മെസി 'അപമാനിതനായോ'? ;ലിയോണുമായുള്ള മത്സരത്തില്‍ സംഭവിച്ചതെന്ത്?
വിഷയം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി പിഎസ്ജി കോച്ച് പോചറ്റീനോ രംഗത്തെത്തി
പിസ്ജിയുടെ ഹോം മൈതാനത്ത് കഴിഞ്ഞ ദിവസമാണ് മെസി അരേങ്ങേറിയത്. എന്നാല്‍ മെസിയുടെ അരങ്ങേറ്റത്തിനപ്പുറം ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും മത്സരത്തിന്റെ 79ാം മിനുറ്റില്‍ മെസിയെ പിന്‍വലിച്ച പോചറ്റീനോയുടെ തീരുമാനമാണ്. തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്ത തീരുമാനത്തില്‍ മെസി അതൃപ്തി പ്രകടിപ്പിച്ചതും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
മെസിയെ പിന്‍വലിച്ച പോചറ്റീനോയുടെ തീരുമാനത്തിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്വന്തം തട്ടകത്തില്‍ ആദ്യമായി ഇറങ്ങിയ മെസിയെ അപമാനിക്കുന്നതിന് തുല്യമാണ് കോച്ചിന്റെ തീരുമാനമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
എന്നാല്‍, വിഷയം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി പിഎസ്ജി കോച്ച് പോചറ്റീനോ രംഗത്തെത്തി. 'തീരുമാനങ്ങള്‍ തന്റേതാണ്, അതില്‍ ചിലര്‍ക്ക് സന്തോഷം ഉണ്ടാകും ചിലര്‍ക്ക് സങ്കടവും' - പോചറ്റീനോ പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ ലിയോണെയെ പിഎസ്ജി 2-1 ന് തോല്‍പ്പിച്ചു. ലൂക്കാസ് പക്കേറ്റയുടെ ഗോളില്‍ ലിയോണെയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 66ാം മിനുറ്റില്‍ നെയ്മര്‍ പിഎസ്ജിയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. കളി തീരാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കെ മൗറോ ഇക്കാര്‍ഡി നേടിയ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. പിഎസ്ജിയുടെ ലീഗിലെ തുടര്‍ച്ചയായ ആറാം വിജയമാണിത്. പിഎസ്ജി തന്നെയാണ് ഫ്രഞ്ച് ലീഗില്‍ ഒന്നാമത്. ഒമ്പത് പോയിന്റുമായി ലിയോണ്‍ 9ാം സ്ഥാനത്താണ്.