് മനോഹരമായൊരു ത്രൂബൗളിലൂടെ പന്ത് ബെൽജിയം വലയിലെത്തിച്ചു. എന്നാൽ, വാറിൽ മൊറോക്കോ പ്രതിരോധ താരം റൊമൈൻ സായിസ് ഓഫ്‌സൈഡാണെന്നു കണ്ടെത്തുകയായിരുന്നു.

ബെൽജിയം ലൈനപ്പ്: തിബോ കോർട്ട്വാ, തിമോത്തി കാസ്റ്റാനി, ജാൻ വെർട്ടൻഗെൻ, ടോബി ആൾഡിവെറെൽഡ്, തോമസ് മ്യൂനിയർ, ആക്‌സൽ വിറ്റ്‌സെൽ, അമാഡൗ ഒനാന, തോർഗൻ ഹസാർഡ്, കെവിൻ ഡി ബ്യൂയിൻ, ഈഡൻ ഹസാർഡ്, മിഷി ബാഷ്വായി.

മൊറോക്കോ ലൈനപ്പ്: യാസീൻ ബൗനോ, അഷ്‌റഫ് ഹകീമി, നൗസൈർ മസ്‌റൂഇ, സുഫ്‌യാൻ അമ്രബാത്, നായിഫ് അഗ്വേഡ്, റൊമൈൻ സായ്‌സ്, ഹകീം സിയെച്ച്, അസ്സെദ്ദീൻ ഒനാഹി, സെലീം അമല്ലാ, സൗഫിയാൻ ബൗഫൽ, യൂസുഫ് അൽനെസൈരി.

Summary: FIFA World Cup 2022 -Belgium vs Morocco live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News