തലമാറിയാല്‍ ജയം വരുമോ; അന്റോണിയോ ലോപ്പസ് ഹബസ് മോഹന്‍ ബഗാന്‍ പരിശീലകന്‍
2019-20 സീസണില്‍ ലോപ്പസിന് കീഴില്‍ ഐ.എസ്.എല്‍ കിരീടം നേടിയിരുന്നു
കൊൽക്കത്ത: ഐ.എസ്.എലിൽ തുടർ തോൽവികൾ നേരിടുന്ന നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാൻ സൂപ്പർജയന്റ്സ് പരിശീലക സ്ഥാനത്തുനിന്ന് ജുവാൻ ഫെർണാണ്ടോയെ മാറ്റി. ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായ അന്റോണിയോ ലോപ്പസ് ഹബസിനെ പുതിയ കോച്ചായി നിയമിച്ചു. കലിംഗ സൂപ്പർ കപ്പിൽ ഹബസിന് കീഴിലാകും ടീം ഇറങ്ങുക. സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോക്ക് കീഴിൽ കൊൽക്കത്തൻ ക്ലബ് കഴിഞ്ഞ ഐ.എസ്.എൽ കിരീടവും ഡ്യൂറന്റ് കപ്പും സ്വന്തമാക്കിയിരുന്നു.
എന്നാൽ ഈ സീസണിൽ കാര്യങ്ങൾ ശുഭകരമായില്ല. പത്ത് കളിയിൽ നിന്ന് ആറുജയം മാത്രമാണ് നേടാനായത്. നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാംസ്ഥാനത്താണ്. അവസാന മത്സരത്തിൽ സ്വന്തം തട്ടകമായ സാറ്റ്ലേക്ക് സ്്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരുഗോൾ തോൽവി വഴങ്ങി. ഇതോടെയാണ് കോച്ചിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
നേരത്തെ മോഹൻ ബഗാനെ പരിശീലിപ്പിച്ചിരുന്ന ലോപ്പസ് ഹബസ് 2021 അവസാനമാണ് ക്ലബ് വിട്ടത്. 2019-20 സീസണിൽ ഐ.എസ്.എൽ കിരീടം നേടിയിരുന്നു. 2014ൽ എടികെ കൊൽക്കത്തയെ പ്രഥമ ഐ.എസ്.എൽ ചാമ്പ്യനാക്കിയതും സ്പാനിഷ് പരിശീലകനാണ്. 2016ൽ പൂനെ സിറ്റി പരിശീലകസ്ഥാനത്ത് പ്രവർത്തിച്ചു. അത്ലറ്റികോ മാഡ്രിഡ്, സെവിയ എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.