ചാമ്പ്യൻസ് ലീഗ് അടിമുടി മാറി: ഈ സീസൺ മുതലുള്ള മാറ്റങ്ങൾ അറിയാം
കാലങ്ങളായി ചാമ്പ്യൻസ് ലീഗ് ഒരേ ഫോർമാറ്റിൽ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് യുവേഫക്ക് മൊത്തത്തിൽ ഒന്ന് മാറ്റിപ്പണിയാൻ തോന്നുന്നത്. അങ്ങനെ അടിമുടി മാറിയ ചാമ്പ്യൻസ് ലീഗാണ് നമ്മൾ ഇക്കുറി കാണുക. നിലവിൽ 32 ടീമുകൾ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളിലായി അണിനിരന്നായിരുന്നു പോരാട്ടങ്ങൾ. ഇനി മുതൽ ടീമുകളുടെ എണ്ണം 36 ആയി ഉയരും. കൂടാതെ ടൂർണമെന്റിന്റെ രീതിയും അടിമുടി മാറും.
ചാമ്പ്യൻസ്‍ലീഗിൽ ടീമുകളെ പങ്കെടുപ്പിക്കുന്നത് എങ്ങനെ?
ആദ്യം എങ്ങനെയാണ് ചാമ്പ്യൻസ് ലീഗിൽ ടീമുകളെ അണിനിരത്തുന്നത് എന്ന് നോക്കാം. യുവേഫ ഓരോ ഫുട്ബോൾ അസോസിയേഷനുകൾക്കും ലീഗുകൾക്കും ക്ലബുകൾക്കുമെല്ലാം പെർഫോമൻസ് അടിസ്ഥാനത്തിൽ റാങ്കിങ് തയ്യാറാക്കുന്നുണ്ട്. ടീമുകളെ തെരഞ്ഞെടുക്കുന്നതിൽ ഇത് നിർണായകമാണ്. ഈ റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനത്തുള്ള ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും നാലുടീമുകൾക്ക് യോഗ്യതയുണ്ട്. അഞ്ചാമതുള്ള ഫ്രാൻസിൽ നിന്നും മൂന്നും ആറാമതുള്ള നെതർലൻഡ്സിൽ നിന്നും രണ്ടുടീമുകൾ വീതവും ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടും. കൂടാതെ ബെൽജിയം, സ്കോട്ട്ലാ്ൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നും ഓരോ ടീമുകൾ വീതവും കളിക്കും. ഇവക്കുപുറമേ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ, യൂറോപ്പ ലീഗ് ചാമ്പ്യൻമാർ എന്നിവരും യോഗ്യത നേടും. .
കൂടാതെ ഒാരോ വർഷവും ഒാരോ ലീഗുകളിലെയും മൊത്തം മത്സരങ്ങളും പ്രകടനങ്ങളും മാനദണ്ഡമാക്കി യുവേഫ European Performance Spot കണക്കാക്കുന്നുണ്ട്. കണക്കിലെ കളികളാണ് ഈ റാങ്കിങ്ങിനെ തീരുമാനിക്കുന്നത്. ഈ റാങ്കിങ് അനുസരിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇറ്റലിക്കും ജർമനിക്കും ഇക്കുറി ചാമ്പ്യൻസ് ലീഗിൽ അഞ്ചുടീമുകളെ കളിപ്പിക്കാനാകും. ഇതുപ്രകാരം സിരിഎയിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത ബൊലോണിയും ബുൻഡസ് ലിഗയിലെ അഞ്ചാംസ്ഥാനക്കാരായ ഡോർട്ട്മുണ്ടും ഇക്കുറി ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടും. ഈ ടീമുകൾക്കെല്ലാം പുറമേ യോഗ്യത റണ്ട് കടന്നെത്തുന്ന ഏഴ് ടീമുകളും ഉൾപ്പെടെ 36 ടീമുകളാണ് ഇക്കുറി ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകുക.
അപ്പോൾ ഒരു സംശയം ബാക്കിയുണ്ട്. ചാമ്പ്യൻസ് ലീഗ് ജേതാക്കളാകുന്ന ടീം തന്നെ അതത് ലീഗുകളിൽ ടോപ്പ് 4ൽ ഉള്ളവരുമാകും. ഉദാഹരണമായി പറഞ്ഞാൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ്. അവർതന്നെ ലാലിഗയിലെ ടോപ്പ് 4 എന്ന നിലയിലും യോഗ്യത നേടുന്നു. മിക്ക സമയങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇങ്ങനെ വരുമ്പോൾ യുവേഫ കോഎഫിഷയന്റ് റാങ്കിങ്ങിൽ 11ാമതുള്ള രാജ്യത്തിലെ ലീഗിൽ ജേതാക്കളായവരെ ഉൾപ്പെടുത്തും. ഇക്കുറി ഇങ്ങനെ എത്തിയത് യുക്രൈൻ ചാമ്പ്യൻമാരായ ഷാക്തറാണ്. യൂറോപ്പ ലീഗ് ജയിക്കുന്നവരും ടോപ്പ് 4ൽ ഉൾപ്പെടാറുണ്ട്. അങ്ങനെ വരുമ്പോൾ യോഗ്യത റൗണ്ടിലുള്ളവരിൽ ഏറ്റവും കൂടുതൽ പോയന്റുള്ള ടീമിനെ തെരഞ്ഞെടുക്കുകയാണ് പതിവ്.
പുതിയ ഫോർമാറ്റ് എങ്ങനെ?
ഈ 36 ടീമുകളെ ഒൻപതെണ്ണം വീതമാക്കി നാല് പോട്ടുകളായി അണിനിരത്തും. യുവേഫ നടത്തുന്ന ക്ലബുകളുടെ കോഎഫിഷ്യൻസ് റാങ്കിങ് അനുസരിച്ചാകും ക്ലബുകളെ നാലുപോട്ടുകളാക്കി തിരിക്കുക. ക്ലബുകളുടെ അഞ്ചുവർഷത്തെ പെർഫോമൻസും ചാമ്പ്യൻസ് ലീഗ് ലെഗസിയും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് നടപ്പാക്കുക. തുടർന്ന് ഒാരോ ടീമിനുമുള്ള എതിരാളികളെ കമ്പ്യൂട്ടർ മുഖേനയാണ് തീരുമാനിക്കുന്നത്. ഇതിനായി ഒരു ഇംഗ്ലീഷ് ഐടി കമ്പനിയുമായി യുവേഫ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. യുവേഫയുടെ മാനുവൽ ഡ്രോക്കെതിരെ പല വിവാദങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം. ഈ വർഷത്തെ ഡ്രോ ഓഗസ്റ്റ് 29ന് മൊണോക്കോയിൽ നടക്കും.
നാല് പോട്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് ടീമുകൾ വീതം അഥവാ എട്ട് എതിരാളികളാകും ഓരോ ടീമിനുമുണ്ടാകുക. അഥവാ അതിശക്തരായ രണ്ട് എതിരാളികൾ മുതൽ ദുർബലരായ രണ്ട് എതിരാളികളെ വരെ ഓരോ ടീമിനും കിട്ടും. ഒരുടീം കളിക്കുന്ന എട്ടുമത്സരങ്ങളിൽ നാലെണ്ണം എവേ ഗ്രൗണ്ടിലും നാലെണ്ണം ഹോം ഗ്രൗണ്ടിലുമായിരിക്കും. ഇങ്ങനെ ഓരോ ടീമും കളിക്കുന്ന എട്ട് മത്സരങ്ങളുടെയും ഫലങ്ങൾ ഉൾപ്പെടുത്തി ഒരു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇതിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ആദ്യത്തെ എട്ടുടീമുകൾ റൗണ്ട് ഓഫ് 16ലേക്ക് നേരിട്ട് യോഗ്യത നേടും. 9 മുതൽ 24 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെടുന്നവർക്ക് േപ്ല ഓഫ് മത്സരങ്ങൾ ഒരുക്കി ഇതിൽ നിന്നും എട്ടുടീമുകളെക്കൂടി റൗണ്ട് ഓഫ് 16ലേക്ക് കടത്തും. റാങ്കിങ്ങിൽ 25 മുതൽ 36 വരെയുള്ളവർ പുറത്താകും.
ലീഗ് പോയന്റ് പട്ടിക മുൻനിർത്തിയാകും റൗണ്ട് ഓഫ് 16ലെ എതിരാളികളെ തീരുമാനിക്കപ്പെടുക. ലീഗിൽ മുൻ നിരയിലുള്ളവർക്ക് ലീഗിലെ ഏറ്റവും താഴെയുള്ളവരെയാകും എതിരാളികളായി കിട്ടുക. അതുകൊണ്ടുതന്നെ ലീഗിൽ ടോപ്പിൽ തന്നെ ഫിനിഷ് ചെയ്യാനാകും ടീമുകളുടെ ശ്രമം. കൂടാതെ ലീഗ് ഫോർമാറ്റിലായതിനാൽ ഗോൾ ശരാശരിക്കും റാങ്കിങ്ങിൽ വലിയ പ്രാധാന്യമുണ്ടായിരിക്കും.
സത്യത്തിൽ ഇത്തരമൊരു തീരുമാനത്തിന് യുവേഫയെ പ്രേരിപ്പിച്ചതിന് പിന്നിൽ ക്ലബ് മുതലാളിമാർക്ക് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് അവരുടെ വരുമാനവും വർധിപ്പിക്കും. കൂടാതെ ഗ്രൂപ്പ് ഘട്ടത്തിലെ വിരസമായ മത്സരൾ മാറി കൂടുതൽ മത്സരക്ഷമത കൈവരുമെന്നും യുവേഫ വാദിക്കുന്നു. അതേ സമയം നിലവിൽ തന്നെ ടൈറ്റ് ഷെഡ്യൂളുള്ള താരങ്ങൾക്കും മാനേജർമാർക്കും പുതിയ ഫോർമാറ്റ് അധിക ഭാരമാണ് എന്നാണ് പലരും വാദിക്കുന്നത്.