'വൈലന്റ്' ലീഗിൽ ചുവടുറപ്പിക്കാൻ മൗറീഞ്ഞോയെത്തുമ്പോൾ; ലക്ഷ്യത്തിലേക്ക് പന്തുതട്ടാൻ ബെനർബാചെ

ടീമിനെ ചാമ്പ്യൻസ് ലീഗിലേക്കെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യവും പോർച്ചുഗീസ് പരിശീലകന് മുന്നിലുണ്ട്.

Update: 2024-06-07 13:02 GMT
Advertising

'ഫെനർബാചെയുമായി കോൺട്രാക്ട് ഒപ്പുവെച്ചതു മുതൽ നിങ്ങളുടെ സ്വപ്‌നങ്ങൾ എന്റേത് കൂടിയാണ്. ഫുട്‌ബോൾ എനിക്ക് പാഷനാണ്. അത് സീൽ ചെയ്യാൻ ഇതിലും മികച്ചൊരു സ്ഥലം വേറെയേതാണ്. നിങ്ങളുടെ ഈ ജഴ്‌സി തന്റെ തൊലിയായിരിക്കും. ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു. ചരിത്രം തിരുത്തും നമ്മൾ' .... തുർക്കി ക്ലബ് ഫെനർബാചെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം ആരാധകർക്ക് മുന്നിൽ ഹോസെ മൗറീഞ്ഞോയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. 30000ലധികം ആരാധകർ കരഘോഷത്തോടെയാണ് ഈ പോർച്ചുഗീസ് പരിശീലകന്റെ വാക്കുകളെ എതിരേറ്റത്. ഒരുപക്ഷെ, ഫുട്‌ബോൾ ലോകത്ത് ഒരു പരിശീലകന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഇസ്താംബൂളിൽ മൗറീഞ്ഞോക്ക് ലഭിച്ചത്. അയാൾ അങ്ങനെയാണ്. ആരാധകരുടെ മാനേജർ.




 ഇത് സ്ഥലം വേറെയാണ്. മറ്റു യൂറോപ്യൻ ക്ലബുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് തുർക്കി സൂപ്പർ ലീഗ്. കാൽപന്തുകളിയെ അതിവൈകാരികമായി കാണുന്ന ഒരുകൂട്ടം ജനത. നന്നായി കളിച്ചാൽ ചങ്കുപറിച്ചുതരും.. മോശമാക്കിയാൽ ഗ്രൗണ്ട് കൈയേറിയും പ്രഹരമേൽപ്പിക്കും. കുപ്പിയേറും ടീം ബസിന് നേരെയുള്ള ആക്രമണവുമെല്ലാം ഇവിടെ സാധാരണ സംഭവമാണ്. പ്രധാന പരിശീലകരെല്ലാം വരാൻ മടിക്കുന്ന തുർക്കി ക്ലബിലേക്കാണ് ചെറുപുഞ്ചിരിയുമായി 'ദി സ്‌പെഷ്യൽ വൺ' എത്തുന്നത്. സമീപകാലത്ത് അത്രമികച്ച ഫോമിലല്ല താരത്തിന്റെ കോച്ചിങ് കരിയർ. ലീഗ് നേട്ടമില്ലാതെ എ.എസ് റോമയിൽ നിന്ന് പടിയിറങ്ങിയ ശേഷം പ്രധാന യൂറോപ്യൻ ക്ലബുകളൊന്നും താരത്തെ സമീപിച്ചിരുന്നില്ല. ഓഫർ വന്നത് സൗദി അറേബ്യയിൽ നിന്നുമാത്രം. എന്നാൽ പണമല്ല തനിക്ക് പ്രധാനം. യൂറോപ്പിൽ തുടരാനാണ് ആഗ്രഹം. ഈയൊരു നിലപാടാണ് താരത്തെ തുർക്കിലേക്കെത്തിച്ചത്.

ഫെനർബാചെയിയിൽ 61 കാരനെ കാത്തിരിക്കുന്നത് വലിയൊരു ചലഞ്ചാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലീഗ് കിരീടം ഫെനർബാചെക്ക് നേടാനായിട്ടില്ല. ചരിത്രത്തിൽ ഇതുവരെ 19 ട്രോഫികൾ സ്വന്തമാക്കിയെങ്കിലും ലീഗ് ടൈറ്റിലിലേക്കുള്ള യാത്രക്ക് ദൂരം കൂടിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ടർക്കിഷ് ലീഗിൽ ഒരു മത്സരം മാത്രമാണ് തോറ്റത്. എന്നിട്ടും ഗലടാസറെക്ക് താഴെ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. മൗറീഞ്ഞോയെന്ന മജീഷ്യനിലൂടെ അവർ സ്വപ്‌നംകാണുന്നത് ലീഗ് കിരീടമാണ്. ഇത്തവണ ചാമ്പ്യൻസ് ലീഗിലേക്കെത്താൻ ഫെനർബാചെക്ക് ക്വാളിഫെയർ കളിക്കണം. ടീമിനെ ചാമ്പ്യൻസ് ലീഗിലേക്കെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യവും പോർച്ചുഗീസ് പരിശീലകന് മുന്നിലുണ്ട്.

21 മേജർ ടൈറ്റിലുകളാണ് വിവിധ ക്ലബുകൾക്കായി പോർച്ചുഗീസ് പരിശീലകൻ സ്വന്തമാക്കിയത്. ചെൽസിക്കായി 2014-15 സീസണിലാണ് അവസാനമായൊരു ലീഗ് കിരീടം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ടോട്ടനത്തിനൊപ്പവും പ്രീമിയർലീഗിൽ തുടർന്നെങ്കിലും കിരീടം അകന്നുനിന്നു. ഒടുവിൽ ഇറ്റാലിയൻ ക്ലബ് എ.എസ് റോമയുടെ പരിശീലകകുപ്പായത്തിലാണ് മൊറീഞ്ഞോയെ കണ്ടത്. 61 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോമയെ യൂറോപ്പ കോൺഫറൻസ് ലീഗിൽ 2022ൽ കിരീടത്തിലെത്തിച്ചു. യൂറോപ ലീഗ് ഫൈനലിലെത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി നേരിട്ടു. എന്നാൽ സീരി എയിൽ കഴിഞ്ഞ സീസണിൽ ആറാംസ്ഥാനത്താണ് റോമ ഫിനിഷ് ചെയ്തത്. ഇതോടെ സ്ഥാനം തെറിച്ചു.

യൂറോപ്പിലെ എലേറ്റ് മാനേജർമാരിൽപ്പെട്ട മൗറീഞ്ഞോ ഇത്തരമൊരു ക്ലബിലേക്ക് പോകേണ്ടതുണ്ടോ.. കൂടുമാറ്റത്തിന് പിന്നാലെ നിരവധി ചോദ്യങ്ങൾ ഫുട്‌ബോൾ ലോകത്ത് ഉയർന്നെങ്കിലും ഉത്തരം ലളിതമായിരുന്നു. എന്നും ചലഞ്ചുകൾ ഏറ്റെടുക്കാൻ ധൈര്യം കാണിച്ച പരിശീലകനാണ് അയാൾ. വൈലന്റ് ലീഗ് എന്നറിയപ്പെടുന്ന തുർക്കി സൂപ്പർലീഗിൽ ഈ ദൗത്യം ഏറ്റെടുക്കാൻ അയാളെ പ്രേരിപ്പിച്ചതും വെല്ലുവിളികൾ നേരിടാനുള്ള താൽപര്യമാണ്. 2015ൽ ഫെനർബാചെ ടീം ബസിന് നേരെ വെടിയുണ്ട ഉതിർക്കുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. കളിമോശമായാൽ ഫെനർബാചെ സ്റ്റേഡിയത്തിൽ ആരാധകർ രൂക്ഷമായി പ്രതികരിക്കുന്നതും സ്ഥിരം സംഭവമാണ്. പെട്ടെന്ന് റിസൽട്ട് ഉണ്ടാക്കണം. അതാണ് ഇരമ്പിയാർക്കുന്ന ഈ ആരാധകകൂട്ടത്തിന് വേണ്ടത്. അവിടേക്കാണ് യൂറോപ്പിലെ 'ദി സ്‌പെഷ്യൽ വൺ' മാനേജറുടെ മാസ് എൻട്രി.



  ഫെനർബാചെയെ തുർക്കി ലീഗ് ചാമ്പ്യൻമാരാക്കാനായാൽ മൗറീഞ്ഞോയുടെ കരിയറിൽ അതൊരു പൊൻതൂവലാകും. യൂറോപ്പിലെ എലേറ്റ് പരിശീലക ഗണത്തിലെ പ്രധാനിയായ മൊറീഞ്ഞോക്ക് അതിലേക്ക് വഴിനടക്കാനായാൽ മുൻനിര ക്ലബുകളിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും യാഥാർത്ഥ്യമാകുക. കാർലോ അൻസലോട്ടിയെന്ന് ഡോൺ കാർലോ 2019-21 സീസണിൽ എവർട്ടനിലേക്ക് കൂടുമാറി പിന്നീട് ശക്തനായി റയലിലേക്ക് മടങ്ങിയെത്തിയത് ഫുട്‌ബോൾ ലോകം വീക്ഷിച്ചതാണ്. അത്തരമൊരു സാഹചര്യം മൗറീഞ്ഞോക്ക് മുന്നിലും നിലനിൽക്കുന്നു. ഇനിയൊരുപക്ഷെ തുർക്കി ഉദ്യമത്തിൽ അദ്ദേഹം പരാജയമായാൽ പ്രധാന യൂറോപ്യൻ ക്ലബുകളിലേക്കുള്ള വരവിന് കൂടിയായും വിരാമമാകുക.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News