ഇഞ്ചുറി ടൈമിൽ ഹീറോയായി ബെല്ലിങ്ഹാം; ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ സിറ്റിയെ തകർത്ത് റയൽ, 3-2
ഫെബ്രുവരി 20ന് റയൽ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സിറ്റി തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ വിജയിച്ചുകയറിയത്. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം(90+2) നിർണായക ഗോൾനേടി. കിലിയൻ എംബാപ്പെ(60), ബ്രഹിം ഡിയസ്(86) എന്നിവരാണ് മറ്റു സ്‌കോറർമാർ. സിറ്റിക്കായി എർലിങ് ഹാളണ്ട് ഇരട്ടഗോൾ നേടി
19,80 മിനിറ്റുകളിലാണ് സ്‌കോർ ചെയ്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങിയത്. ഫെബ്രുവരി 20ന് റയൽ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യൂവിലാണ് രണ്ടാംപാദം.
മറ്റു മത്സരങ്ങളിൽ യുവന്റസ് പിഎസ്‌വിയെ 2-1ന് തോൽപിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌പോട്ടിങ് സിപിയെ ബൊറൂസിയ ഡോർട്ട്മുണ്ട് തകർത്ത് വിട്ടപ്പോൾ ബ്രെസ്റ്റിനെ 3-0 തോൽപിച്ച് പിഎസ്ജിയും ആദ്യ പാദം ഗംഭീരമാക്കി.