'ലിവർപൂളിനെതിരെയുള്ള അഭിപ്രായം നിരുത്തരവാദപരം, മാപ്പ് പറയണം'; ഫ്രഞ്ച് കായിക മന്ത്രിക്കെതിരെ ക്ലബ് ചെയർമാൻ
റയൽ മാഡ്രിഡുമായി നടന്ന ഫൈനൽ മത്സര ദിവസത്തെ പ്രശ്‌നങ്ങളുടെ കാരണം ലിവർപൂൾ ആരാധകരാണെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു
ലിവർപൂൾ: ചാമ്പ്യൻസ് ലീഗ് ഫൈനൽ ദിവസം നടന്ന സംഭവങ്ങളുടെ പേരിൽ ലിവർപൂൾ ആരാധകരെ കുറ്റപ്പെടുത്തിയ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ കാസ്റ്ററ മാപ്പ് പറയണമെന്ന് ക്ലബ് ചെയർമാൻ ടോം വെർണർ. മന്ത്രിയുടെ പ്രസ്താവനയിൽ അവിശ്വാസം രേഖപ്പെടുത്തി തിങ്കളാഴ്ച ചെയർമാൻ അയച്ച കത്ത് ചോർന്നതോടെയാണ് സംഭവം പരസ്യമായത്. റയൽ മാഡ്രിഡുമായി നടന്ന ഫൈനൽ മത്സര ദിവസത്തെ പ്രശ്‌നങ്ങളുടെ കാരണം ലിവർപൂൾ ആരാധകരാണെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പാരീസിലെത്തിയ തങ്ങളുടെ ക്ലബ് ആരാധകരെ നിയന്ത്രിക്കാൻ ലിവർപൂളിനായില്ലെന്നായിരുന്നു ഒരു ഫ്രഞ്ച് റേഡിയോയുമായി സംസാരിക്കവേ മന്ത്രി പറഞ്ഞിരുന്നത്.
ഫൈനൽ ദിവസമുണ്ടായ പ്രശ്‌നങ്ങളുടെ കാരണം വമ്പൻ വ്യാജ ടിക്കറ്റ് വിൽപ്പനയാണെന്ന് ഫ്രഞ്ച് ഗവൺമെൻറ് പറഞ്ഞിരുന്നു. ഫ്രഞ്ച് തലസ്ഥാനത്ത് അരങ്ങേറിയ ഈ സംഭവങ്ങൾ കായിക മത്സരങ്ങൾ നടത്തുന്നിലുള്ള രാജ്യത്തിന്റെ കാര്യശേഷി തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. വിശേഷിച്ച് 2024 ഒളിംപിക്‌സും 2023 റഗ്ബി ലോകകപ്പും നടക്കാനിരിക്കെയാണ് ഈ വിവാദം ഉണ്ടായത്.
''ഫ്രഞ്ച് ഗവൺമെൻറിലെ മന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് ഞാൻ ഈ കത്തെഴുതുന്നത്. കൃത്യവും ഔപചാരികവും സ്വതന്ത്രവുമായ അന്വേഷണം നടക്കുന്നതിന് മുമ്പ് ഇത്ര പ്രധാനപ്പെട്ട വിഷയത്തിൽ താങ്കൾ എങ്ങനെയാണ് നിരന്തരം അഭിപ്രായം പറയുക?' ലിവർപൂൾ എക്കോ ന്യൂസ്‌പേപ്പറിന് ചോർന്ന് കിട്ടിയ വെർണറുടെ കത്തിൽ ചോദിച്ചു.
'നിങ്ങളുടെ അഭിപ്രായപ്രകടനം നിരുത്തരവാദപരവും പ്രെഫഷണൽ സമീപനമില്ലാത്തതുമാണ്. ആയിരക്കണക്കിന് ലിവർപൂൾ ആരാധകരുടെ ശാരീരികവും മാനസികവുമായി ബാധിക്കുന്നതും അപമാനിക്കുന്നതുമാണ്' ബോസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെയർമാൻ പറഞ്ഞു. ഈ സംഭവങ്ങൾ അനുഭവിക്കേണ്ടി വന്ന ആരാധകർക്കായി മാപ്പ് പറയണമെന്നും സ്വതന്ത്ര അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫ്രഞ്ച് അധികൃതരും യുവേഫയും ശ്രദ്ധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് യുവേഫ തിങ്കളാഴ്ച അറിയിച്ചിരുന്നു. പോർച്ചുഗീസ് രാഷ്ട്രീയ നേതാവായ ടിയാഗേ ബ്രാൻഡാവോയെ നിയമിച്ചതായും റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും യുവേഫ വ്യക്തമാക്കി. ഫൈനൽ കാണാനെത്തിയ ആരാധകർ അന്വേഷണവുമായി സഹകരിക്കണമെന്ന് ലിവർപൂൾ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സരം കാണാനെത്തിയ കാണികൾ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം തുടങ്ങിയത് 36 മിനുറ്റ് വൈകിയായിരുന്നു. പാരീസിൽ ഇന്ത്യൻ സമയം രാത്രി 12.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ മത്സരം ആരംഭിച്ചത് ഇന്ത്യൻ സമയം 1.06 നാണ്.
ചില സുരക്ഷാ കാരണങ്ങളാലാണ് മത്സരം വൈകുന്നതെന്നായിരുന്നു സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നത്. ലിവർപൂളിന്റെ ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് തള്ളികയറാൻ ശ്രമിച്ചതെന്ന് മിറർ റിപ്പോർട്ട് ചെയ്തു. എന്നാൽ, ടിക്കറ്റുകൾ കിട്ടാനില്ലെന്നും ടിക്കറ്റുകളെല്ലാം കരിഞ്ചന്തയിൽ വിറ്റെന്നുമാണ് ലിവർപൂൾ ആരാധകർ പറയുന്നത്.
ലിവർപൂളിനെ കണ്ണീരിലാഴ്ത്തി ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട് റയൽ മാഡ്രിഡ്
2021-2022 സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മഡ്രിഡിന്. ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയൽ ചാമ്പ്യന്മാരായത്. 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്. റയലിന്റെ 14-ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. റയൽ ഗോൾകീപ്പർ ടിബോ ക്വാർട്വയുടെ മിന്നൽ സേവുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ഗോളെന്നുറച്ച ഒൻപതോളം ഷോട്ടുകളാണ് ക്വാർട്വ രക്ഷപ്പെടുത്തിയെടുത്തത്.
15 ഗോളുകൾ നേടിക്കൊണ്ട് റയലിന്റെ കരിം ബെൻസേമ ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോറർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലിവർപൂളിന്റെ മുഹമ്മദ് സലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് റയൽ ഗോൾകീപ്പർ ക്വാർട്വ തട്ടിയകറ്റി. 18-ാം മിനിറ്റിൽ വീണ്ടും സലയ്ക്ക് അവസരം ലഭിച്ചെങ്കിലും അതും ക്വാർട്വ അത് വിഫലമാക്കി. 20-ാം മിനിറ്റിൽ സാദിയോ മാനെ പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു.
44-ാം മിനിറ്റിലാണ് റയൽ ആദ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിർത്തത്. സൂപ്പർതാരം കരിം ബെൻസേമ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂളിന്റെ ലൂയിസ് ഡയസിന് സുവർണാവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഹെഡ്ഡർ ലക്ഷ്യം തെറ്റി. രണ്ടാം പകുതിയിൽ റയൽ ഉണർന്നുകളിക്കാൻ ആരംഭിച്ചതോടെ മത്സരം ആവേശത്തിലായി. റയലിന്റെ ആക്രമണങ്ങൾക്ക് 59-ാം മിനിറ്റിൽ ഫലം കൈവന്നു. വിനീഷ്യസ് ജൂനിയറിലൂടെ റയൽ ലിവർപൂളിനെതിരേ ലീഡെടുത്തു. വാൽവെർദെയുടെ അസിസ്റ്റിൽ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്.
64-ാം മിനിറ്റിൽ സല പോസ്റ്റിലേക്ക് ലോങ്‌റേഞ്ചർ ശ്രമിച്ചെങ്കിലും ക്വാർട്വ അത് തട്ടിയകറ്റി. ഗോൾവഴങ്ങിയ ശേഷം ലിവർപൂൾ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും റയൽ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.
Club chairman Tom Werner has demanded an apology from French Sports Minister Amelia Audia Castra for blaming Liverpool fans for what happened on the day of the Champions League final.