മുംബൈയോട് 'നാല് നില'യിൽ പൊട്ടി ബ്ലാസ്റ്റേഴ്‌സ്

മത്സരം തുടങ്ങി 22 മിനുറ്റിനിടെ വന്ന നാല് ഗോളുകൾ ബ്ലാസ്റ്റേഴ്‌സിന്റെ വിധി എഴുതി

Update: 2023-01-08 16:26 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: തോൽക്കാത്ത എട്ട് മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോൽവി. അതും മറുപടിയില്ലാത്ത നാലെണ്ണം വാങ്ങിച്ച്. ഇതുവരെ തോൽക്കാത്ത മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തിയത്. ജോർജ് പെരേര ഡയസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഗ്രെഗ് സ്റ്റെവാർട്ട്, ബിപിൻ സിങ് എന്നിവർ ഓരോ ഗോൾ വീതം കണ്ടെത്തി.

മത്സരം തുടങ്ങി 22 മിനുറ്റിനിടെ വന്ന നാല് ഗോളുകൾ ബ്ലാസ്റ്റേഴ്‌സിന്റെ വിധി എഴുതി. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾക്ക് പിറകിൽ. 90 മിനുറ്റും ഇഞ്ച്വറി ടൈമിലും ബ്ലാസ്റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും ഒന്നുപോലും മടക്കാനായില്ല. ജയത്തോടെ മുംബൈ സിറ്റി എഫ്.സി 33 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം സ്ഥാനത്തിന് മാറ്റമില്ല. ഹൈദരാബാദ് സിറ്റി എഫ്.സിയാണ് 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

കളി തുടങ്ങി നാലാം മിനുറ്റില്‍ ബിപിന്‍ സിംഗിന്‍റെ മുന്നേറ്റത്തിനൊടുവിലായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. പന്ത് വന്നത് ഡയസിന്റെ കാലുകളിലേക്ക്. പൊടുന്നനെ പന്ത് വലക്കുള്ളിലെത്തിച്ചു(1-0)

പിന്നാലെ 10-ാം മിനുറ്റില്‍ ലാലിയൻ‌സുവാല ചാംഗ്തേയുടെ വലത് വിങ്ങില്‍ നിന്നുള്ള നീളന്‍ ക്രോസില്‍ തലവെച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈയുടെ ലീഡ് രണ്ടാക്കി(2-0). ഇതോടെ ആദ്യ പത്തുമിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നിലായി. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും ഗോളടിച്ചു. ഇത്തവണ ബിപിന്‍ സിങ്ങാണ് ടീമിനായി വലകുലുക്കിയത്(3-0). 22-ാം മിനുറ്റില്‍ ജാഹുവിന്‍റെ അസിസ്റ്റില്‍ പെരേര ഡയസ് രണ്ടാമതും വല കുലുക്കിയതോടെ മുംബൈയുടെ ലീഡ് നാലായി(4-0). ഗോള്‍ മടക്കാന്‍ പൊരിഞ്ഞ കളി കളിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News