'ടീമിന്റെ പ്രകടനത്തിൽ അഭിമാനം, വിജയം ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സമർപ്പിക്കുന്നു' - ഇവാൻ വുകമാനോവിച്
മുംബൈ സിറ്റിയെ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ അഭിമാനമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. വിജയം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കായി സമർപ്പിക്കുന്നുവെന്നും വിജയം തുടരാനാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ഇവാൻ പറഞ്ഞു.
മുംബൈ സിറ്റിക്ക് എതിരെ കൃത്യമായ പ്ലാനുകളോടെ ആയിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ ടീം ധൈര്യം കാണിച്ചു. മുംബൈ താരങ്ങളെ പന്ത് അധികം ഹോൾഡ് ചെയ്യാൻ അനുവദിച്ചില്ല. എല്ലാ പദ്ധതികളും താരങ്ങൾ നടപ്പാക്കി സഹൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. കൂടുതൽ മെച്ചപ്പെടാൻ കഴിയുന്ന കളിക്കാരനാണ്. തുടർന്നുള്ള കളിയിൽ സഹൽ ടീമിനു വേണ്ടി കൂടുതൽ ഗോളുകൾ നേടുമെന്നും ഇവാൻ പറഞ്ഞു.
🎥 Watch Ivan address the media on tonight's victory, our room for improvement, and the road ahead! #MCFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/5qvQExXTQ0
— K e r a l a B l a s t e r s F C (@KeralaBlasters) December 19, 2021
സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരെയ്ര ദയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. 27ാം മിനുറ്റിൽ സഹലാണ് ഗോളിന് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകൾ കൂടി അടുത്തടുത്ത് വന്നതോടെ മുംബൈ കളത്തിന് പുറത്തായി. പിന്നീട് അവർക്ക് തിരിച്ചുവരാനായില്ല. 47ാം മിനറ്റിലായിരുന്നു അൽവാരോ വാസ്‌ക്വസിന്റെ ഗോൾ. 51ാം മിനുറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജോർജ് പെരെയ്ര ദയസ് ലീഡ് മൂന്നിലേക്ക് ഉയർത്തിയത്.
തോൽവിയിലും സമനിലയിലും കുരുങ്ങിയ ബ്ലാസ്റ്റേഴ്സിന് ജീവൻ വെക്കുന്ന വിജയമായിരുന്നു ഇത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം 9 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. തോറ്റെങ്കിലും 15 പോയിന്റുമായി മുംബൈ സിറ്റി എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.