മൂന്നു ഗോൾ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ

ഈ മാസം 22-ന് സിറ്റിയും ഫ്ലുമിനിസും തമ്മിലാണ് ഫൈനൽ

Update: 2023-12-20 06:56 GMT
Editor : Sharafudheen TK | By : Web Desk
Advertising

ജിദ്ദ: ജാപ്പനീസ് ക്ലബ്ബ് ഉറാവ റെഡ് ഡയമണ്ട്സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് യൂറോപ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന പോരാട്ടത്തിൽ വ്യക്തമായ മാർജിനിൽ ജയം കണ്ട സിറ്റി, ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനിസിനെ നേരിടും. ഈജിപ്തിൽ നിന്നുള്ള അൽ അഹ്‍ലിയെ വീഴ്ത്തിയാണ് ഫ്ളുമിനിസ് ഫൈനലിന് യോഗ്യത നേടിയത്. ഡിസംബർ 22 ന് ഇന്ത്യൻ സമയം രാത്രി 11.30 നാണ് ഫൈനൽ കിക്കോഫ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ക്രിസ്റ്റൽ പാലസിനോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയ സിറ്റിക്ക്, ലോകകപ്പ് സെമിയിൽ ആദ്യ ഗോൾ കണ്ടെത്താൻ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. വലതു വിങിൽ നിന്ന് മാത്യു നൂനസ് തൊടുത്ത ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ ഉറാവ ഡിഫൻറർ മാരിയസ് ഹൊയ്ബ്രാറ്റൻ സ്വന്തം വലയിൽ പന്തെത്തിച്ചതോടെയാണ് അതുവരെ പൊരുതി നിന്ന ജാപ്പനീസ് സംഘത്തിന്റെ പ്രതിരോധം ഭേദിക്കാൻ സിറ്റിക്കായത്.

ഇടവേള കഴിഞ്ഞെത്തിയ സിറ്റി 52-ാം മിനുട്ടിൽ മാത്യു കൊവിച്ചിലൂടെ ലീഡുയർത്തി. 59-ാം മിനുട്ടിൽ ബെർണാഡോ സിൽവ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ ജോൺ അരിയാസും ജോൺ കെന്നഡിയും നേടിയ ഗോളുകൾക്ക് അൽ അഹ്ലിയെ വീഴ്തത്തിയാണ് ഫ്ളുമിനീസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. അൽ അഹ്ലി ആക്രമണത്തിൽ മികച്ചു നിന്നെങ്കിലും കൂടുതൽ പന്തടക്കവും പാസുകളുമായി ബ്രസീലിയൻ സംഘം മത്സരത്തിൽ ആധിപത്യം പുലർത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News