'ദൂരം രണ്ടു ഗോള്‍'; പെലെയെ മറികടക്കാന്‍ ഛേത്രി
ബ്രസീല്‍ ഇതിഹാസം പെലെ 77 ഗോളുകളാണ് നേടിയത്
അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് വേണ്ടത് രണ്ടു ഗോളുകള്‍ മാത്രം. സാഫ് കപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നേടിയ ഗോളോടെയാണ് പെലെയുമായുള്ള ഗോള്‍ ദൂരം രണ്ടായി കുറഞ്ഞത്. ബ്രസീല്‍ ഇതിഹാസം പെലെ 77 ഗോളുകളാണ് നേടിയത്. അതേസമയം, 121 മത്സരങ്ങളില്‍ നിന്ന് 76 ഗോളുകളാണ് സുനില്‍ നേടിയത്.
സാഫ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി മൂന്ന് മത്സരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് പെലെയുടെ ഗോളുകളുടെ എണ്ണം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഗോള്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് സുനില്‍ ഛേത്രി. പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 111 ഗോളുകളുമായി ഒന്നാം സ്ഥാനത്തും. അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസി 79 ഗോളുകളുമായി രണ്ടാം സ്ഥാനത്തുമാണ്. 77 ഗോളുകള്‍ നേടിയ യുഎഇയുടെ അലി മക്ബൂതാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം, സാഫ് കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. ഇന്ത്യയായിരുന്നു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയത്. 26ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് ഇന്ത്യയായിരുന്നു മുന്നില്‍. രണ്ടാം പകുതി ആരംഭിച്ച് ഒമ്പത് മിനുറ്റ് പിന്നിട്ടപ്പോള്‍ ബംഗ്ലാദേശ് പത്തുപേരായി ചുരുങ്ങി. ലിസ്റ്റണ്‍ കൊലാക്കോയെ ഫൗള്‍ ചെയ്തതിന് ബിശ്വനാഥ് ഘോഷിനാണ് ചുവപ്പു കാര്‍ഡ് കിട്ടിയത്.
എന്നാല്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് കൂടുതല്‍ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ പ്രതിരോധത്തിന് ജോലി കൂടുകയായിരുന്നു. ബംഗ്ലാദേശിന്റെ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ പ്രതിരോധത്തിനായെങ്കിലും 74ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ബംഗ്ലാദേശ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. യാസിന്‍ അറഫാത്താണ് ബംഗ്ലാദേശിനായി വലകുലുക്കിയത്. മത്സരത്തിലുടനീളം പന്ത് കൈവശം വെക്കുന്നതില്‍ ആധിപത്യം കാണിച്ച ഇന്ത്യയ്ക്ക് ഫിനിഷിങ്ങിലുള്ള പിഴവാണ് തിരിച്ചടിയായത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ബംഗ്ലാദേശാണ് പട്ടികയില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ നിന്ന് ഒരു പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.