യുക്രൈൻ അധിനിവേശം: റഷ്യക്കെതിരെയുള്ള ലോകകപ്പ് പ്ലേഓഫ് കളിക്കില്ലെന്ന് പോളണ്ട്
ശനിയാഴ്ചയോടെ നൂറു കണക്കിന് പേരുടെ കൊലപാതകത്തിലും 50,000 ത്തിലേറെ പേർ യുക്രൈൻ വിടുന്നതിലുമെത്തിയിരിക്കുകയാണ് യുദ്ധം
യുക്രൈനിൽ അധിനിവേശം നടത്തിയ റഷ്യയുടെ ടീമുമായുള്ള ഫുട്‌ബോൾ ലോകകപ്പ് പ്ലേഓഫ് കളിക്കില്ലെന്ന് പോളിഷ് ഫുട്‌ബോൾ ഫെഡറേഷൻ. മാർച്ച് 24ന് നടക്കേണ്ട മത്സരത്തിൽ നിന്നാണ് ടീം പിന്മാറിയത്. ശനിയാഴ്ചയോടെ നൂറു കണക്കിന് പേരുടെ കൊലപാതകത്തിലും 50,000 ത്തിലേറെ പേർ യുക്രൈൻ വിടുന്നതിലുമെത്തിയിരിക്കുകയാണ് യുദ്ധം. ഈ സാഹചര്യത്തിലാണ് പോളണ്ടിന്റെ നീക്കം.
Cezary Kulesza, Polish FA president (PZPN):
— Derek Rae (@RaeComm) February 26, 2022
"No more words. Time to act. Due to the escalation of Russian aggression against Ukraine,the Polish FA does not intend to participate in the playoff against Russia. That is the only correct decision."
'സംസാരിക്കാനുള്ള സമയം കഴിഞ്ഞു. ഇനി പ്രവർത്തിക്കുകയാണ് വേണ്ടത്. യുക്രൈനിൽ റഷ്യ അധിനിവേശം നടത്തുന്നതിനാൽ അവരുടെ ടീമിനെതിരെയുള്ള മത്സരത്തിൽ നിന്ന് പോളിഷ് ടീം പിൻവാങ്ങുന്നു' പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻറ് സീസറി കുലേസ കുറിച്ചു. ഇതാണ് ഉചിത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Poland 🇵🇱 has refused to play their FIFA World Cup 2022 Qualifier vs Russia 🇷🇺.
— Usher Komugisha (@UsherKomugisha) February 26, 2022
FA president Cezary Kulesza 🗣: "In light of the escalation of the Russian Federation's aggression against Ukraine, the Polish national team is not going to play a match against Russian Republic." pic.twitter.com/uMFK4pPo55
റഷ്യയുമായുള്ള പ്ലേഓഫ് മത്സരങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡൻ, ചെക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ ഫുട്‌ബോൾ ഫെഡറേഷനുകളുമായി ചേർന്ന് പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ സംയുക്ത പ്രസ്താവന പുറത്തിറക്കി. തീരുമാനത്തെ പോളിഷ് ഫുട്‌ബോളർ റോബർട്ട് ലെവൻഡേവ്‌സ്‌കി പിന്താങ്ങി. പോളണ്ടും റഷ്യയും തമ്മിലുള്ള മത്സരഫലം സ്വീഡനെയോ ചെക് റിപ്പബ്ലിക്കിനെയോയാണ് ഫൈനലിലെത്തിക്കുക.
റഷ്യയ്ക്ക് യുക്രൈനിൽ എന്താണ് കാര്യം?
യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.
മാറി നിൽക്കുന്ന യുഎസ്
യുദ്ധ ഭീഷണി ഉയർന്ന വേളയിൽ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കിൽ സൈനിക സഹായം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളിൽ നിന്നു വിട്ടു നിൽക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാൽ നോർട് സ്ട്രീം-2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കാനുള്ള ജർമനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയിൽ നിന്ന് ജർമനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം 2. ചൈന നൽകുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനിൽ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.
മൂന്നാം ലോകയുദ്ധമോ?
റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാൽ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാൽ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധർ പറയുന്നു.
യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാനായാൽ മധ്യയൂറോപ്പിൽ റഷ്യക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈൻ അധീനതയിലായാൽ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കൻ അതിർത്തിയിലേക്കും റഷ്യക്ക് എളുപ്പത്തിൽ എത്താനാകും. അയൽരാജ്യമായ ബെലറൂസ് ഇപ്പോൾ തന്നെ റഷ്യൻ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.
സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും
കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.
വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.
Polish Football association has ruled out a football World Cup play-off with a Russian team that has invaded Ukraine.