പോകല്ലേ, റെഡ് കാർഡ് കൊടുത്ത മലയാളി താരത്തെ തിരിച്ചുവിളിച്ച് റഫറി
മത്സരം ഗോളില്ലാ സമനിലയിൽ കലാശിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ചുവപ്പുകാർഡ് കിട്ടിയ മലയാളി താരം എമിൽ ബെന്നിയെ തിരികെ കളത്തിലേക്ക് വിളിച്ച് റഫറി. ഇന്നലെ ജംഷഡ്പൂർ എഫ്‌സി-ഈസ്റ്റ് ബംഗാൾ എഫ്‌സി പോരാട്ടത്തിനിടെയായിരുന്നു അപൂർവ്വമായ സംഭവം.
95-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ സോൾ ക്രസ്‌പോയെ വീഴ്ത്തിയതിനാണ് എമിൽ ബെന്നിക്കെതിരെ റഫറി ജമാൽ മുഹമ്മദ് ആദ്യം ചുവപ്പുകാർഡെടുത്ത് വീശിയത്. പുറത്തേക്ക് കൈ ചൂണ്ടി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്തബ്ധനായ എമിൽ പുറത്തുകടന്നു. ടണലിലേക്ക് പ്രവേശിക്കാൻ തുടങ്ങവെ റഫറി, റെഡ് കാര്‍ഡ് യെല്ലോ ആക്കി മാറ്റി ബെന്നിയെ ഒരു ചിരിയോടെ തിരിച്ചുവിളിക്കുകയായിരുന്നു. അബദ്ധത്തിലാണ് റഫറി താരത്തിന് ചുവപ്പുകാർഡ് കാണിച്ചത്.
നേരത്തെ, ഇറ്റാലിയൻ ലീഗിൽ ഇന്റർമിലാനും എസി മിലാനും തമ്മിലുള്ള മത്സരത്തിൽ റൊണാൾഡീഞ്ഞോയും സമാനമായ തിരിച്ചുവിളിക്കലിന് വിധേയനായിരുന്നു. ഒരു വാക്കുതർക്കത്തിന് ഒടുവിലാണ് റഫറി ബ്രസീൽ താരത്തിന് റെഡ് കാണിച്ചത്. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞ റഫറി ഉടൻ തന്നെ യെല്ലോ കാർഡ് കാണിക്കുകയായിരുന്നു.
ജംഷഡ്പൂർ-ഈസ്റ്റ് ബംഗാൾ മത്സരം ഗോളില്ലാ സമനിലയിൽ കലാശിച്ചു. തുടർച്ചയായ നാലാം വർഷമാണ് ഈസ്റ്റ് ബംഗാൾ ഉദ്ഘാടന മത്സരത്തിൽ വിജയിക്കാതെ പോകുന്നത്. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാനായില്ല.