അങ്കം ഇനി പാരിസില്‍; മെസി പി.എസ്.ജിയിലേക്ക്
എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് എന്നീ വമ്പന്‍ താരനിരക്കൊപ്പമാണ് ക്ലബില്‍ മെസി പന്തുതട്ടുന്നത്.
അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബാഴ്‌സലോണ വിട്ട അര്‍ജന്റീന സൂപ്പര്‍ താരം മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് ചേക്കേറി. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്പോര്‍ട്സ് മാധ്യമമായ 'ലെക്യുപ്' റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്കകം താരം പാരിസില്‍ എത്തിച്ചേരും. ബാഴ്സയുമായുള്ള നീണ്ട രണ്ടു പതിറ്റാണ്ടു കാലത്തെ ബന്ധം അവസാനിച്ച ശേഷം വികാരനിര്‍ഭരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം മെസി ക്ലബ് വിട്ടത്.
എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അര്‍ജന്റീനിയന്‍ ഇതിഹാസമെത്തുന്നത്. ഇതോടെ, പി.എസ്.ജിയുടെ സ്‌ക്വാഡ് മറ്റേത് യൂറോപ്യന്‍ ക്ലബ്ബിനേക്കാളും കരുത്തരാകും. 2017-ല്‍ നെയ്മറെ ബാഴ്സയില്‍ നിന്ന് പി.എസ്.ജിയിലെത്തിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാകും മെസ്സിക്കായി സ്വന്തമാക്കാന്‍ ക്ലബ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ സത്യമാകുകയാണെങ്കില്‍ മെസിയുടെ വരവ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക കോച്ച് മൗറീഷ്യോക്കാകും. മെസ്സി, നെയ്മര്‍, എംബാപ്പെ, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ വമ്പന്മാരെ ഒരുമിച്ചെങ്ങനെ അണിനിരത്തുമെന്നാകും മൗറീഷ്യോപോച്ചെറ്റിനോയുടെ വേവലാതി. മെസ്സി എത്തിയാല്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്കൊപ്പം സ്വാഭാവികമായും താരത്തെ മുന്നേറ്റ നിരയില്‍ കളിപ്പിക്കേണ്ടി വരും. അപ്പോള്‍ ഇക്കാര്‍ഡിയുടെ സ്ഥാനം സ്വാഭാവികമായി ഭീഷണിയിലാകും.ഡി മരിയയെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നതും ചോദ്യ ചിഹ്നമാകും.
മെസി എന്തുകൊണ്ട് ബാഴ്സലോണ വിട്ടു?
നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് മെസി ബാഴ്സലോണ വിടുന്ന കാര്യത്തില്‍ തീരുമാനമായത്. നൗകാമ്പില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെസി തന്റെ വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബാഴ്‌സ ആരാധകരുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
ടൂര്‍ണമെന്റ് നടത്തിപ്പുകാരായ ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ് മെസിയുമായി പുതിയൊരു കരാര്‍ നടക്കാതെ പോയതെന്നാണ് ബാഴ്സലോണ വ്യക്തമാക്കുന്നത്. ശമ്പളം തന്നെ കുറച്ച് ക്ലബ്ബില്‍ തുടരാന്‍ മെസി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നിയന്ത്രണങ്ങള്‍ വിലങ്ങുതടിയായെന്നും ബാഴ്സ അറിയിക്കുന്നു. മെസിയെപ്പോലൊരു കളിക്കാരനെ പിടിച്ചുനിര്‍ത്താന്‍ പോലും പറ്റാത്ത എന്ത് നിയന്ത്രണങ്ങളാണ് ലാ ലിഗയ്ക്കുള്ളത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രത്യേകിച്ചും മെസി പോയാല്‍ ലാ ലിഗയുടെ ഗ്ലാമറിനെ തന്നെ ബാധിക്കുമെന്നതിനാല്‍.
കളിക്കാരുടെ വേതനവും ഏറ്റെടുക്കല്‍ ചെലവും കബ്ബ് വരുമാനത്തിന്റെ 70 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ് 2013ല്‍ ലാ ലിഗാ കൊണ്ടുവന്ന നിയമം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബാഴ്സയുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു. അതോടെ മെസിയെ നിലനിര്‍ത്തണമെങ്കില്‍ താരത്തിന്റെ ശമ്പളം കുറക്കാതെ ബാഴ്സക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലാതെയായി. യൂറോപ്പിലെ ട്രാന്‍സ്ഫര്‍ ജാലകങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെട്ടതോടെ ബാഴ്സയുടെ മുന്നിലെ വഴിയടഞ്ഞു.
അതിനിടെ ലാ ലിഗയിലും ക്ലബ്ബുകളിലേക്കും വന്ന സ്വകാര്യ നിക്ഷേപം പോലും മെസിയുടെ പോക്ക് തടയുമെന്ന് വ്യാഖ്യാനിച്ചെങ്കിലും അതും സംഭവിച്ചില്ല. ലാലീഗയിലെ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള ബാഴ്സലോണയുടെയും റയല്‍മാഡ്രഡിന്റെയും എതിര്‍പ്പാണ് നടക്കാതെ പോയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല.
ജൂണ്‍ 30നാണ് ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. ലാ ലിഗ ഫുട്‌ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങള്‍ കാരണമാണു ലയണല്‍ മെസ്സിയുമായി പുതിയ കരാര്‍ ഒപ്പിടാന്‍ വൈകുന്നതെന്ന്ക്ലബ് പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ടയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് ബാഴ്‌സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ആത്മ ബന്ധം അവസാനിപ്പിക്കാന്‍ താരം തയ്യാറായത്.