തോൽവിയറിയാതെ പത്ത് മത്സരങ്ങൾ! അമ്പരപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. നിലിലെ ഫോം നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിനെ പൂട്ടാൻ മുംബൈ വിയർപ്പ് ഏറെ ഒഴുക്കേണ്ടി വരും.

Update: 2022-01-13 02:04 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യൻ സൂപ്പർ ലീഗിൽ ജൈത്രയാത്ര തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചുവിട്ടത്. പ്രധിരോധ താരങ്ങളായ നിഷു കുമാറും ഹര്‍മന്‍ജോത് ഖബ്രയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തോൽവി വഴങ്ങാത്ത തുടർച്ചയായ പത്താം മത്സരമാണിത്. ബ്ലാസ്റ്റേഴ്സിന്റെ സര്‍വകാല റെക്കോര്‍ഡ് കൂടിയാണിത്. ഇന്നത്തെ മൂന്നു പോയിന്റോടു കൂടി, 11 മത്സരങ്ങളില്‍ നിന്നായി അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. 

മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതിരോധമൊരുക്കുന്നവർ ഗോൾ കണ്ടെത്തുന്നു. അവര്‍ എതിർ ടീമിന്റെ ബോക്‌സിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. തിരിച്ച് അതേ വേഗത്തിൽ സ്വന്തം ബോക്‌സിലെത്തി പ്രതിരോധ ചുമതലയും നിർവഹിക്കുന്നു. ഇതാണ് ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൈലൈറ്റ്.

രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പിൽ മുത്തമിടാൻ കൊമ്പന്മാർക്ക് സാധിച്ചിട്ടില്ല. ഈ സീസണിലെങ്കിലും അതിനാകുമെന്ന പ്രതീക്ഷ മഞ്ഞപ്പടയുടെ ആരാധകർക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. പല സീസണുകളിലും ലോകോത്തര താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കാൻ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ യോഗം.എന്നാൽ, നിലവിലെ സീസണിൽ കഥ മാറിയിരിക്കുന്നു. എതിർ ടീം ആരായാലും അവരെ തകർക്കുന്ന പ്രകടനമാണ് മഞ്ഞപ്പട ഇതുവരെ പുറത്തെടുത്തിരിക്കുന്നത്.

മുന്നേറ്റത്തിലെ മികവും മിഡ്ഫീൽഡിലെ ക്രിയാത്മകതയും പ്രതിരോധത്തിലെ കരുത്ത് ഒരുമിച്ച് ചേർന്ന പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്.  പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. നിലിലെ ഫോം നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിനെ പൂട്ടാൻ മുംബൈ വിയർപ്പ് ഏറെ ഒഴുക്കേണ്ടി വരും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News