പി.എസ്.ജി കുപ്പായത്തിൽ മെസ്സി ഇന്നിറങ്ങുമോ? കാതോർത്ത് ലോകം

കഴിഞ്ഞ രണ്ടു ദിവസം ടീമിനൊപ്പം മെസ്സി പരിശീലനം നടത്തിയിരുന്നു.

Update: 2021-08-14 05:23 GMT
Editor : abs | By : abs
Advertising

പാരിസ്: പിഎസ്ജിയിലെത്തിയ അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോയെന്ന ആകാംക്ഷയിൽ കായിക ലോകം. ലീഗിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് സ്‌ട്രൈസ്ബർഗിനെയാണ് പിഎസ്ജി നേരിടുന്നത്. കോവിഡ് ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ മത്സരം കാണാനായി കാണിക്കൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

അതേസമയം, ടീമിൽ മെസ്സി ഉണ്ടായേക്കില്ലെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു ദിവസം ടീമിനൊപ്പം താരം പരിശീലനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ക്ലബ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

രണ്ടു പതിറ്റാണ്ട് ബാഴ്‌സലോണക്കായി പന്തു തട്ടിയ ശേഷമാണ് മെസ്സി കഴിഞ്ഞ ദിവസം പിഎസ്ജിയുമായി കരാറിലെത്തിയത്. ബാഴ്‌സക്കായി പത്ത് ലാ ലീഗ ടൈറ്റിലുകളും നാല് ചാമ്പ്യൻസ് ലീഗ് കിരീടവും മെസ്സി നേടിയിട്ടുണ്ട്. പ്രൊഫഷണല്‍ കളിജീവിതത്തില്‍ മെസ്സിയുടെ രണ്ടാമത്തെ ക്ലബ്ബാണ് പിഎസ്ജി. 

മെസ്സി കളിക്കുന്നതിനെ കുറിച്ച് കോച്ച് മൗറീഷ്യോ പൊച്ചട്ടിനെ പറയുന്നതിങ്ങനെ; 'ഒരു സമയത്ത് ഒരടിയേ വയ്ക്കാവൂ. മെസ്സിയുടെ സൗഖ്യത്തിനാണ് മുൻഗണന. ഒരു മാസം മുമ്പാണ് അദ്ദേഹം കോപ അമേരിക്ക ഫൈനൽ കളിച്ചത്. ഏറ്റവും മികച്ച സാഹചര്യത്തിലായിരിക്കണം അദ്ദേഹത്തിന്റെ അരങ്ങേറ്റം. മെസ്സിയെ നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം പക്വതയെത്തിയ കളിക്കാരനാണ്. മെസ്സി ഇവിടെ സന്തോഷവാനാണ്. അവിശ്വസനീയമായ ഊർജ്ജവും അദ്ദേഹത്തിനുണ്ട്.' 

മെസ്സി കൂടിയെത്തിയതോടെ സ്വപ്‌നതുല്യമായ ലൈനപ്പാണ് പിഎസ്ജിയുടേത്. മെസ്സിക്കൊപ്പം നെയ്മർ, കിലിയൻ എംബാപ്പെ എന്നിവരാണ് മുൻനിരയിലുണ്ടാകുക. സെർജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഗോൾകീപ്പർ ഡോണറുമ്മ, ജോർജിനിയോ വൈനാൾഡം തുടങ്ങിയ താരങ്ങളും ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബിലെത്തിയിരുന്നു. ജൂലൈ പത്തിന് ബ്രസീലിനെതിരെ കോപ അമേരിക്ക ഫൈനലിലാണ് മെസ്സി അവസാനമായി കളിച്ചത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News