ചാമ്പ്യന്‍സ് ലീഗ്: റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്. എന്നാല്‍ ലിവര്‍പൂളിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് റയല്‍മാഡ്രിഡ് സെമിയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാം പാദ ക്വാർട്ടർ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബൊറൂസിയ ഡോട്ട്മുണ്ടിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.
ഇംഗ്ലണ്ടില്‍ നടന്ന ആദ്യപാദത്തിലും സിറ്റി 2-1 ന് ജയിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 4-2ന്റെ ജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെമി പ്രവേശം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡോർട്മുണ്ട് ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിച്ചു. 15ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ്ഹാം ആണ് ഡോര്‍ട്ട്മുണ്ടിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷമുള്ള രണ്ട് ഗോളുകള്‍ സിറ്റിക്ക് സെമിയിലേക്കുള്ള വഴിയൊരുക്കി. പെനല്‍റ്റിയിലൂടെ റിയാദ് മെഹ്റസ് ആണ് ആദ്യം ഗോള്‍ നേടിയത്. 75ാം മിനുറ്റില്‍ ഫില്‍ ഫോഡനാണ് വിജയ ഗോള്‍ നേടിയത്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തുന്നത്.
സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചിനെ പരാജയപ്പെടുത്തിയ പി.എസ്.ജിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. അതേസമയം ലിവർപൂളിനെ ഗോള്‍ രഹിത സമനിലയിൽ കുടുക്കിയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ലിവർപൂളിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. സെമിയില്‍ ചെൽസിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.