ബാഴ്‌സലോണയും നെയ്മറും തമ്മിലുള്ള നിയമ പോരാട്ടം 'പറഞ്ഞുതീര്‍ത്തു'
പി.എസ്.ജിയിലേക്ക് മാറിയതിന് പിന്നാലെ ബാഴ്‌സലോണ തനിക്ക് അർഹതപ്പെട്ട ബോണസ് നൽകിയില്ലെന്ന് ആരോപിച്ചാണ് നെയ്മർ ബാഴ്‌സലോണക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്
മുൻ ബാഴ്‌സലോണ താരം നെയ്മറും ബാഴ്‌സലോണയും തമ്മിലുള്ള നിയമ പോരാട്ടം അവസാനിച്ചു. ഇരു കൂട്ടരും നിയമ പോരാട്ടം സൗഹൃദപരമായ രീതിയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നാല് വര്‍ഷം നീണ്ട നിയമ പോരാട്ടം അവസാനിച്ചത്. "ബ്രസീലിയൻ താരം നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയറുമായുണ്ടായിരുന്ന വിവിധ തൊഴിൽ, സിവിൽ വ്യവഹാര കേസുകൾ സൗഹാർദ്ദപരമായി കോടതിക്ക് പുറത്ത് അവസാനിച്ചതായി എഫ്‌സി ബാഴ്‌സലോണ പ്രഖ്യാപിച്ചു.
2017ൽ ബാഴ്‌സലോണയിൽ നിന്ന് റെക്കോർഡ് തുകക്ക് (ഏകദേശം 2000കോടി) നെയ്മർ പി.എസ്.ജിയിൽ എത്തിയതിന് പിന്നാലെയാണ് ബാഴ്‌സലോണയും നെയ്മറും നിയമപോരാട്ടം ആരംഭിച്ചത്. പി.എസ്.ജിയിലേക്ക് മാറിയതിന് പിന്നാലെ ബാഴ്‌സലോണ തനിക്ക് അർഹതപ്പെട്ട ബോണസ് നൽകിയില്ലെന്ന് ആരോപിച്ചാണ് നെയ്മർ ബാഴ്‌സലോണക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്. നെയ്മർ ബാഴ്‌സലോണയുമായുള്ള കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ബാഴ്‌സലോണയും നെയ്മറിനെതിരെ കോടതി കയറുകയും ചെയ്തു. തുടർന്ന് ഇരുകൂട്ടരും നിയമപോരാട്ടം നടത്തിയെങ്കിലും ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പിൽ എത്താനായിരുന്നില്ല. തുടർന്നാണ് സൗഹൃദപരമായ രീതിയിൽ കേസ് അവസാനിപ്പിക്കാൻ ഇരു കൂട്ടരും തീരുമാനിച്ചത്.