പൊച്ചട്ടീനോക്ക് പകരം ക്രിസ്റ്റ്യാനോ; വമ്പൻ ഡീലുമായി പി.എസ്.ജി
ഈ കൈമാറ്റം സംഭവിച്ചാൽ ലോകഫുട്‌ബോളിലെ കിരീടം വക്കാത്ത രാജകുമാരന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്രത്തിൽ ആദ്യമായി ഒരുമിച്ചു പന്തു തട്ടും
സമ്മർ ട്രാൻസ്ഫറിൽ വമ്പൻ കൈമാറ്റത്തിനൊരുങ്ങി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ സീസൺ അവസാനത്തോടെ ടീമിലെത്തിക്കാൻ പി.എസ്.ജി പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. കോച്ച് മൗറിഷ്യോ പൊച്ചട്ടീനോയെ പകരം നല്‍കി പോർച്ചുഗീസ് സൂപ്പർ താരത്തെ സമ്മർ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാമെന്നാണ് പി.എസ്.ജി കണക്കു കൂട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ ലോകഫുട്‌ബോളിലെ കിരീടം വക്കാത്ത രാജകുമാരന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്രത്തിൽ ആദ്യമായി ഒരുമിച്ചു പന്തു തട്ടും. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ.
പൊച്ചട്ടീനോയുടെ പകരക്കാരനായി റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനായ സിനദിൻ സിദാനെ ടീമിലെത്തിക്കാനും പി.എസ്.ജി പദ്ധതിയിടുന്നുണ്ട്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം തന്റെ മുൻടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോക്ക് യുണൈറ്റഡിൽ ഇതുവരെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. കഴിഞ്ഞയാഴ്ച എഫ്.എ കപ്പിൽ നിന്ന് പുറത്തായ ടീമിന് ഇക്കുറി പ്രീമിയർ ലീഗ് കിരീടവും നേടാനാവില്ലെന്ന് ഉറപ്പാണ്. വലിയ നേട്ടങ്ങളൊന്നുമില്ലാതെ ഈ സീസൺ അവസാനിപ്പിക്കേണ്ടി വന്നാൽ താരം ഏറെക്കുറെ ടീം വിടും. ഇതു മുന്നിൽ കണ്ടാണ് പി.എസ്.ജി യുടെ നീക്കങ്ങൾ