വിജയവഴിയില്‍ ബാഴ്സ; മയ്യോര്‍ക്കയെ അഞ്ചടിയില്‍ വീഴ്ത്തി
റഫീന്യക്ക് ഡബിള്‍
ലാലിഗയിൽ വിജയവഴിയിൽ തിരിച്ചെത്തി ബാഴ്‌സലോണ. കഴിഞ്ഞ ദിവസമരങ്ങേറിയ പോരാട്ടത്തിൽ റയൽ മയ്യോർക്കയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. റഫീന്യ ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ ഫെറാൻ ടോറസും ഫ്രാങ്കി ഡിയോങും പോ വിക്ടറും ലക്ഷ്യം കണ്ടു.
എസ്റ്റാഡി മയ്യോർക്കയിൽ വച്ചരങ്ങേറിയ പോരാട്ടം ആദ്യ പകുതിയവസാനിക്കുമ്പോൾ 1-1 ന് സമനിലയിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. 56ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ റഫീന്യ കറ്റാലൻമാരെ മുന്നിലെത്തിച്ചു. 74ാം മിനിറ്റിൽ ബ്രസീലിയൻ താരം വീണ്ടും ലക്ഷ്യം കണ്ടു. 79ാം മിനിറ്റിൽ ഡിയോങ്ങും 84ാം മിനിറ്റിൽ വിക്ടറും വലകുലുക്കിയതോടെ മയ്യോർക്ക വധം പൂർണമായി. ആദ്യ പകുതിയില്‍ ഫെറാന്‍ ടോറസാണ് ബാഴ്സക്കായി വലകുലുക്കിയത്.
ജയത്തോടെ പോയിന്റ് ടേബിളിൽ ബാഴ്‌സ ലീഡുയർത്തി. എന്നാൽ രണ്ട് മത്സരങ്ങൾ കുറവ് കളിച്ച റയൽ മാഡ്രിഡ് തൊട്ടു പുറകിലുണ്ട്. 16 മത്സരങ്ങളിൽ നിന്ന് ബാഴ്‌സക്ക് 37 പോയിന്റാണുള്ളത്. 14 മത്സരങ്ങൾ കളിച്ച റയലിനാവട്ടെ 33 പോയിന്റുണ്ട്.