മൊറോക്കോയോട് തോറ്റതിന്റെ അരിശം; ഡഗൗട്ട് തല്ലിപ്പൊളിച്ച് കോർട്വോ : വീഡിയോ
തോൽവിക്ക് ശേഷം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ഫുട്ബാൾ ആരാധകർ അക്രമം അഴിച്ചുവിട്ടിരുന്നു
ദോഹ: ലോകകപ്പിൽ മൊറോക്കോയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ കലിപ്പിലാണ് ബെൽജിയം ടീം അംഗങ്ങളും ആരാധകരും. കെവിൻ ഡിബ്രൂയിനും ഏഡൻ ഹസാർഡും റൊമേലു ലുകാകുവും തിബോ കോർട്വോയുമെല്ലാം അടങ്ങിയ വമ്പൻ താരനിരയെയാണ് ഹക്കീമിയുടെ നേതൃത്വത്തിലുള്ള മൊറോക്കോ മുട്ടുകുത്തിച്ചത്.
കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ബെൽജിയം ഗോളി തിബോ കോർട്വോ ഡഗൗട്ടിനോട് കലിപ്പ് തീർക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡഗൗട്ടിന്റെ കവചത്തിന് ശക്തമായി ഇടിച്ചാണ് അദ്ദേഹം നടന്നുനീങ്ങിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോൽവിക്ക് ശേഷം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ഫുട്ബാൾ ആരാധകർ അക്രമം അഴിച്ചുവിട്ടിരുന്നു.
ബെൽജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് അട്ടിമറിച്ചത്. രണ്ടാം പകുതിയിൽ അബ്ദുൽഹമീദ് സബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ഗോളുകൾ നേടിയത്. ഇതോടെ നാല് പോയന്റോടെ പട്ടികയിൽ രണ്ടാമതെത്താൻ മൊറോക്കക്കായി. ആദ്യ മത്സരത്തിൽ അവർ ക്രൊയേഷ്യയെ സമനിലയിൽ തളച്ചിരുന്നു. ആദ്യ മത്സരത്തിൽ കാനഡയെ മറികടന്ന ബെൽജിയം മൂന്ന് പോയന്റോടെ മൂന്നാം സ്ഥാനത്താണ്.
ആദ്യ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചതോടെ ഗ്രൂപ്പ് എഫിൽ നാല് പോയിന്റുമായി ക്രൊയേഷ്യ ഒന്നാം സ്ഥാനത്തുണ്ട്. രണ്ട് കളികൾ തോറ്റതോടെ കാനഡ പ്രീക്വാർട്ടർ കാണാതെ പുറത്തായി.