ഇഞ്ചുറി ടൈൈം ത്രില്ലര്‍... ക്ലാസിക് പോരാട്ടത്തില്‍ സിറ്റിയെ വീഴ്ത്തി ടോട്ടന്‍ഹാം
ഹാരി കെയിന്‍റെ ഇരട്ട ഗോളിലാണ് ടോട്ടൻഹാം സിറ്റിയെ വീഴ്ത്തിയത്. തുടർച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചു വന്ന സിറ്റിയുടെ അപ്രതീക്ഷിത തോല്‍വിയാണിത്.
പ്രീമിയർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ടോട്ടൻഹാമിന്‍റെ തകര്‍പ്പന്‍ ജയം. ഹാരി കെയിന്‍റെ ഇരട്ട ഗോളിലാണ് ടോട്ടൻഹാം സിറ്റിയെ വീഴ്ത്തിയത്. തുടർച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചു വന്ന സിറ്റിയുടെ അപ്രതീക്ഷിത തോല്‍വിയാണിത്.
പരാജയം അറിയാതെ 15 മത്സരങ്ങളുമായി വന്ന ചാമ്പ്യന്മാരെ സ്വന്തം മൈതാനത്ത് നേരിട്ട സിറ്റിയെ ടോട്ടന്‍ഹാം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ സിറ്റിയെ വീഴ്ത്തിയ ടോട്ടൻഹാം ആ ജയം വീണ്ടും ആവർത്തിക്കുകയായിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റു വന്ന ടോട്ടൻഹാമിനെ സിറ്റി തകര്‍ത്തിവിടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പരാജയപ്പെടും എന്ന് എല്ലാരും ഉറപ്പിച്ച മത്സരത്തില്‍ അവർ അത്ഭുതം കാണിച്ചു.
72 ശതമാനം ബോള്‍ പൊസഷന്‍ ഉണ്ടായിരുന്ന സിറ്റിക്കെതിരെ കൌണ്ടര്‍ അറ്റാക്കിലൂടെയാണ് ടോട്ടന്‍ഹാം മറുപടി പറഞ്ഞത്. മത്സരത്തിന്‍റെ നാലാം മിനുട്ടില്‍തന്നെ കുലുസെവ്സ്കിയുടെ ഗോളില്‍ ടോട്ടന്‍ഹാം മുന്നിലെത്തിയിരുന്നു. സിറ്റിയുടെ പ്രതിരോധം വെട്ടിച്ചു സോൺ നടത്തിയ നീക്കത്തിനൊടുവിൽ കുലുസെവ്സ്കിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറക്കകുകയായിരുന്നു.
തുടർന്ന് സമനിലക്ക് ആയുള്ള സിറ്റിയുടെ ശ്രമങ്ങൾ ഫലം കണ്ടത് 33 ആം മിനുട്ടിലാണ്. ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്‍റെ പിഴവില്‍ നിന്ന് ഗുണ്ടഗോൻ സിറ്റിക്ക് സമനില നേടിക്കൊടുത്തു. എന്നാൽ 59 മത്തെ മിനിറ്റിൽ സോണിന്‍റെ ക്രോസിൽ നിന്ന് കിടിലന്‍ വലങ്കാലൻ ഷോട്ടിലൂടെ ഹാരി കെയിൻ ടോട്ടന്‍ഹാമിനെ വീണ്ടും മുന്നിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ സിറ്റി ടോട്ടൻഹാമിനെതിരെ പ്രതിരോധം മുറുക്കുന്നതാണ് കണ്ടത്. മത്സരത്തിന്‍റെ അവസാന മിനുട്ടുകളില്‍ അവിശ്വസനീയമായ പോരാട്ടം ആയിരുന്നു രണ്ട് ടീമുകളും കാഴ്ചവെച്ചത് .
കളിയുടെ ഏഴ് മിനുട്ട് ഇഞ്ച്വറി സമയത്തിനിടെ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിളി വന്നു. പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയുടെ ഹാന്‍ഡ് ബോളിനായിരുന്നു പെനാല്‍റ്റി. മികച്ച കിക്കിലൂടെ റിയാദ് മാഹ്രസ് സിറ്റിക്കായി സമനില ഗോൾ നേടി. മത്സരം സമനിലയാകും എന്ന് എന്നു കരുതിയ സമയത്താണ് നാടകീയ നിമിഷങ്ങള്‍ സംഭവിക്കുന്നത്. 95 ആം മിനുട്ടിൽ പ്രത്യാക്രമണം നടത്തിയ ടോട്ടൻഹാം സിറ്റിയുടെ പ്രതിരോധം ഭേദിച്ച് കുലുസെവ്സ്കി അതിമനോഹരമായ ഒരു ക്രോസ്... ആ ക്രോസ് കണക്ട് ചെയ്യാന്‍ സിറ്റി പ്രതിരോധ താരങ്ങളെ മറികടന്ന് ഹാരി കെയിൻറെ കിടിലന്‍ ഹെഡര്‍, ഗോള്‍... ടോട്ടൻഹാമിന് അവിശ്വസനീയ ജയം.