മെസ്സീ, മെസ്സീ... നീട്ടിവിളിച്ച് മലയാളി; പാരിസിൽ വിളി കേട്ട് താരത്തിന്റെ അഭിവാദ്യം- വീഡിയോ
മക്കളേ കണ്ടോ, ഫുട്‌ബോളിന്റെ രാജാവ് ദേ നിക്ക്ണ്, ഇതിനപ്പുറം ഒന്നും കിട്ടാനില്ല. മെസ്സീ ലവ് യു ബ്രോ.. എന്ന് മലയാളികൾ വീഡിയോയിൽ പറയുന്നത് കേൾക്കാം.
നീൽ ആംസ്‌ട്രോങ് ചന്ദ്രനില്‍ ചെന്നപ്പോൾ അയാളെ ചായ നൽകി സ്വീകരിക്കാനായി അവിടെയൊരു മലയാളിയുണ്ടായിരുന്നു എന്നൊരു കൽപ്പിത കഥയുണ്ട്. ലോകത്തുടനീളമുള്ള മലയാളി സാന്നിധ്യത്തെ കുറിച്ച് ഇതിലും മികച്ചൊരു സാങ്കൽപ്പിക കഥയില്ല. ഇപ്പോഴിതാ, ഫുട്ബോള്‍ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സി പാരിസിലെത്തിയപ്പോൾ തൊട്ടടുത്ത മുറിയിലും മലയാളികൾ!
ആ മലയാളികളുടെ മെസ്സീ എന്നുള്ള നീട്ടിവിളിയും അതിന് മെസ്സി നല്‍കിയ പ്രത്യഭിവാദ്യവും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ. തൃശൂർ സ്വദേശി അനസിനും സുഹൃത്ത് മലപ്പുറം സ്വദേശി സമീറിനുമാണ് മെസ്സിയുടെ അഭിവാദ്യം നേരിട്ടു സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായത്. മെസ്സി താമസിച്ച പാരിസിലെ ലെ റോയൽ മൊൻക്യൂ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തിരുന്നത്. ഹോട്ടലിലെ ഒരേ നിലയിലുള്ള അടുത്തടുത്ത സ്യൂട്ടുകളിലായിരുന്നു മെസ്സിയുടെയും മലയാളികളുടെയും താമസം.
ആരാധകരെ അഭിവാദ്യം ചെയ്യാനായി മെസ്സി ബാൽക്കണിയിൽ എത്തിയ വേളയിലാണ് മലയാളികൾ മെസ്സീ... മെസ്സീ.. എന്ന് അലറി വിളിച്ചത്. പതിനായിരങ്ങളുടെ ആരവങ്ങളിൽ മെസ്സി ആ വിളി കേട്ടില്ലെങ്കിലും മകൻ തിയാഗോ അതു ശ്രദ്ധിച്ചു. അച്ഛനെ അറിയിക്കുകയും ചെയ്തു. ഇതോടെ മെസ്സി മലയാളികൾക്കു നേരെ തംപ് അടിച്ചു കാണിക്കുകയായിരുന്നു.
മക്കളേ കണ്ടോ, ഫുട്‌ബോളിന്റെ രാജാവ് ദേ നിക്ക്ണ്, ഇതിനപ്പുറം ഒന്നും കിട്ടാനില്ല. മെസ്സീ ലവ് യു ബ്രോ.. എന്ന് വീഡിയോയിൽ മലയാളികൾ പറയുന്നത് കേൾക്കാം.
മെസ്സിയെ ഹോട്ടലിന് താഴെ കുറേനേരം കാത്തു നിന്നിട്ടും കാണാൻ കഴിയാത്ത വിഷമത്തിൽ തിരിച്ചു റൂമിൽ വന്ന ശേഷമാണ് തൊട്ടടുത്ത ബാൽക്കണിയിൽ താരത്തെ കാണാൻ അവസരം ലഭിച്ചതെന്ന് അനസ് പറയുന്നു.
ഒരു രാത്രിക്ക് 13.5 ലക്ഷം രൂപ വിലയുള്ള പഞ്ചനക്ഷത്ര ഹോട്ടൽ മുറിയാണ് മെസ്സിക്കായി ക്ലബ് ബുക്ക് ചെയ്തിരുന്നത്. പ്രതിവർഷം 360 കോടി രൂപയാണ് പിഎസ്ജി മെസ്സിക്കായി ഓഫർ ചെയ്തിട്ടുള്ളത്. ജഴ്‌സി വിൽപ്പന അടക്കമുള്ളവയുടെ ഒരു പങ്കും മെസ്സിക്ക് ലഭിക്കും.
ജഴ്‌സി വിറ്റു തീര്‍ന്നത് അര മണിക്കൂറിനുള്ളിൽ
അതിനിടെ, ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് വമ്പന്മാരുടെ നിരയിലേക്ക് കൂടുമാറിയെത്തിയ ലയണൽ മെസ്സിയുടെ ജഴ്സി വിറ്റു പോയത് വെറും മുപ്പത് മിനിറ്റിനുള്ളിലാണ്. പിഎസ്ജിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലാണ് ജഴ്സി വിൽപ്പനയ്ക്ക് വച്ചിരുന്നത്. 107.99 യൂറോ (9,408 രൂപ) ആയിരുന്നു ജഴ്‌സിയടങ്ങുന്ന കിറ്റിന്റെ വില. എത്ര ജഴ്സിയാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ല. ഹോം, എവേ കിറ്റുകൾ സ്റ്റോറിൽ വില്പനയ്ക്കുണ്ടായിരുന്നു.
മെസ്സി അണിയുന്ന മുപ്പതാം നമ്പർ ജഴ്സിയാണ് ചൂടപ്പം പോലെ വിറ്റു പോയത്. ബാഴ്‌സയിൽ പത്താം നമ്പറിലാണ് ഇറങ്ങിയിരുന്നത് എങ്കിലും പിഎസ്ജിയിൽ സുഹൃത്തും ബ്രസീൽ താരവുമായ നെയ്മർ ആ നമ്പർ അണിയുന്നതു കൊണ്ട് മെസ്സി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. രണ്ടു വർഷത്തേക്കാണ് പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ.