നിക്കോ വില്യംസിനും ഒൽമോക്കും വൻ ഡിമാൻഡ്; യൂറോ താരങ്ങളെ തേടി വമ്പൻ ക്ലബുകൾ

സ്പാനിഷ് നിരയിലെ നിക്കോ-യമാൽ കോംബോ ബാഴ്‌സലോണയിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും

Update: 2024-07-20 16:10 GMT
Editor : Sharafudheen TK | By : Sports Desk
Advertising

യൂറോയും കോപയും സമാപിച്ചതോടെ ഇനി ക്ലബ് പോരാട്ടങ്ങളുടെ സോക്കർ രാവുകൾ. പ്രീമിയർലീഗ് മത്സരങ്ങൾക്ക് ആഗസ്റ്റ് 17ന് തുടക്കമാകും. ലാലീഗ 15നും ബുണ്ടെസ് ലീഗ 23നും ആരാധകരിലേക്കെത്തും. പുതിയ സീസണ് മുന്നോടിയായി യൂറോപ്പിലെ പ്രധാന ക്ലബുകളിലെല്ലാം കൂടുമാറ്റത്തിന്റെ സമയമാണിത്. യൂറോയിലെയും കോപയിലേയും മിന്നും പ്രകടനം പലതാരങ്ങളുടേയും തലവരമാറ്റിയിരിക്കുകയാണ്. മുൻനിര ക്ലബുകൾ യങ് ടലന്റിനായി വലവീശികഴിഞ്ഞു. അത്തരം ചില ട്രാൻസ്ഫർ വാർത്തകൾ പരിശോധിക്കാം.

നിക്കോ വില്യസ്: യൂറോ ചാമ്പ്യൻമാരായ സ്പെയിൻ നിരയിൽ ഫൈനലിലിടക്കം ഗോളടിച്ച താരമാണ് സ്പാനിഷ് ക്ലബ് അത്ലറ്റിക് ബിൽബാവോയുടെ നിക്കോ വില്യംസ്. ഇടതുവിങിൽ ചാട്ടുളിപോലെ കുതിച്ച് ലമീൻ യമാലുമായി ചേർന്ന് നിക്കോ നടത്തിയ മുന്നേറ്റങ്ങൾ എതിർ ഗോൾമുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിക്കുന്നതായിരുന്നു. ഇതോടെ യൂറോക്ക് ശേഷം 22 കാരന്റെ മാർക്കറ്റ് വാല്യു പതിൽമടങ്ങാണ് വർധിച്ചത്. ഇതോടെ നിക്കോയെ ടീമിലെത്തിക്കാൻ ക്ലബുകൾ ശ്രമമാരംഭിച്ചു. നിലവിൽ 58 മില്യൺ റിലീസ് ക്ലോസാണ് അത്ലറ്റിക് ക്ലബ് മുന്നോട്ട് വെച്ചിട്ടുള്ളത്. ബാഴ്സലോണയാണ് നികോയുടെ സൈൻ ചെയ്യാനുള്ള റേസിൽ മുന്നിലുള്ളത്. സ്പാനിഷ് നിരയിലെ നികോ-ലമീൻ യമാൽ കോംബോ കറ്റാലൻ ക്ലബിനൊപ്പവും തുടരുമെന്ന പ്രതീക്ഷ യിലാണ് ആരാധകരും. ബാഴ്‌സയുടെ ടിക് ടോക്ക് അക്കൗണ്ടിലേക്ക് പ്രതീകാത്മകമായി സംഭാവന നൽകി ആരാധകർ ശ്രദ്ധനേടിയിരുന്നു. കൈമാറ്റ തുക ഉൾപ്പെടെ വലിയതുക നൽകി താരത്തെ ടീമിലെത്തിക്കാൻ നിലവിലെ ബാഴ്സയുടെ സാമ്പത്തിക സാഹചര്യത്തിൽ സാധിക്കുമോയെന്നത് സംശയമാണ്. ഇംഗ്ലീഷ് ക്ലബുകളായ ആഴ്സനൽ, ചെൽസി ക്ലബുകളും നിക്കോക്കായി ശ്രമം നടത്തുന്നുണ്ട്.

ഡാനി ഒൽമോ: യൂറോ കിരീടധാരണത്തിൽ സ്പെയിൻ നിരയിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ഡാനി ഒൽമോ. മൂന്ന് ഗോളുമായി യൂറോ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. നിലവിൽ ജർമൻ ക്ലബ് ആർ.ബി ലെയ്സ്പിഗ് താരമായ ഒൽമോയുടെ വിപണിമൂല്യം യൂറോയിലൂടെ ഇരട്ടിയായി വർധിച്ചു. ഗോളടിക്കാനും അടുപ്പിക്കാനും മിടുക്കുള്ള 26 കാരനെ ലക്ഷ്യമിട്ടും പ്രധാന ക്ലബുകൾ രംഗത്തുണ്ട്. പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിൽ. കെവിൻ ഡിബ്രുയിനെ, ബെർണാഡോ സിൽവ എന്നിവരുടെ പിൻഗാമിയായി ദീർഘകാല കരാറിൽ  എത്തിക്കാനാണ് സിറ്റി മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, ചെൽസി, ലിവർപൂൾ ക്ലബുകളും ഒൽമോയ്ക്കായി ശ്രമം നടത്തുന്നുണ്ട്. ലാമാസിയ താരമാണെന്നതും ബാഴ്സലോണയിലേക്ക് താരത്തെ അടുപ്പിക്കുന്ന ഘടകമാണ്. നിലവിൽ 50 മില്യമാണ് കൈമാറ്റത്തിനായി ലെയ്പ്സിഗ് ഉയർത്തുന്നത്. എന്നാൽ ഇടക്കിടെ പരിക്ക് പിന്തുടരുന്ന താരമാണ് ഒൽമോയെന്നത് പല ക്ലബുകൾക്കും ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദേശീയ,ക്ലബ് തലങ്ങളിൽ 68 മത്സരങ്ങളാണ് പരിക്കിനെ തുടർന്ന് യങ് ഫോർവേഡിന് നഷ്ടമായത്.

റിക്കാർഡോ കലഫിയോരി

യൂറോയിൽ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് പുറത്തായെങ്കിലും ഇറ്റാലിയൻ ടീമിൽ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത താരമാണ് യങ് സെൻട്രൽ ബാക്ക് റിക്കാർഡോ കലഫിയോരി. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരെ അവസാന മിനിറ്റിൽ നേടിയ ഗോളിൽ അസിസ്റ്റ് നൽകിയത് ഈ താരമായിരുന്നു. നിലവിൽ ഇറ്റാലിയൻ സീരി എയിൽ ബൊലോഗ്‌നക്കായി കളിക്കുന്ന 22 കാരനെ പ്രീമിയർലീഗ് ക്ലബ് ആഴ്‌സനൽ സ്വന്തമാക്കി കഴിഞ്ഞു. 40 മില്യണിനാണ് താരത്തെ ഗണ്ണേഴ്‌സ് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെത്തിച്ചത്.

ഡിയോഗോ കോസ്റ്റ: പോർച്ചുഗൽ ഗോൾകീപ്പറായ ഡിയോഗോ കോസ്റ്റ ഈ യൂറോയിൽ ഏറ്റവും കൂടുതൽ ഇംപാക്ടുണ്ടാക്കിയ ഗോൾകീപ്പറാണ്. സ്ലൊവേനിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തുടരെ കിക്കുകൾ തടുത്തിട്ട് പറങ്കിപട ക്വാർട്ടറിലെത്തിയത് കോസ്റ്റയുടെ മികവിലായിരുന്നു. പോർച്ചുഗീസ് ക്ലബ് എഫ്.സി പോർട്ടോയുടെ താരമായ 24 കാരനായി ഇംഗ്ലീഷ് ക്ലബ് ചെൽസിയാണ് രംഗത്തുള്ളത്. നിലവിലെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന് പകരക്കാരനായാണ് യുവതാരത്തെ പരിഗണിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും കോസ്റ്റക്കായി ശ്രമം നടത്തുന്നുണ്ട്. താരത്തെ വിട്ടുനൽകുന്നതിനായി 65 മില്യണാണ് പോർട്ടോ മുന്നോട്ട് വെച്ച തുകയെന്നാണ് റിപ്പോർട്ടുകൾ.

ബാരിസ് യിൽമാസ്: തുർക്കി അതിവേഗ കുതിപ്പുകളുമായി ഫുട്ബോൾ ആരാധകരുടെ മനംകവർന്ന താരമാണ് വിംഗർ ബാരിസ് ഇൽമാസ്. ടർക്കിഷ് ക്ലബ് ഗലാറ്റസറേയുടെ താരമായ 24 കാരനായി വലവിരിച്ച് ഇംഗ്ലീഷ് ക്ലബ് ആഴ്സനലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് മുന്നിലുള്ളത്.

മാനുവൽ ഉഗാർട്ട: കോപ അമേരിക്കയിൽ ഉറുഗ്വെയുടെ മധ്യനിരയെ ചലിപ്പിച്ച മാനുവൽ ഉഗാർത്തെയും ട്രാൻസ്ഫർ വിപണിയിലെ ഹോട്ട് സാന്നിധ്യമാണ്. ഇംഗ്ലീ്ഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഡിഫൻസീവ് മിഡ്ഫീൽഡർക്കായി ശ്രമമാരംഭിച്ചത്. ബ്രസീലിയൻ താരം കസമിറോ ഫോമിലല്ലാത്തത് കഴിഞ്ഞ സീസണിൽ റെഡ് ഡെവിൾസ് പ്രകടനത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. ഇതോടെയാണ് പുതിയ സീസണിലേക്ക് 23 കാരനെ എത്തിക്കാനുള്ള ശ്രമം സജീവമാക്കിയത്.

ആദ്യ യൂറോക്കെത്തി അത്ഭുതം തീർത്ത ജോർജ്ജിയൻ ടീമിലെ ഗോൾ മെഷീൻ ജോർജസ് മികൗടഡസ, ഗോൾവലക്ക് താഴെ മാജിക് പുറത്തെടുത്ത ജിയോർജി മമഡാഷ് വില്ലി, ഇംഗ്ലീഷ് താരം മാർക്ക് ഗുഛി, നെതർലാൻഡ്സ് മിഡ്ഫീൽഡർ റെയ്ൻഡേഴ്സ് എന്നിവരെല്ലാം യൂറോക്ക് ശേഷം ചുവട് മാറ്റത്തിനൊരുങ്ങുകയാണ്. അടുത്തിടെ നടന്ന പ്രധാന ട്രാൻസ്ഫർ ഫ്രഞ്ച് കൗമാരതാരം ലെനി യോറയുടേതാണ്. 18 കാരനെ വൻതുകയായ 62 മില്യൺ മുടക്കിയാണ് ഫ്രഞ്ച് ക്ലബ് ലില്ലിയിൽ നിന്ന് യുണൈറ്റഡ് സ്വന്തമാക്കിയത്. റയാൽ റഡാറിലുള്ള താരത്തെ അട്ടിമറി നീക്കത്തിലൂടെയാണ് ഇംഗ്ലീഷ് ക്ലബ് ഓൾഡ് ട്രഫോർഡിലെത്തിച്ചത്. യൂറോക്ക് തൊട്ടുപിന്നാലെ സ്പാനിഷ് ക്യാപ്റ്റൻ അൽവാരോ മൊറാട്ട എ.സി മിലാനുമായും കരാറിലെത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News