പി.എസ്.ജിയുടെ സീസണിന് ഇന്ന് തുടക്കം; മെസി കളിക്കുമോ? നിലപാട് വ്യക്തമാക്കി കോച്ച്

മെസിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം സ്വന്തം തട്ടകമായ പാർക് ദെ പ്രിൻസിലാവണമെന്ന് പി.എസ്.ജി തീരുമാനിക്കുകയാണെങ്കിൽ സെപ്തംബർ ഒമ്പത് വരെ ആരാധകർ കാത്തിരിക്കേണ്ടി വരും.

Update: 2021-08-14 10:25 GMT
Editor : André | By : André
Advertising

ബാഴ്‌സലോണ വിട്ട് ഫ്രാൻസിലെ പി.എസ്.ജിയിലേക്ക് കൂടുമാറിയ സൂപ്പർ താരം ലയണൽ മെസി പുതിയ തട്ടകത്തിൽ അരങ്ങേറുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 2021-22 ഫ്രഞ്ച് ലീഗ് സീസൺ ഇന്നാരംഭിക്കുമ്പോൾ പി.എസ്.ജി നിരയിൽ അർജന്റീനാ താരം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുന്നവരുമേറെ. എന്നാൽ, മെസിയുടെ പാരിസ് അരങ്ങേറ്റം ഇന്നുണ്ടാവില്ലെന്നും താരം പുതിയ കുപ്പായത്തിൽ കളിക്കുന്നതു കാണാൻ രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്നുമാണ് പി.എസ്.ജി ഹെഡ് കോച്ച് മൗറിഷ്യോ പൊചെറ്റിനോ വ്യക്തമാക്കുന്നത്.

'ഇന്ന് ലിയോ (മെസി) കോപ ഫൈനൽ കഴിഞ്ഞ് ഒരു മാസത്തിനുശേഷം, രണ്ടാമത്തെ ട്രെയിനിങ് സെഷനിൽ പങ്കെടുത്തു. മെസിക്ക് എന്തു തോന്നുന്നു എന്നതിനെ ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റവും തീരുമാനിക്കുക.' - പൊചെറ്റിനോ പറഞ്ഞു.

കോപ അമേരിക്ക ടൂർണമെന്റിനു ശേഷം സാമാന്യം ദീർഘമായ അവധി ആഘോഷിച്ച ശേഷമാണ് മെസി ഫുട്‌ബോൾ മൈതാനത്ത് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ, പരിശീലനത്തിലൂടെ പൂർണ സജ്ജനായതിനു ശേഷം മാത്രമേ താരത്തെ കളിപ്പിക്കാനാവൂ എന്നാണ് കോച്ച് കരുതുന്നത്. പി.എസ്.ജിയുമായുള്ള കരാർ ഒപ്പുവെച്ചതിനു തൊട്ടുപിന്നാലെ മെസി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 'എന്റെ ഒരുക്കങ്ങളുടെ പുരോഗതിയെ ആശ്രയിച്ചായിരിക്കും എന്റെ അരങ്ങേറ്റവും. ഞാൻ തയാറാണെന്ന് സ്റ്റാഫ് തീരുമാനിച്ചാൽ പൂർണ മനസ്സോടെ ഇറങ്ങും' - അരങ്ങേറ്റം സംബന്ധിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു മെസിയുടെ മറുപടി.

ആഗസ്റ്റ് 10-നാണ് പി.എസ്.ജിയുമായുള്ള കരാർ നടപടികൾ മെസി പൂർത്തിയാക്കിയത്. പുതിയ നഗരത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാനും വ്യക്തിപരമായ കാര്യങ്ങൾ ചെയ്തു തീർക്കാനും താരത്തിന് സമയം നൽകണമെന്ന നിലപാടാണ് കോച്ചിനും ടെക്‌നിക്കൽ സ്റ്റാഫിനുമുള്ളത്. ഒരു മത്സരത്തോളം മൈതാനത്തുനിന്ന് വിട്ടുനിന്നതിനാൽ മത്സരത്തിനാവശ്യമായ ശാരീരികക്ഷമത കൈവരിക്കാനും മെസിക്ക് സമയമെടുക്കേണ്ടി വരും.

ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30 നാണ് ഹോം ഗ്രൗണ്ടിൽ പി.എസ്.ജി സ്ട്രാസ്‌ബോഗിനെ നേരിടുന്നത്. അടുത്തയാഴ്ച എവേ മത്സരത്തിൽ ബ്രെസ്റ്റുമായും കളിക്കും. ഈ മാസം 29-ന് റീംസുമായിട്ടാണ് അടുത്ത മത്സരം. അപ്പോഴേക്കും മെസി മത്സര സജ്ജമാകുമെന്നാണ് സൂചന. മെസിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം സ്വന്തം തട്ടകമായ പാർക് ദെ പ്രിൻസിലാവണമെന്ന് പി.എസ്.ജി തീരുമാനിക്കുകയാണെങ്കിൽ സെപ്തംബർ ഒമ്പത് വരെ ആരാധകർ കാത്തിരിക്കേണ്ടി വരും. ക്ലെർമോണ്ടിനെതിരെയാണ് അന്നത്തെ മത്സരം.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News