ഫ്രാൻസിന് വീണ്ടും തിരിച്ചടി; പോഗ്ബ ലോകകപ്പിനില്ല
ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പരിക്കിനെ തുടർന്ന് ലോകകപ്പിനുണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു
പാരിസ്: ഖത്തർ ലോകകപ്പിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ ഫ്രാൻസിന് തിരിച്ചടി. യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകും. മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതിനു പുറമെ തുടയെല്ലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലോകകപ്പിൽ സൂപ്പർ താരം പോഗ്ബയുടെ അസാന്നിധ്യം നിലവിലെ ലോക ചാംപ്യന്മാർക്ക് കൂടുതൽ ആഘാതമാകും. 2018ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് പോഗ്ബ. ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പരിക്കിനെ തുടർന്ന് ലോകകപ്പിനുണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് പോഗ്ബയ്ക്ക് മുട്ടിന് പരിക്കേറ്റത്. ലോകകപ്പ് തൊട്ടുമുന്നിലുള്ളതിനാൽ അന്ന് ശസ്ത്രക്രിയ നടത്തിയിരുന്നില്ല. എന്നാൽ, പരിക്ക് ഭേദമാകാതിരുന്നതോടെ സെപ്റ്റംബറിൽ ശസ്ത്രക്രിയ നടത്താൻ നിർബന്ധിതനാകുകയായിരുന്നു. പരിക്കിൽനിന്ന് പൂർണമായും മുക്തനാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ഡോക്ടർമാർ ഇപ്പോൾ അറിയിച്ചത്. ഇതോടെ, ലോകകപ്പ് കളിക്കില്ലെന്ന് താരത്തിന്റെ മാനേജർ റാപേൽ പിമന്റ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുകയാണ്.
ടോറിനോയിലും പിറ്റ്‌സ്ബർഗിലും കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് മാനേജർ അറിയിച്ചു. പരിക്ക് ഭേദമാകാൻ ഇനിയും സമയമെടുക്കുന്നതിനാൽ ലോകകപ്പിനുമുൻപ് യുവന്റസിനു വേണ്ടിയും കളിക്കില്ലെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് യുവന്റസിലെത്തിയ താരം ഇതുവരെ ടീമിനായി ഒരു കളിയിൽ പോലും പന്ത് തട്ടിയിട്ടില്ല.
കഴിഞ്ഞ മാർച്ചിലാണ് അവസാനമായി ദേശീയ ടീമിനു വേണ്ടി പോഗ്ബ കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസ് 5-0ത്തിന് വിജയിച്ചിരുന്നു. പരിക്കിനുശേഷം കഴിഞ്ഞ മാസം യുവന്റസ് ക്യാംപിൽ പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാൽ, കാൽമുട്ടിന് വേദന വീണ്ടും അലട്ടിയതോടെ സെപ്റ്റംബറിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
നവംബർ 20നാണ് ഖത്തറിൽ ലോകകപ്പ് മാമാങ്കത്തിന് തുടക്കമാകുന്നത്. 22ന് ആസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പ് 'ഡി'യിൽ ഡെന്മാർക്കും തുനീസ്യയുമാണ് മറ്റ് ടീമുകൾ. ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ പോഗ്ബയില്ലാതെയാകും ടീം ദോഹയിലേക്ക് തിരിക്കുന്നത്.
Summary: Juventus midfielder Paul Pogba will miss France's World Cup defence in Qatar as he needs more time to recover from a knee surgery