'ഞങ്ങൾ ലോകകപ്പൊന്നും നേടിയില്ലെന്നറിയാം'; കളി കാണാനെത്താത്ത ആരാധകരെ ട്രോളി രാഹുൽ കെ പി
വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്കുയർന്നു
കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് ഞായറാഴ്ച കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഴുതിതള്ളിയയിടത്തുനിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്. എഫ്.സി ഗോവക്കെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മഞ്ഞപ്പട കംബാക് നടത്തിയത്. മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ എത്താത്ത ആരാധകരെ ട്രോളി ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുൽ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളികാണാതിരുന്നത് വലിയ നഷ്ടമായെന്ന് താരം ഓർമിപ്പിച്ചത്. 'ഞങ്ങൾ ലോകകപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാൽ സ്റ്റേഡിയത്തിൽ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് മൗനം ആചരിക്കാം'. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.
തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കുയരുകയും ചെയ്തു. സ്വന്തം തട്ടകത്തിൽ കളി കാണാൻ മഞ്ഞക്കടലിരമ്പമുണ്ടായിരുന്നെങ്കിലും ആദ്യമത്സരത്തിലേതിന് സമാനമായി സ്റ്റേഡിയം ഹൗസ്ഫുളായിരുന്നില്ല. തുടർ തോൽവികളെ തുടർന്ന് ആരാധകരുടെ വിമർശനവും അടുത്തിടെ ടീം നേരിട്ടിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മലയാളി മുന്നേറ്റതാരത്തിന്റെ പ്രതികരണം.
എട്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഗോവയുടെ ആദ്യ ഗോൾ എത്തിയത്. 17ാം മിനിറ്റിൽ സന്ദർശകർ രണ്ടാമതും വലകുലുക്കി. രണ്ടാം പകുതിയിൽ 51ാം മിനിറ്റിൽ ജാപ്പനീസ് സ്‌ട്രൈക്കർ സക്കായിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ലീഡ് നേടിയത്. മറ്റു മൂന്ന് ഗോളുകളും വന്നത് അവസാന പത്തുമിനിറ്റിൽ. 81ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ഡയമന്റകോസ് സ്‌കോർ 2-2 സമനിലയിലാക്കി. 84ാം മിനിറ്റിൽ ഡയമന്റകോസ് വീണ്ടും സ്‌കോർ ചെയ്തു. ഇടതുവിങിൽ നിന്ന് മുഹമ്മദ് ഐമന്റെ ക്രോസിലാണ് ആദ്യമായി മലയാളി ക്ലബിനെ മുന്നിലെത്തിച്ചത്. 88ാം മിനിറ്റിൽ ഫെഡോർ സെർണിചിലൂടെ ഗോൾ നേട്ടം നാലാക്കി ഉയർത്തി. ഇതോടെ ഗ്യാലറിയിലെ മഞ്ഞക്കടലിരമ്പം പൊട്ടിതെറിച്ചു.