മെസ്സിക്ക് ശമ്പളമെത്ര? ഫ്രഞ്ച് പത്രത്തിനെതിരെ പിഎസ്ജി
നികുതി കഴിച്ച് 110 ദശലക്ഷം യൂറോയാണ് മെസ്സിയുടെ ശമ്പളം എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്.
പാരിസ്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ശമ്പളവുമായി ബന്ധപ്പെട്ട് ലിക്വിപ് പത്രം പുറത്തുവിട്ട റിപ്പോർട്ടിന് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് പിഎസ്ജി. മൂന്നു സീസണിലായി നികുതി കഴിച്ച് 110 ദശലക്ഷം യൂറോ(ഏകദേശം 950 കോടി രൂപ)യാണ് മെസ്സിയുടെ ശമ്പളം എന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരുന്നത്.
ആദ്യത്തെ രണ്ടു സീസണിൽ മുപ്പത് ദശലക്ഷം യൂറോയും മൂന്നാമത്തെ സീസണിൽ നാൽപ്പത് ദശലക്ഷം യൂറോയുമാണ് പ്രതിഫലം എന്നായിരുന്നു റിപ്പോർട്ട്. ശമ്പളത്തിലെ ഒരു ദശലക്ഷം ക്രിപ്‌റ്റോകറൻസി വഴിയാണ് താരത്തിന് ലഭിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിലെ പ്രധാനപ്പെട്ട കായിക മാധ്യമമാണ് 1946ൽ സ്ഥാപിതമായ ലിക്വിപ്.
'യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ'യാണ് പത്രത്തിന്റെ അവകാശവാദം എന്നാണ് പിഎസ്ജി സ്‌പോട്ടിങ് ഡയറക്ടർ ലിയണാർഡോ പ്രതികരിച്ചത്. 'ലിക്വിപിനെ പോലുള്ള ഒരു പത്രത്തിന്റെ മുഖപേജ് വാർത്തയെ അംഗീകരിക്കാനാകില്ല. അത് സമ്പൂർണായി തെറ്റാണ്. ഇത് ബഹുമാനമില്ലാത്ത, ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തിയാണ്. കാലാവധി, ശമ്പളം എന്നിവയിൽ യാഥാർത്ഥ്യവുമായി ഏറെ അകലെയാണിത്' - എന്നാണ് അദ്ദേഹം പറഞ്ഞത്.
മെസ്സിയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥ രഹസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'അവയ്ക്ക് രഹസ്യ നിബന്ധനകളുണ്ട്. മൂന്നു വർഷം എന്നതു തന്നെ സത്യമല്ല. രണ്ടു വർഷമാണ് മെസ്സിയുമായുള്ള കരാർ. മൂന്നാമത്തെ വർഷമില്ല' - ലിയനാർഡോ കൂട്ടിച്ചേർത്തു. പ്രതിഫലത്തിൽ നെയ്മറും എംബാപ്പെയുമാണ് ക്ലബിൽ മെസ്സിക്ക് താഴെയുള്ളത്. നെയ്മറിന് 30 ദശലക്ഷം യൂറോയും എംബാപ്പെയ്ക്ക് 12 ദശലക്ഷവുമാണ് പ്രതിഫലം.
ബാഴ്‌സലോണയുമായുള്ള ചർച്ചയിൽ തന്റെ പ്രതിഫലം അമ്പത് ശതമാനം വരെ കുറയ്ക്കാൻ മെസ്സി തയ്യാറായിരുന്നു. എന്നാൽ ലാലീഗയിലെ സാമ്പത്തിക നിയമങ്ങൾ താരത്തിന് മുമ്പിൽ വിലങ്ങുതടിയായി. ആഗസ്തിൽ പാരിസിലെത്തിയ മെസ്സി ഇതുവരെ രണ്ടു കളിയിൽ മാത്രമാണ് ടീമിനായി ബൂട്ടുകെട്ടിയത്. ക്ലബ് ബ്രുഗെയ്‌ക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ കണ്ടെത്താനും താരത്തിനായിരുന്നില്ല. മെസ്സിക്കൊപ്പം നെയ്മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഇറങ്ങിയിട്ടും മത്സരത്തിൽ സമനില കൊണ്ട് പിഎസ്ജിക്ക് തൃപ്തിപ്പെടേണ്ടി വന്നു.