'കളി കാര്യമായി'; ഇന്ത്യൻ ഫുട്‌ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് വിലക്കും പിഴയും
രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയതിന് പിന്നാലെ 500 യുഎസ് ഡോളർ(41,000) പിഴയും ചുമത്തി
ന്യൂഡൽഹി: സാഫ്കപ്പിൽ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ ഇന്ത്യൻ ഫുട്‌ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെതിരെ കടുത്ത നടപടിയുമായി സൗത്ത് ഏഷ്യ ഫുട്‌ബോൾ ഫെഡറേഷൻ. രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയതിന് പിന്നാലെ 500 യുഎസ് ഡോളർ(41,000) പിഴയും ചുമത്തി. കുവൈത്തിനെതിരായ മത്സരത്തിലാണ് സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നത്. കഴിഞ്ഞ 27ന് നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സംഭവം.
ആദ്യം മഞ്ഞക്കാർഡ് ഉയർത്തി റഫറി മുന്നറിയിപ്പ് നല്‍കിയെങ്കിലും തെറ്റ് വീണ്ടും ആവർത്തിച്ചതോടെയാണ് ചുവപ്പ് കാർഡ് ലഭിച്ചത്. പാകിസ്താനെതിരായ മത്സരത്തിലും സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. പിന്നാലെ ടൂർണമെന്റിലെ ഒരു മത്സരത്തിൽ പുറത്തിരിക്കുകയും ചെയ്തു. നേപ്പാളിനെതിരായ മത്സരത്തിലായിരുന്നു വിലക്ക് വന്നിരുന്നത്. വിലക്ക് മാറി കുവൈത്തിനെതിരായ മത്സരത്തിൽ തിരിച്ചെത്തുകയായിരുന്നു. വിലക്ക് വന്നതോടെ സാഫ് കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സ്റ്റിമാച്ചിന്റെ സേവനം ലഭിക്കില്ല. സെമിയിൽ ഇന്ന് ലബനാനെ ഇന്ത്യ നേരിടാനൊരുങ്ങുകയാണ്.
ജയിക്കുകയാണെങ്കിൽ ഫൈനലിലും സ്റ്റിമാച്ചിന്റെ സേവനം നഷ്ടമാകും. സ്റ്റിമാച്ചിന്റെ പെരുമാറ്റം കുറ്റകരമാണെന്ന് അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് സാഫ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. റെഡ് കാർഡ് ലഭിച്ചതിന് പുറമെ മാച്ച് ഒഫീഷ്യൽസിനെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചെന്നും ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നം സാഫ് വ്യക്തമാക്കുന്നു.
'ക്വിക്ക് ത്രോ' എടുക്കുന്നതിനിടെ പാക് കളിക്കാരനിൽ നിന്നും പന്ത് പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് റഫറി ആദ്യം ചുവപ്പ് കാർഡ് ഉയർത്തിയത്. പരിശീലകന്റെ ഈ പെരുമാറ്റത്തിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. തുടർന്ന് നേപ്പാളിനെതിരായ മത്സരത്തിൽ പരിശീലകൻ പുറത്തിരുന്നു. ആ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.