ഖത്തര്‍ ലോകകപ്പില്‍ മത്സര സമയം 100 മിനുട്ടോ...? വ്യക്തത വരുത്തി ഫിഫ
മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഫിഫ വ്യക്തമാക്കി.
വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനുട്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഫിഫ വ്യക്തമാക്കി. അത്തരമൊരു കാര്യം നടപ്പിലാക്കുകയാണെങ്കില്‍ത്തന്നെ അത് ഖത്തര്‍ ലോകകപ്പ് കഴിഞ്ഞിട്ടാകുമെന്നും ഫിഫ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.
ഓരോ നാല് വർഷത്തിലും ലോകകപ്പ് നടത്തുന്നതിന് പകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താൻ ആലോചന ഉണ്ടെന്ന് ഫിഫ അറിയിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫുട്ബോളിലെ നിശ്ചിത സമയത്തില്‍ പത്ത് മിനുട്ട് കൂടി കൂട്ടാനും നിര്‍ദേശങ്ങളുണ്ടെന്ന് ഫിഫ വ്യക്തമാക്കിയത്.
ഫുട്‌ബോള്‍ മത്സരങ്ങളുടെ സമയം 90 മിനിറ്റില്‍ നിന്ന് 100 മിനിറ്റായി വര്‍ധിപ്പിക്കണം എന്ന നിര്‍ദേശം ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ മുന്‍പോട്ട് വെച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ട് പകുതികളിലെയും ഇഞ്ചുറി ടൈം നിശ്ചയിക്കുന്നത് റഫറിയാണ്. ഇതിനുപകരമായി 10 മിനുട്ട് എല്ലാ മത്സരങ്ങള്‍ക്കും എക്‌സട്രാ ടൈം ആയി നല്‍കാനായിരുന്നു ഫിഫയുടെ ആലോചന. ഇക്കാര്യത്തില്‍ ആണ് ഇപ്പോള്‍ വ്യക്തത വരുത്തി ഫിഫ തന്നെ രംഗത്തുവന്നിരിക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് കഴിയുന്നതുവരെ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ഫിഫയുടെ പ്രതികരണം.
ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള ഫുട്ബോളിലെ പ്രധാപ്പെട്ട ലീഗ് മത്സരങ്ങളില്‍ 60 ശതമാനത്തോളം സമയം മാത്രമാണ് കളി നടക്കുന്നതെന്നും മറ്റ് കാര്യങ്ങള്‍ക്കാണ് കൂടുതല്‍ സമയം ചെലവാകുന്നതെന്നും സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു .