യുവേഫ നേഷൺസ് ലീഗിൽ പോർച്ചുഗലിന് സ്‌കോട്ട്‌ലാൻഡ് പൂട്ട്; ജയം തുടർന്ന് സ്‌പെയിൻ
ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയിട്ടും പോർച്ചുഗലിന് ജയം സ്വന്തമാക്കാനായില്ല
ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് സമനില. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സ്‌കോട്ട്‌ലാൻഡാണ് പറങ്കിപടയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മുഴുവൻ സമയവും കളത്തിലുണ്ടായിട്ടും പോർച്ചുഗലിന് വിജയമൊരുക്കാനായില്ല. സമനിലയാണെങ്കിലും ഗ്രൂപ്പ് എയിൽ 10 പോയന്റുമായി പോർച്ചുഗൽ ഒന്നാമത് തുടരുന്നു. 7 പോയന്റുള്ള ക്രൊയേഷ്യയാണ് രണ്ടാമത്.
⏹️ 94' RESULTADO FINAL ⏰
— Portugal (@selecaoportugal) October 15, 2024
Empate no Hampden Park. ⚖️#PartilhaAPaixão | #NationsLeague pic.twitter.com/Civ74KIvAd
സ്വന്തം തട്ടകമായ ഹാംപഡൻ പാർക്കിൽ പോർച്ചുഗീസ് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ച സ്‌കോട്ട്‌ലാൻഡ് ഒറ്റപ്പെട്ട നീക്കങ്ങളുമായി കളംനിറഞ്ഞു. ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ സേവുകളാണ് പലപ്പോഴും പറങ്കിപ്പടയുടെ രക്ഷക്കെത്തിയത്.
മറ്റൊരു മത്സരത്തിൽ സ്‌പെയിൻ എതിരില്ലാത്ത മൂന്ന് ഗോളിന് സെർബിയയെ തകർത്തു. അയ്‌മെറിക് ലപോർട്ട(5), അൽവാരമോ മൊറാട്ട(65), അലെക്‌സ് ബയേന(77) എന്നിവരാണ് ലക്ഷ്യംകണ്ടത്. പരിക്കേറ്റ ലമീൻ യമാൽ സ്‌പെയിൻ നിരയിൽ ഇറങ്ങിയില്ല. കളിയിൽ വ്യക്തമായ മേധാവിത്വം പുലർത്തിയ ചെമ്പട ലക്ഷ്യത്തിലേക്ക് പത്ത് തവണയാണ് നിറയൊഴിച്ചത്.