'അതൊക്കെ അപ്പോൾ സംഭവിക്കുന്നത്, എനിക്ക് തന്നെ ഇഷ്ടമില്ല': തുറന്ന് പറഞ്ഞ് മെസി
'മത്സരത്തിന് മുമ്പ് ടീം അംഗങ്ങളാണ് വാൻഗാള്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തിയത്. എന്തായാലും അതൊക്കെ കഴിഞ്ഞു'
പാരിസ്: വാശിയേറിയ പോരാട്ടമായിരുന്നു ഖത്തർലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ. പെനൽറ്റി ഷൂട്ടൗട്ട് വിധിയെഴുതിയ മത്സരത്തിൽ അർജന്റീനൻ താരങ്ങളുടെ പ്രത്യേകിച്ച് ലയണൽ മെസിയുടെ പെരുമാറ്റം വിമർശനം ക്ഷണിച്ച് വരുത്തിയിരുന്നു. നെതർലാൻഡ്‌സ് പരിശീലകൻ ലൂയിസ് വാൻഗാളിനോടും സ്‌ട്രൈക്കർ വെഗോസ്റ്റിനോടും മെസി തന്റെ ദേഷ്യം തീര്‍ത്തിരുന്നു.
അതുവരെ അറിഞ്ഞ മെസിയായിരുന്നില്ല ആ മത്സരത്തിൽ. എന്നാൽ അന്നത്തെ സംഭവങ്ങൾ ഓർക്കാൻ ഇഷ്ടമില്ലെന്ന് പറയുകയാണ് മെസി. 'ഇപ്പോൾ അതിനെക്കുറിച്ച് ഓർക്കുന്നില്ല, അതൊക്കെ ആ നിമിഷത്തിൽ വന്ന് പോയതാണ്'- പാരീസിലെ ഒരു റേഡിയോ ഷോ പരിപാടിയിൽ മെസി വ്യക്തമാക്കി. ഇതാദ്യമായാണ് മെസി ലോകകപ്പിലെ സംഭവങ്ങൾ വിവരിക്കുന്നത്.
'മത്സരത്തിന് മുമ്പ് ടീം അംഗങ്ങളാണ് വാൻഗാള്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തിയത്. എന്തായാലും അതൊക്കെ കഴിഞ്ഞു, ഇപ്പോൾ ഞാൻ അതൊന്നും ഇഷ്ടപ്പെടുന്നില്ല. വലിയ പിരിമുറുക്കത്തിന്റെയും അസ്വസ്ഥതകളുടെയും നിമിഷങ്ങളിലൂടെയാണ് അപ്പോൾ കടന്നുപോകുക, കാര്യങ്ങളൊക്കെ വേഗത്തിൽ സംഭവിക്കും'-മെസി പറഞ്ഞു.ഒരാൾ പ്രതികരിക്കുന്ന രീതിയിലാകും പെരുമാറ്റം, മുൻകൂട്ടിയായിരിക്കില്ല ഒന്നും-മെസി കൂട്ടിച്ചേർത്തു.
കൊണ്ടുംകൊടുത്തുമുള്ള പോരാട്ടമായിരുന്നു അർജന്റീനയും നെതർലാൻഡും തമ്മിലെ മത്സരം. നാല് ഗോളുകൾ പിറന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ അർജന്റീന സെമി ടിക്കറ്റ് നേടുകയായിരുന്നു. ആദ്യം രണ്ട് ഗോളുകൾ അടിച്ച് അർജന്റീന ലീഡ് എടുത്തെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകളും മടക്കി നെതർലാൻഡ്‌സ് തിരിച്ചുവന്നു. മത്സരം എക്‌സ്ട്രാ ടൈമും കടന്ന് പെനൽറ്റി ഷൂട്ടൗട്ടിലാണ് അന്തിമ ഫലമായത്.
മത്സരത്തിലെ മെസിയുടെ ആഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു. വാന്‍ഗാളിന് നേരെ നിന്നുകൊണ്ട് റിക്വില്‍മിയുടെ ടോപ്പോ ഗിഗിയോ ഗോളാഘോഷം മെസ്സി അനുകരിക്കുകയായിരുന്നു. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയതല്ല ഇതെന്നും അപ്പോള്‍ സംഭവിച്ചുപോയതാണെന്നുമാണ് മെസി പറയുന്നത്.