മെസ്സിയെത്തിയിട്ടും രക്ഷയില്ല; ഫ്രഞ്ച് ലീഗിനെ തരംതാഴ്ത്തി യുവേഫ

ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഒന്നാം സ്ഥാനത്ത്.

Update: 2021-08-27 11:55 GMT
Editor : abs | By : Sports Desk
Advertising

ഇതിഹാസ താരം ലയണൽ മെസ്സി ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിൽ എത്തിയതിന്റെ ആരവം കെട്ടടങ്ങും മുമ്പ് ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിന് തിരിച്ചടി. യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ നിന്ന് ലീഗ് വൺ പുറത്തായി. പോർച്ചുഗീസ് ലീഗാണ് ലീഗ് വണ്ണിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡും ബാഴ്സലോണയും ഉൾപ്പെടുന്ന ലാ ലീഗ രണ്ടാം സ്ഥാനത്തും സീരി എ മൂന്നാം സ്ഥാനത്തും. ജർമൻ ബുണ്ടസ് ലീഗ നാലാമതും പോർച്ചുഗീസ് ലീഗ് അഞ്ചാമതും. ആറാമതാണ് ഫ്രഞ്ച് ലീഗ്. ഡച്ച് ലീഗാണ് ഏഴാം സ്ഥാനത്ത്.

യുവേഫ വെബ്സൈറ്റ് പ്രകാരം 87.926 പോയിന്റാണ് പ്രീമിയർ ലീഗിനുള്ളത്. ലാലീഗയ്ക്ക് 80.570 ഉം സീരി എയ്ക്ക് 63.616 ഉം പോയിന്റുണ്ട്. ബുണ്ടസ് ലീഗ 61.427, പോർച്ചുഗൽ ലീഗ് 44.216, ലീഗ് വൺ 43.581 എന്നിങ്ങനെയാണ് മറ്റു ലീഗുകളുടെ പോയിന്റ് നില. മൊത്തം 55 ലീഗുകളാണ് യുവേഫ പട്ടികയിലുള്ളത്. യൂറോപ്യൻ മത്സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ലബുകളുടെ പോയിന്റ് നിശ്ചയിക്കുന്നത്. 

അതേസമയം, മെസ്സിയുടെ വരവ് ലീഗ് വണ്ണിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് കരുതപ്പെടുന്നു. 2017ൽ നെയ്മർ വന്നതോടെ ലീഗിന്‍റെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നിരുന്നു. 7800 കോടി രൂപയിൽനിന്ന് 10800 കോടിയായാണ് മൂല്യം വർധിച്ചിരുന്നത്. ക്ലബ്ബിന്റെയും ലീഗിന്റെയും വരുമാനത്തിലും വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ, ഫ്രഞ്ച് ലീഗിന്റെയും പി.എസ്.ജി.യുടെയും ജനപ്രീതിയിലും കുതിച്ചുചാട്ടമുണ്ടാകും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Sports Desk

contributor

Similar News