സലാഹിനെ കൈവിട്ട് കളഞ്ഞാല്‍ നഷ്ടം ആന്‍ഫീല്‍ഡിന്
പെപ് ഗാർഡിയോളയുടെ സംഘത്തിനെതിരെ ആൻഫീൽഡിൽ ഇന്നലെ പോരിനിറങ്ങുമ്പോൾ എല്ലാ കണ്ണുകളും നീണ്ടത് സലാഹിലേക്കാണ്
'മോ സലാഹ് റണ്ണിങ് ഡൗൺ ദ വിങ്... ദ ഈജിപ്ഷ്യൻ കിങ്..'' ആൻഫീൽഡ് ഗാലറികള്‍ ഉച്ചത്തില്‍ പാടിത്തുടങ്ങുകയായിരുന്നു. ''അയാളിങ്ങനെ ഗോളടിച്ച് കൂട്ടുന്നുണ്ട്. അതേറെക്കുറേ ബോറിങ് ആയി തുടങ്ങിയിരിക്കുന്നു. ദയവ് ചെയ്ത് അയാളെ ഇവിടെ നിന്ന് പറിച്ച് മാറ്റരുത്'' ഗാലറികൾ ഇങ്ങനെ ആവർത്തിച്ച് കൊണ്ടേയിരുന്നു. 32 വയസുണ്ട് സലാഹിന്. ഏറെക്കുറെ തന്‍റെ കളിക്കാലങ്ങളുടെ സായാഹ്നത്തിലാണയാള്‍.
പക്ഷെ പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെ പോലെ സലാ ഇംഗ്ലീഷ് മൈതാനങ്ങളിൽ തന്റെ വേഗപ്പാച്ചിലുകൾ തുടരാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ആൻഫീൽഡ് അയാളെ വിട്ട് കളയുമോ എന്ന ഭയം ആരാധകരുടെ മനസ്സിലിപ്പോൾ ഉറഞ്ഞ് കൂടിത്തുടങ്ങിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ലിവർപൂൾ മാനേജ്‌മെന്റിനെതിരെ സലാഹ് നടത്തിയ തുറന്ന് പറച്ചിലുകൾ അവരുടെ ആദിയേറ്റുന്നുണ്ടാവും.
ടീമിൽ ഉണ്ടായിട്ടും താനിപ്പോൾ ടീമിൽ ഇല്ലാത്തനവനെ പോലെയാണെന്നാണ് കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അയാള്‍ മറുപടിയായി നൽകിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നിലൂടെയാണയാളിപ്പോൾ സഞ്ചരിക്കുന്നത്. എന്നാൽ ലിവർപൂൾ മാനേജ്‌മെന്റ് ഇനിയും താരവുമായുള്ള കരാർ പുതുക്കാൻ തയ്യാറായിട്ടില്ല.
''ഉടനെ വിരമിക്കാൻ ഒന്നും തീരുമാനിച്ചിട്ടില്ല. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ആൻഫീൽഡ് ഷെൽഫിലെത്തിക്കണം. എന്നാൽ ഞാനേറെ നിരാശനാണിപ്പോൾ'' സലാഹ് പറഞ്ഞുവച്ചു
പെപ് ഗാർഡിയോളയുടെ കളിക്കൂട്ടത്തിനെതിരെ ആൻഫീൽഡിൽ ഇന്നലെ പോരിനിറങ്ങുമ്പോൾ എല്ലാ കണ്ണുകളും നീണ്ടത് അയാളിലേക്ക് മാത്രമാണ്. ഒടുവിൽ കളിയാരംഭിച്ച് തുടങ്ങിയത് മുതൽ വലതുവിങ്ങിലൂടെ സലാഹിന്റെ വേഗപ്പാച്ചിലുകൾ ആരംഭിച്ചു. പലപ്പോഴും സിറ്റി ഗോൾമുഖം ആടിയുലഞ്ഞു. ഒടുവിൽ 12ാം മിനിറ്റിൽ കെയിൽ വാക്കറുടെ കോട്ട പൊളിഞ്ഞു. ഗോൾമുഖത്തേക്ക് അലക്‌സാണ്ടർ അർനോൾഡ് നീട്ടിയ ഡയഗണൽ ബോൾ പിടിച്ചെടുക്കാനായി സലാഹ് നടത്തിയ വേഗപ്പാച്ചിലൊന്ന് മതി അയാൾക്കുള്ളിലെ കെടാത്ത കനലിനെത്ര വീര്യമുണ്ടെന്ന് മനസിലാക്കാൻ. ഗോൾ മുഖത്ത് അകാഞ്ചി ഗാർഡെടുത്തു. ഒരുവേള താൻ നിറയൊഴിക്കുമെന്ന് കരുതിയ സിറ്റി പ്രതിരോധത്തെ മുഴുവൻ കബളിപ്പിച്ചയാൾ ഗാക്‌പോക്ക് പന്തിനെ നീട്ടി. സിറ്റി ക്യാപ്റ്റൻ കെയിൽ വാക്കർക്ക് പിറകിലൂടെ പാഞ്ഞാണ് ഗാക്‌പോ പന്തിനെ വലക്കുള്ളിലേക്ക് അടിച്ച് കയറ്റിയത്. സിറ്റി പ്രതിരോധത്തിലെ ദൌര്‍ബല്യങ്ങളെ മുഴുവന്‍ ആ ഗോള്‍ വലിച്ച് പുറത്തിട്ടു.
ആ നിമിഷത്തിന് മുമ്പേ സിറ്റി ഗോൾവല പലവുരു കുലുങ്ങേണ്ടതാണ്. പോസ്റ്റിലിടിച്ച് മടങ്ങിയ വാൻഡെക്കിന്റെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറടക്കം ദൗർഭാഗ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് പോയ എണ്ണം പറഞ്ഞ അവസരങ്ങൾ. വാൻഡെക്കിന്റെ തല പിന്നെയും പലവുരു സിറ്റി ഗോൾമുഖത്ത് ഭീതിവിതക്കുന്നത് കണ്ടു. രണ്ടാം പകുതിയിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ സലാഹ് ഒരു സുവർണാവസരം കളഞ്ഞു കുളിച്ചു. ഇതൊക്കെ സംഭവിക്കുമ്പോഴും സിറ്റി ആൻഫീൽഡിലെ ചിത്രത്തിലുണ്ടായിരുന്നില്ല. ആദ്യ 20 മിനിറ്റിൽ മാത്രം ഫൈനൽ തേഡിൽ ലിവർപൂൾ 39 ടച്ചുകൾ നടത്തിക്കഴിഞ്ഞിരുന്നെങ്കിൽ സിറ്റി വെറും അഞ്ച് ടച്ചുകൾ മാത്രമാണ് നടത്തിയത്.
എർലിങ് ഹാളണ്ടിനെ കാണാൻ കിട്ടിയിരുന്നെങ്കിൽ എന്ന് സിറ്റി ആരാധകരുടെ മനസ് മന്ത്രിച്ചിട്ടുണ്ടാവും. പന്തുമായി ഗോൾമുഖത്തേക്ക് അയാൾ നടത്തിയ മുന്നേറ്റങ്ങളെ അനായാസം ലിവർപൂൾ താരങ്ങൾ പ്രതിരോധിക്കുന്നത് കാണാമായിരുന്നു. വാൻഡെക്കിന്റെ പോക്കറ്റിലായിരുന്നു പലപ്പോഴുമയാൾ. 90 മിനിറ്റിനിടയിൽ ആകെ പതിനാറ് തവണയാണ് ഹാളണ്ട് ആൻഫീൽഡിൽ പന്ത് ടച്ച് ചെയ്തത്.
ഡഗ്ഗൗട്ടിൽ നിസ്സഹായനായിരിക്കുന്ന പെപ്. നാളെ രാവിലെ നിങ്ങളെ സിറ്റി പുറത്താക്കുമെന്ന് അയാളെ നോക്കി ആൻഫീൽഡ് ഗാലറി പാടി. തനിക്ക് ആറ് കിരീടങ്ങളുണ്ടെന്ന് കൈവിരൽ കാണിച്ച് അയാൾ മറുപടി നൽകി. പെപിനെ ആൻഫീൽഡിന്റെ ചിത്രത്തിൽ ആദ്യമായും അവസാനമായും കണ്ടതപ്പോഴാണ്. ഇക്കുറി മുഖം മാന്തിപ്പൊളിക്കാനൊന്നുമില്ല. തുടർച്ചയായി കഴിഞ്ഞ നാല് തവണ കിരീടം ചൂടിയ സിറ്റിയുടെ നിഴൽ പോലും ഇപ്പോൾ മൈതാനങ്ങളിൽ ഇല്ലെന്ന് അയാൾക്ക് നന്നായറിയാം. വിടാതെ വേട്ടയാടുന്ന പരിക്കുകളാണ് തുടർ തോൽവികൾക്ക് കാരണമെന്ന് പറഞ്ഞു വക്കാമെങ്കിലും പകരക്കാരായി ഇറക്കിയവരൊന്നും മോശക്കാരാണെന്ന് പെപ്പിന് പോലും അഭിപ്രായമുണ്ടാവില്ലല്ലോ.
78ാം മിനിറ്റിൽ സലാഹിന്റെ ഗോളിൽ ആൻഫീൽഡ് ഒരിക്കൽ കൂടി ചുവന്ന് തുടുക്കുമ്പോൾ കളിയുടെ വിധിയെഴുതപ്പെട്ട് കഴിഞ്ഞിരുന്നു. പ്രീമിയർ ലീഗിൽ ലിവർപൂളിനായി സലാഹിന്റെ 11ാം ഗോൾ. ഗാക്‌പോക്ക് നൽകിയ അസിസ്റ്റ് സീസണിലെ താരത്തിന്റെ ഏഴാമത്തെ അസിസ്റ്റായിരുന്നു. രണ്ട് പട്ടികയിലും രണ്ടാം സ്ഥാനത്ത്. ഇത് 36ാം തവണയാണ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സലാഹ് ഗോളും അസിസ്റ്റുമായി കളംനിറയുന്നത്. ഇക്കാര്യത്തിൽ വെയിൻ റൂണിയുടെ റെക്കോർഡിനൊപ്പമെത്തി ലിവർപൂൾ ആരാധകരുടെ ഈജിപ്ഷ്യൻ കിങ്. ഈ സീസണിൽ ആകെ മുഴുവൻ കോംപറ്റീഷനുകളിലുമായി 20 മത്സരങ്ങളിൽ 24 തവണ സലാഹ് വലകുലുക്കി കഴിഞ്ഞു.
ആൻഫീൽഡിൽ കളത്തിലും കണക്കിലുമൊക്കെ ഇന്നലെ ലിവർപൂൾ മാത്രമേയുണ്ടായിരുന്നുള്ളൂ. കളിയുലുടനീളം ലിവർപൂൾ ഉതിർത്ത 18 ഷോട്ടുകളിൽ ഏഴും ഓൺ ടാർജറ്റ് ഷോട്ടുകളായിരുന്നു. സിറ്റിയാവട്ടെ ഓൺ ടാർജറ്റിൽ രണ്ടേ രണ്ട ഷോട്ടുകളാണ് ആൻഫീൽഡിൽ ആകെ ഉതിർത്തത്. പന്തടക്കത്തിൽ ഒരൽപം മേൽക്കൈ സിറ്റിക്കായിരുന്നെങ്കിലും അതൊന്നും ലിവർപൂൾ ഗോൾമുഖത്ത് അപകടം വിതച്ചില്ല.
പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കഴിഞ്ഞ സിറ്റിയുമായുള്ള ലിവർപൂളിന്റെ പോയിന്റ് വ്യത്യാസം ഇപ്പോൾ 11 ആണ്. രണ്ടാ സ്ഥാനത്തുള്ള ഗണ്ണേഴ്‌സുമായുള്ള വ്യത്യാസം ഒമ്പത്. അഥവാ ഈ ഫോം തുടർന്നാൽ അർനേ സ്ലോട്ടിന്റെ സംഘത്തിന് ഉറപ്പായും പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡ് ഷെൽഫിലെത്തിക്കാം എന്ന് സാരം. സീസണിൽ കളിച്ച 13 ൽ 11 മത്സരങ്ങളും ജയിച്ചാണ് ലിവർപൂളിന്റെ പടയോട്ടം. ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഒന്ന് സമനിലയിൽ കലാശിച്ചു.
അർനേ സ്ലോട്ടിന് കീഴിൽ അതിശയകരമാണ് ലിവർപൂളിന്റെ പടയോട്ടങ്ങൾ. 46 കാരന് കീഴിൽ മുഴുവൻ കോംപറ്റീഷനുകളിലുമായി 20 മത്സരങ്ങളിൽ കളത്തിലിറിങ്ങിയ ലിവർപൂൾ 18 ഉം വിജയിച്ചു കഴിഞ്ഞു. സിറ്റിയും യുണൈറ്റഡും ചെൽസിയും ആസ്റ്റൺ വില്ലയുമൊക്കെ പ്രീമിയർ ലീഗിൽ സ്ലോട്ടിന്റെ സംഘത്തിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡും എ.സി മിലാനും ബയർ ലെവർകൂസനുമൊക്കെ വീണടിഞ്ഞു. റയൽ മാഡ്രിഡിന് മുന്നിൽ യർഗൻ ക്ലോപ്പിന് ആറ് തവണ പിഴച്ചിയിടത്താണ് സ്ലോട്ടിന്റെ വിജയഭേരി. 2009 ന് ശേഷം ഇതാദ്യമായാണ് ലിവർപൂൾ യൂറോപ്പിലെ വലിയ വേദികളിൽ റയലിനെ പരാജയപ്പെടുത്തുന്നത്.
സിറ്റിക്കും ഗാർഡിയോളക്കുമിത് അത്ര നല്ല കാലമല്ല എന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ സിറ്റി ജയമെന്താണെന്ന് അറിഞ്ഞിട്ടില്ല. സിറ്റിയെ ഒമ്പത് സീസൺ പരിശീലിപ്പിച്ച ഗാർഡിയോളക്ക് ഇതുപോലൊരു ഗതി നാളിത് വരെ വന്നിട്ടില്ല. 17 വർഷത്തെ കോച്ചിങ് കരിയറിനിടയിൽ ഗാർഡിയോള നാല് മത്സരങ്ങളിൽ തുടർച്ചായി തോൽക്കുന്നത് ഇതാദ്യമായാണ്. നിലവിലെ പരാജയങ്ങൾ മറക്കാൻ പഴയ നേട്ടങ്ങൾ ആരാധകർക്ക് മുന്നിൽ പരസ്യമായി പറയുന്ന ഗാർഡിയോളയെ നമ്മളിതുവരെ കണ്ടിട്ടില്ല. വൈകാരികമായി പോലും അയാൾക്ക് തന്നെ പിടിച്ചാൽ കിട്ടാതായിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങേണ്ടി വരും. പെപ്പിൽ ഇന്നലെ ഞങ്ങളെ ജോസേ മോറീന്യോയെ കണ്ടെന്നാണ് ചില ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ ഫെയിനൂർഡിനോട് അവസാന പത്ത് മിനിറ്റിൽ വഴങ്ങിയ മൂന്ന് ഗോളിൽ പിണഞ്ഞ സമനിലയിൽ നിയന്ത്രണം വിട്ട പെപ്പ് സ്വന്തം മുഖം മാന്തിപ്പൊളിക്കുന്ന കാഴ്ച വരെ ആരാധകര്‍ കണ്ടു. ഇതൊക്കെ ചേര്‍ത്ത് വായിച്ച് സിറ്റിയില്‍ ഗാര്‍ഡിയോള യുഗത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ സമയമായെന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട് ഫുട്ബോള്‍ പണ്ഡിറ്റുകള്‍.