'ഇനിയൊന്നും നേടാനില്ല': വിരമിക്കൽ സൂചന നൽകി ലയണൽ മെസി
ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസി പറയുന്നു
പാരിസ്: ഖത്തറിൽ ലോകകപ്പും നേടി ഉന്നതങ്ങളിൽ നിൽക്കുകയാണ് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി. ക്ലബ്ബ് ഫുട്‌ബോളിൽ എല്ലാം സ്വന്തമാക്കിയിട്ടും ദേശീയ ടീമിന് വേണ്ടി എന്തുണ്ടാക്കി എന്ന ചോദ്യം മെസി കാലങ്ങളായി നേരിടുന്നുണ്ടായിരുന്നു. ഒടുവില്‍ കോപ്പ അമേരിക്കയും ലോകകപ്പും നേടിക്കൊടുത്ത് വിമർശകരുടെയും ചോദ്യക്കാരുടെയും വായ അടപ്പിച്ചു. 35കാരനായ മെസിക്ക് ഇനി എത്രകാലം ഫുട്‌ബോളിൽ തുടരാനാകും എന്നാണ് ആരാധകർ നോക്കുന്നത്.
ലോകകപ്പിന് ശേഷം മെസി ഫുട്‌ബോൾ മതിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇനിയും കളിക്കാനാണ് താത്പര്യമെന്ന് താരം തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ഇപ്പോഴിതാ മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നു. മെസി തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസി പറയുന്നു.
'ഞാനിപ്പോൾ കരിയറിന്റെ അവസാനത്തിലാണ്, ഞാൻ സ്വപ്‌നം കണ്ടതെല്ലാം ദേശീയ ടീമിന് വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെത്തന്നെ. കരിയർ തുടങ്ങുമ്പോൾ ഇതെല്ലാം സംഭവിക്കുമന് വിചാരിച്ചിരുന്നില്ല. ഇപ്പോൾ ലഭിക്കുന്നതെല്ലാം ആസ്വദിക്കുന്നു. ആരോടും പരിഭവമോ പരാതിയോ ഇനിയും എന്തെങ്കിലും കൂടുതലായി ചോദിക്കാനോ ഇല്ല'- മെസി പറഞ്ഞു. ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് മെസി ഇക്കാര്യങ്ങള്‍ പറയുന്നത്.
ലോകകപ്പിനിടെ നെതർലാൻഡ്‌സ് പരിശീലകനോടുള്ള ചൂടൻ പെരുമാറ്റത്തെക്കുറിച്ചും മെസി മനസ് തുറന്നിരുന്നു. കരുതിക്കൂട്ടിയില്ല, അപ്പോൾ സംഭവിച്ചതാണെന്നായിരുന്നു മെസിയുടെ വെളിപ്പെടുത്തല്‍. ഖത്തർലോകകപ്പിന് ശേഷം ആദ്യമായിട്ടായിരുന്നു മെസി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. നെതർലാൻഡ്‌സിനെതിരെയുള്ള മെസിയുടെ പെരുമാറ്റം ശ്രദ്ധേയമായിരുന്നു. അതുവരെ കാണാത്തൊരു മെസിയെയായിരുന്നു ആ മത്സരത്തിൽ കണ്ടിരുന്നത്. അതേസമയം ലോകകപ്പിന് ശേഷം പിഎസ്ജിയിൽ സജീവമാകുകയാണ് മെസി.
Summary -Lionel Messi Drops Retirement Hint