വ്യക്തിഗത നേട്ടങ്ങൾ രണ്ടാമത്; ഇനി സെമിഫൈനലിനുള്ള തയ്യാറെടുപ്പെന്ന് മെസ്സി

കളിച്ച 5 കളികളിൽ നാലിലും മെസ്സി ആയിരുന്നു കളിയിലെ താരവും

Update: 2021-07-04 09:56 GMT
Advertising

വർഷങ്ങളായി തുടരുന്ന കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ബൂട്ടുകെട്ടിയിറങ്ങിയ അർജന്റൈൻ ഫുട്ബോൾ ടീമിന് ആത്മവിശ്വാസം നൽകുന്നതായി കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരെയുള്ള മിന്നും ജയം. അതിന് മുന്നിൽ നിന്ന് നയിക്കുന്നതാകട്ടെ ലയണൽ മെസ്സിയെന്ന ലോകോത്തര താരവും.


 



തന്റെ മികച്ച പ്രകടനം കൊണ്ട് ഈ വർഷത്തെ കോപ അമേരിക്ക തന്റേതാക്കി മാറ്റുകയാണ് ലയണൽ മെസ്സി. ഇത് വരെ കളിച്ച 5 കളികളിൽ നിന്നായി 4 ഗോളുകളും 4 അസിസ്റ്റുകളും കണ്ടത്തിയ മെസ്സി ഇത് രണ്ടിലും ടൂർണമെന്റിൽ ഒറ്റക്ക് മുന്നിലാണ്.കളിച്ച 5 കളികളിൽ നാലിലും മെസ്സി തന്നെയായിരുന്നു കളിയിലെ താരവും.


ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ തന്റെ അർജന്റീനക്കായി 76 ആമത് ഗോൾ നേടിയ മെസ്സി ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടുന്ന ദക്ഷിണ അമേരിക്കൻ താരമെന്ന ഇതിഹാസ താരം പെലെയുടെ റെക്കോഡിനു വെറും ഒരു ഗോൾ അകലെ മാത്രമാണ്. ക്ലബിനും രാജ്യത്തിനുമായുള്ള മെസ്സിയുടെ 58 ആമത് ഫ്രീകിക്ക് ഗോളുമാണ് ഇന്നത്തേത്.

എന്നാൽ വ്യക്തിഗത നേട്ടങ്ങൾക്കല്ല പ്രാമുഖ്യമെന്ന് താരം പ്രതികരിച്ചു. "വ്യക്തിഗത നേട്ടങ്ങൾ രണ്ടാമതാണ്. ഇനിയുള്ള ചിന്ത കൊളംബിയയെ കുറിച്ചാണ്. അവർ നല്ലവണ്ണം പ്രതിരോധിക്കും, പെട്ടെന്നുള്ള കൗണ്ടറുകളാണ് അവരുടേത്." മത്സര ശേഷം മെസ്സി പറഞ്ഞു. 


Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News