എംബാപ്പെക്കെതിരെ ബലാത്സംഗ ആരോപണം; ആരോപണത്തിന് പിന്നിൽ തന്റെ മുൻ ക്ലബെന്ന് താരം
പാരിസ്: ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെക്കെതിരെ ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നടക്കുന്നുണ്ടെന്ന് സ്വീഡിഷ് മാധ്യമങ്ങൾ. എന്നാൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന പ്രതികരണവുമായി എംബാപ്പെ രംഗത്തെത്തി. കൂടാതെ ആരോപണങ്ങൾക്ക് പിന്നിൽ തന്റെ മുൻ ക്ലബായ പി.എസ്.ജിയാണെന്ന സൂചനകൾ കൂടി എംബാപ്പെ നൽകി.
സ്വീഡിഷ് ദിനപത്രങ്ങളായ Aftonbladet, Expressen എന്നിവയാണ് എംബാപ്പെക്കെതിരെ ആരോപണമുയർത്തിയത്. സ്റ്റോക്ക് ഹോമിലെ ലക്ഷ്വറി ബാങ്ക് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. ഒക്ടോബർ 10ന് താരത്തിന്റെ സ്വീഡൻ സന്ദർശനത്തിനിടെയാണ് സംഭവമെന്നും താരത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വീഡിഷ് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട് പൊലീസിന് സമർപ്പിച്ചതായും പറയുന്നു. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യങ്ങളുണ്ട്.
വാർത്തകൾക്ക് പിന്നാലെ തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് എംബാപ്പെ എക്സിൽ പോസ്റ്റ് ചെയ്തു. ‘‘ഇത് വ്യാജവാർത്തയാണ്. ഹിയറിങ് നടക്കുന്ന സായാഹ്നത്തിൽ തന്നെ ഈ വാർത്ത വരുന്നത് പ്രതീക്ഷിച്ചതായിരുന്നു’’ -എന്നാണ് എംബാപ്പെ പോസ്റ്റ് ചെയ്തത്.
തന്റെ മുൻ ക്ലബായ പി.എസ്.ജിയിൽ നിന്നും 511 കോടിയോളം കിട്ടാനുണ്ടെന്ന് കാണിച്ച് എംബാപ്പെ ഫ്രഞ്ച് ഫുട്ബോൾ അധികൃതർക്ക് മുമ്പാകെ പരാതി നൽകിയിരുന്നു. എന്നാൽ പണം തരില്ലെന്ന് പി.എസ്.ജി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ നടന്നുവരികയാണ്. ഇതിലേക്കാണ് എംബാപ്പെ ആരോപണത്തെ ചേർത്തുവെച്ചത്. എന്നാൽ പി.എസ്.ജി വൃത്തങ്ങൾ ഇത് നിഷേധിക്കുന്നു.
ഇൗ വർഷമാണ് താരം പി.എസ്.ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്.