'പണം ഏറെ വേണം'; അർജന്റീനൻ താരം ഗുസ്താവോ ബ്ലാങ്കോ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഇല്ല
ട്രാൻസ്ഫർ മാർക്കറ്റിൽ 6.4 കോടി ഇന്ത്യൻ രൂപയായിരുന്നു മുപ്പത്തിയൊന്നുകാരനായ ബ്ലാങ്കോയുടെ മാർക്കറ്റ് മൂല്യം.
കൊച്ചി: അർജന്റീനൻ താരം ഗുസ്താവോ ബ്ലാങ്കോ കേരള ബ്ലാസ്റ്റേഴ്‌സിലേക്കില്ല. അർജന്റീൻ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് താരത്തിന്റെ പ്രവേശം നിഷേധിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത് എത്തിയത്.
ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് ആധികാരിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാർക്കസ് മെർഗുൽഹാവോയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടീ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാങ്കോയെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നുവെന്നും സ്പാനിഷ് ക്ലബ്ബ് എസ്.ഡി ഐബറുമായി സംസാരിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ട്രാൻസ്ഫർ മാർക്കറ്റിൽ 6.4 കോടി ഇന്ത്യൻ രൂപയായിരുന്നു മുപ്പത്തിയൊന്നുകാരനായ ബ്ലാങ്കോയുടെ മാർക്കറ്റ് മൂല്യം.
നിലവിൽ 2024 ജൂൺ വരെയാണ് താരത്തിന് സ്പാനിഷ് ക്ലബ്ബിൽ കരാറുള്ളത്. ഒരു വര്‍ഷം സ്പെയിനില്‍ തന്നെ താരത്തിന് ബാക്കിയിരിക്കെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തണമെങ്കില്‍ വന്‍തുക ട്രാന്‍സ്ഫര്‍ ഫീയും നല്‍കണം. നിലവിലെ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സിന് അത് താങ്ങില്ല. അതേസമയം ആരാധകർക്ക് വലിയ പ്രതീക്ഷകൾ സമ്മാനിക്കുന്ന കുറച്ച് സൈനിങ്ങുകൾ പുതിയ സീസണിൽ ക്ലബ്ബ് നടത്തിക്കഴിഞ്ഞിരുന്നു. ഏറ്റവും അവസാനം മോണ്ടിനഗ്രോയിൽ നിന്നുള്ള പ്രതിരോധ താരമായ മിലോസ് ഡ്രിൻസിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചത്.
അതേസമയം പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. സെപ്റ്റംബർ 5 മുതൽ 16 വരെയുള്ള പതിനൊന്ന് ദിവസത്തെ പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. യു.എ.ഇ പ്രോ ലീഗ് ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. അതിനാല്‍ കളിക്കാര്‍ക്ക് പരസ്പരം മനസിലാക്കാനും മാനേജ്‌മെന്റിന് ടീമിന്റെ ആഴം വിലയിരുത്താനുമുള്ള അവസരമായി മാറും.
Gustavo Blanco is not joining Kerala Blasters https://t.co/wk3oCSBk1m
— Marcus Mergulhao (@MarcusMergulhao) August 17, 2023