ഐ ലീഗിൽ സ്വന്തം തട്ടകത്തിൽ ഗോകുലത്തെ സമനിലയിൽ കുരുക്കി ഐസ്വാൾ; 1-1
ശനിയാഴ്ച ചർച്ചിൽ ബ്രദേഴ്‌സുമായാണ് ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം
Update: 2024-12-03 17:02 GMT
കോഴിക്കോട്: ഐലീഗിൽ സീസണിലെ ആദ്യ ഹോം മാച്ചിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. കോർപറേഷൻ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് ക്ലബ് ഐസ്വാൾ എഫ്.സിയാണ് (1-1) മുൻ ചാമ്പ്യൻമാരെ പിടിച്ചുകെട്ടിയത്. 13ാം മിനിറ്റിൽ ലാൽറിൻഫെലയിലൂടെ സന്ദർശകർ മുന്നിലെത്തി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പി.പി റിഷാദിലൂടെ(45+1 ഗോകുലം ഒപ്പംപിടിച്ചു. സമനിലയോടെ കേരള ക്ലബ് പോയന്റ് ടേബിളിൽ നാലാംസ്ഥാനത്തേക്കിറങ്ങി. ഐസ്വാൾ എഫ്.സിയാണ് മൂന്നാമത്.
രണ്ടാം പകുതിയിൽ വിജയഗോൾ നേടാനുള്ള അവസരങ്ങൾ ഗോകുലം നഷ്ടപ്പെടുത്തി. സ്പാനിഷ് താരം ആബെലേഡോയുടെ നിരവധി ഷോട്ടുകൾ പോസ്റ്റിലുരസി മടങ്ങി. സീസണിൽ മുൻ ചാമ്പ്യൻമാരുടെ രണ്ടാം സമനിലയാണ്. ശനിയാഴ്ച സ്വന്തം തട്ടകത്തിൽ ചർച്ചിൽ ബ്രദേഴ്‌സുമായാണ് അടുത്ത മത്സരം.