ഘാന ഗംഭീരം; പോര് ജയിച്ച് പോർച്ചുഗൽ

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോറർ റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Update: 2022-11-24 19:49 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഘാനയും ഗംഭീരമായി കളിച്ച മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക്‌ ജയിച്ച് പോർച്ചുഗൽ. റഅ്സ് അബൂ അബൂദിൽ(സ്റ്റേഡിയം 974) നടന്ന ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടിവരും. ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഗോളടിമേളമായിരുന്നു. പെനാൽട്ടിയിലൂടെ പോർച്ചുഗൽ നേടിയ ലീഡിന് മിനിട്ടുകളുടെ മാത്രം ആയുസ്സാക്കി ഘാന തിരിച്ചടിച്ചെങ്കിലും പറങ്കിപ്പട വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അധികം വൈകാതെ മൂന്നാം ഗോളുമടിച്ചു.

65ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽട്ടി ഗോൾ നേടിയപ്പോൾ 73ാം മിനുട്ടിൽ ഘാന തിരിച്ചടിച്ചു. ആൻഡ്രേ ഐയ്‌വിലൂടെയായിരുന്നു ഘാനയുടെ തിരിച്ചടി. 71ാം മിനുട്ടിൽ ഖുദ്‌സിൻറ കിടിലൻ മുന്നേറ്റം ഗോളിയുടെ കൈകളിൽ അവസാനിച്ചെങ്കിൽ തൊട്ടുടൻ തന്നെ ഘാന ഗോൾവല കുലുക്കുകയായിരുന്നു. പിന്നീട് ജോവേ ഫെലിക്‌സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. അധികം വൈകാതെ 89ാം മിനുട്ടിൽ ഒസ്മാൻ ബുഖാരി ഘാനയുടെ സ്‌കോർ ബോർഡിൽ ഒരു ഗോൾ കൂടി ചേർത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനുട്ടിലാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്. 

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. നിരവധി അർധാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്ന ക്രിസ്റ്റിയാനോ 30ാം മിനുട്ടിൽ വല കുലുക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല. അലക്‌സാണ്ടർ ഡിജിക്യൂവിനെ ക്രിസ്റ്റിയാനോ ഫൗൾ ചെയ്തതായിരുന്നു കാരണം. ജോവേ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ചായിരുന്നു റൊണാൾഡോ ഷോട്ടുതിർത്തത്.

അതിനിടെ, മത്സരത്തിലെ 45ാം മിനുട്ടിൽ ജോവോ കാൻസെലോയെ ഫൗൾ ചെയ്തതിന് മുഹമ്മദ് ഖുദ്‌സിന് മഞ്ഞ കാർഡ് കാണേണ്ടി വന്നു. ആൻഡ്രേ ഐയ്‌വിനും മഞ്ഞക്കാർഡ് വാങ്ങേണ്ടി വന്നു. പോർച്ചുഗലിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഒട്ടാവിയോയെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. ആദ്യ പകുതിയിൽ 70 ശതമാനം സമയവും പന്ത് കൈവശം വെച്ചത് പോർച്ചുഗലായിരുന്നു. ബാക്കി 30 ശതമാനം മാത്രമാണ് ഘാന കളി നിയന്ത്രിച്ചത്. പോർച്ചുഗലിന്റെ പാസ് കൃത്യത 91 ശതമാനവും ഘാനയുടേത് 78 ശതമാനവുമായിരുന്നു.

രണ്ടാം പകുതിൽ ഒരുങ്ങിയിറങ്ങിയ ഘാനയെയാണ് കളിക്കളത്തിൽ കണ്ടത്. അതിഗംഭീര മുന്നേറ്റത്തിലൂടെ ഘാനയുടെ ആദ്യ ഗോൾഷോട്ട് അലിഡു സെയ്ദു ഉതിർത്തെങ്കിലും ചെറിയ വ്യത്യാസത്തിൽ പോസ്റ്റിന് പുറത്തേക്ക് പോയി. 57ാം മിനുട്ടിൽ സെയ്ദു മഞ്ഞക്കാർഡും കണ്ടു. ജോവോ ഫെലിക്‌സിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി.

പോർച്ചുഗൽ-ഘാന മത്സരത്തിന്റെ അന്തിമ ലൈനപ്പ് പുറത്തുവന്നിരുന്നു. 4-3-3 ശൈലിയിലാണ് ഫെർനാൻഡോ സാന്റോസ് ടീമിനെ മൈതാനത്തിറക്കുന്നത്. ഘാന 3-6-1 ശൈലിയിലും.

പോർച്ചുഗൽ ലൈനപ്പ്: ഡിയോഗോ കോസ്റ്റ, ജോവോ കാൻസെലോ, ഡാനിലോ പെരേര, റൂബൻ ഡിയസ്, റാഫേൽ ഗുറൈറോ, റൂബൻ നെവസ്, ബെർനാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഒറ്റാവിയോ, ജോവോ ഫെലിക്‌സ്, ക്രിസ്റ്റിയാനോ റൊണാൾഡോ.

ഘാന ലൈനപ്പ്: ലോറൻസ് ആതി-സിഗി, അബ്ദുൽ റഹ്മാൻ ബാബ, ഡാനിയേൽ അമേർട്ടി, അലെക്‌സാണ്ടർ ജികു, മുഹമ്മസ് സാലിസു, അലിദു സെയ്ദു, തോമസ് പാർട്ടി, സാലിസ് അബ്ദുൽ സമദ്, മുഹമ്മദ് കുദുസ്, ആൻഡ്രെ അയെ, ഇനാകി വില്യംസ്

****

2018ലെ റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരംപോലൊരു സമ്മോഹനമായ തുടക്കത്തിനാണ് പോർച്ചുഗീസ്-ക്രിസ്റ്റിയാനോ ആരാധകർ കാത്തിരുന്നത്. കരുത്തരായ സ്പെയിനിനെതിരെ അന്ന് പോർച്ചുഗൽ മൂന്ന് ഗോളാണ് അടിച്ചത്. മൂന്നും പിറന്നത് ക്രിസ്റ്റിയാനോയുടെ 'ഗോൾഡൻ' ബൂട്ടിൽനിന്ന്. നാലാം മിനിറ്റിൽ പെനാൽറ്റി കൊണ്ട് തുടങ്ങിയ താരം 44-ാം മിനിറ്റിൽ മറ്റൊരു മനോഹരഗോളിലൂടെ ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 88-ാം മിനിറ്റിൽ നിർണായക നിമിഷത്തിൽ വീണ്ടും രക്ഷകനായി അവതരിച്ചു. മത്സരം 3-3ന് സമനിലയിൽ പിരിയുകയും ചെയ്തു.

ഇന്ന് ഗോൾ നേടിയതോടെ നിരവധി റെക്കോർഡുകളാണ് താരം നേടിയിരിക്കുന്നത്. ലോകകപ്പിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായമേറിയ താരമായിരിക്കുകയാണ്‌ ക്രിസ്റ്റ്യാനോ. നിലവിൽ 37 വയസാണ് താരത്തിനുള്ളത്. അതിലേറെ പ്രധാനം അഞ്ച് ലോകകപ്പുകളിലും ഗോളടിക്കുന്ന ആദ്യത്തെ താരവുമായിരിക്കുകയാണ്‌.  

Summary: FIFA World Cup 2022: Portugal vs Ghana live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News