ബ്രസീൽ താരത്തെ ഞെട്ടിച്ച് ആഡംബര വാച്ച് സമ്മാനമായി നൽകി സൗദി ആരാധകൻ
ആരാധകന്റെ സ്‌നേഹപ്രകടനത്തിൽ ആദ്യം അമ്പരന്ന ഫാബിഞ്ഞോ പിന്നീട് ചിരിക്കുന്നുണ്ടായിരുന്നു
റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിന്റെ ബ്രസീൽ മിഡ്ഫീൽഡർ ഫാബിഞ്ഞോക്ക് ആഡംബര വാച്ച് സമ്മാനമായി നൽകി ആരാധകൻ. സീസണിലെ ആദ്യ മത്സരത്തിൽ അൽ റയിദിനെതിരെ ഫാബിഞ്ഞോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇത്തിഹാദ് വിജയിക്കുകയും ചെയ്തു. ഗോൾ നേടിയില്ലെങ്കിലും മികച്ച നീക്കങ്ങളുമായി ഫാബിഞ്ഞോ കളം നിറഞ്ഞിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും എത്തിയ താരം, അൽ റയിദ് പ്രതിരോധത്തെ പലപ്പോഴും വിറപ്പിച്ചിരുന്നു. ഈ മത്സരത്തിന് പിന്നാലെ താരങ്ങൾ സ്റ്റേഡിയം വിട്ട് പോകുമ്പോഴാണ് ഒരു ആരാധകൻ ഫാബിഞ്ഞോക്ക് ആഡംബര വാച്ച് സമ്മാനമായി നൽകിയത്.
റോളക്‌സ് വാച്ചാണ് നല്‍കിയത്. ഇയാള്‍ തന്നെ വാച്ച് കയ്യില്‍ കെട്ടിക്കൊടുക്കുന്നതും കാണാം. ആരാധകന്റെ സ്‌നേഹപ്രകടനത്തിൽ മുൻ ലിവർപൂൾ താരമായ ഫാബിഞ്ഞോ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ചിരിച്ച് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വാച്ച് സ്വീകരിച്ചതിന് പിന്നാലെ ടീം ബസിൽ താരം സ്റ്റേഡിയം വിടുകയും ചെയ്തു. അതേസമയം ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ വരവോടെ സൗദി പ്രോ ലീഗിന് പകിട്ട് കൂടുകയാണ്. ഇനിയും ഏതാനും കളിക്കാര്‍ കൂടി സൗദിയിൽ എത്തുമെന്നാണ് പറയപ്പെടുന്നത്.
മുഹമ്മദ് സലാഹിനെയടക്കം സൗദി ക്ലബ്ബുകൾ സമീപിച്ചതായും വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നുമൊക്കെയാണ് റിപ്പോർട്ടുകൾ. അതേസമയം അൽ ഇത്തിഹാദിന്റെ അടുത്ത മത്സരം ആഗസ്റ്റ് 19ന് അൽ തായിക്കെതിരെയാണ്.
Watch Video