മത്സരം കോവിഡ് എടുക്കുമോ? അനിശ്ചിതത്വത്തിൽ ബംഗളൂരു-എടികെ മത്സരം
ഇരു ടീമുകളും പരിശീലന സെഷനുകൾ പൂർണമായി ഒഴിവാക്കി. പരിശീലകർ മാധ്യമങ്ങളെ കാണാൻ എത്തിയതുമില്ല.
ഐഎസ്എല്ലിൽ ഇന്ന് ബംഗളൂരു എഫ്സി എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡ് മൂലം മത്സരം അനിശ്ചിതത്വത്തിലാണ്.
കളിക്കളത്തിലെ മത്സരത്തിന് മുൻപ് കോവിഡിനെ മറികടക്കാനുള്ള പോരാട്ടത്തിലാണ് രണ്ട് ടീമുകളും. ഇരു ടീമുകളും പരിശീലന സെഷനുകൾ പൂർണമായി ഒഴിവാക്കി. പരിശീലകർ മാധ്യമങ്ങളെ കാണാൻ എത്തിയതുമില്ല. രണ്ട് ടീമുകളിലേയും പതിനഞ്ച് താരങ്ങൾക്ക് കളിക്കാനായാൽ മത്സരം നടത്തുമെന്നാണ് അധികൃതരുടെ തീരുമാനം. എടികെ മോഹൻ ബഗാൻ ടീമിലെ പല താരങ്ങളും കോവിഡിന്റെ പിടിയിലാണെന്നാണ് വിവരം. ബംഗളൂരു ടീമിലെ കോവിഡ് ബാധയെ പറ്റി അധികം വിവരങ്ങളില്ല. പേയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് ഇന്ന് ജയിച്ചാൽ മൂന്നാം സ്ഥാനത്തെത്താം. ഗോളടിച്ച് കൂട്ടുന്നതിലെ മികവ് അവർക്ക് തുണയാകും.
മോശം ഫോമിലുള്ള ബംഗളൂരു തിരിച്ചുവരവിന്റ പാതയിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവർ തോറ്റിട്ടില്ല. പ്രിൻസ് ഇബാറ - ക്ലീറ്റൻ സിൽവ എന്നിവരിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. അതേസമയം ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഗോവ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.