മെസ്സിയിറങ്ങിയില്ല; ബ്രസ്റ്റിനെ രണ്ടു ഗോളിന് കീഴടക്കി പിഎസ്ജി
മെസ്സിക്കൊപ്പം ബ്രസീൽ താരം നെയ്മറിനും കോച്ച് പൊച്ചറ്റിനോ വിശ്രമം നൽകി.
ലീഗ് വണ്ണിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം കണ്ട് പിഎസ്ജി. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറുമിറങ്ങാത്ത മത്സരത്തിൽ ബ്രസ്റ്റിനെ രണ്ടിനെതിരെ നാലു ഗോളിനാണ് പിഎസ്ജി തോല്പിച്ചത്. ആൻഡ്രെ ഹേരേര, കിലിയൻ എംബാപ്പെ, ഇദ്രിസെ ഗ്വിയെ, എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. ബ്രസ്റ്റിനായി ഫ്രാങ്ക് ഹൊണറട്ടും സ്റ്റീവ് മൗനിയും ഗോൾ നേടി. ജയത്തോടെ മൂന്ന് കളിയിൽ നിന്ന് ഒമ്പത് പോയിന്റുമായി പിഎസ്ജി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
23-ാം മിനിറ്റിൽ തകർപ്പൻ വോളിയിലൂടെയാണ് ഹേരേര ഗോൾ നേടിയത്. 36-ാം മിനിറ്റിൽ അതിമനോഹരമായ ഹെഡറിലൂടെ എംബാപ്പെ ലീഡുയർത്തി. റീബൗണ്ടിൽ നിന്നായിരുന്നു ഹെഡർ. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഹൊണൊറട്ടിലൂടെ ബ്രസ്റ്റ് തിരിച്ചു വന്നു.
രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന പിഎസ്ജി 73-ാം മിനിറ്റിൽ ഇദ്രിസയിലൂടെ മുമ്പിലെത്തി. 85-ാം മിനിറ്റിൽ മൗനിയിലൂടെ വീണ്ടും ബ്രസ്റ്റിന്റെ തിരിച്ചവരവ്. എന്നാൽ 90-ാം മിനിറ്റിൽ അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയയുടെ ഗോളിലൂടെ പിഎസ്ജി വ്യക്തമായ മുൻതൂക്കം നേടി.
ബാഴ്‌സയിൽ നിന്ന് ക്ലബിലെത്തിയ മെസ്സിയില്ലാതെ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പിഎസ്ജി കളത്തിലിറങ്ങിയത്. മെസ്സിക്കൊപ്പം ബ്രസീൽ താരം നെയ്മറിനും കോച്ച് പൊച്ചറ്റിനോ വിശ്രമം നൽകി. രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സ്ട്രാസ്ബർഗിനെയാണ് പിഎസ്ജി വീഴ്ത്തിയിരുന്നത്. തുടർച്ചയായ രണ്ടു കളികളിലും പ്രതിരോധം രണ്ടു വീതം വഴങ്ങിയത് കോച്ചിന് തലവേദനയാകും.