സിദാൻ ഇഖ്ബാൽ: മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചരിത്രം സൃഷ്ടിച്ച് 18-കാരൻ

ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ താരമായ സിദാന്റെ റോൾ മോഡൽ മസൂദ് ഓസിലാണ്

Update: 2021-12-09 12:14 GMT
Editor : André | By : Web Desk
Advertising

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡും യങ് ബോയ്‌സും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ 89-ാം മിനുട്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ ജെസ്സി ലിംഗാർഡിനെ പിൻവലിച്ച് കോച്ച് റാൽഫ് റാങ്‌നിക്ക് ഒരു 18 വയസ്സുകാരനെ കളത്തിലിറക്കുന്നു. ഫ്രഞ്ച് ഇതിഹാസം സിദാന്റെ പേരുള്ള ആ കൗമാരക്കാരന്റെ വരവുകൊണ്ട് 1-1 എന്ന സ്‌കോർലൈനിന് ഭംഗമൊന്നും സംഭവിച്ചില്ലെങ്കിലും അതൊരു ചരിത്രമായിരുന്നു. ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും താരമൂല്യമുള്ള ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യത്തെ 'ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ' താരം എന്ന ഖ്യാതി സിദാൻ ഇഖ്ബാൽ സ്വന്തം പേരിലാക്കി.

മാഞ്ചസ്റ്ററിന്റെ യൂത്ത് ലെവൽ മത്സരങ്ങൾ വീക്ഷിക്കുന്നവർ ഏറെ നാളായി കാത്തിരിക്കുന്നതാണ് സിദാൻ ഇഖ്ബാലിന്റെ അരങ്ങേറ്റം. പാകിസ്താൻകാരൻ പിതാവിന്റെയും ഇറാഖിയായ മാതാവിന്റെയും മകനായി മാഞ്ചസ്റ്ററിൽ സിദാൻ അണ്ടർ 23, അണ്ടർ 19 വിഭാഗം മത്സരങ്ങളിൽ സമീപകാലത്ത് പുറത്തെടുത്തത് മിന്നും പ്രകടനമായിരുന്നു. ലക്ഷണമൊത്ത അറ്റാക്കിങ് മിഡ്ഫീൽഡറായ സിദാന് സെൻട്രൽ മിഡ്ഫീൽഡിലും വിങ്ങുകളിലും ഒരേപോലെ ശോഭിക്കാൻ കഴിയുമെന്നാണ് ഫുട്‌ബോൾ നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നത്. മാഞ്ചസ്റ്ററിന്റെ അക്കാദമി താരങ്ങൾക്ക് പരമാവധി അവസരങ്ങൾ നൽകുമെന്ന് പുതിയ കോച്ച് റാൽഫ് റാങ്‌നിക്ക് വ്യക്തമാക്കിയപ്പോൾ തന്നെ സിദാന്റെ രാശി തെളിയാൻ പോവുകയാണെന്ന സൂചനയുണ്ടായിരുന്നു.


മാതാപിതാക്കൾക്കും സഹോദരനുമൊത്തം സിദാൻ ഇഖ്ബാൽ


ബ്രിട്ടീഷ് ജനസംഖ്യയിൽ ഇന്ത്യക്കാരടക്കമുള്ള ദക്ഷിണേഷ്യൻ വേരുകളുള്ളവർ ഏഴ് ശതമാനമുണ്ടെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളർമാരിൽ അവർ 0.25 ശതമാനമേയുള്ളൂ. ഈ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ കളിക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫുട്‌ബോൾ അസോസിയേഷൻ (എഫ്.എ) നടപ്പിലാക്കിയ പദ്ധതികളാണ് 2003-ൽ ജനിച്ച സിദാന് ഗുണം ചെയ്തത്. അഞ്ചുവയസ്സിനു മുമ്പേ കളിയെ കാര്യമായെടുത്ത സിദാനെ പിതാവ് ആമർ ഇഖ്ബാൽ ആദ്യം ചേർത്തത് വീടിനടുത്തുള്ള സേൽ യുനൈറ്റഡിലാണ്. ഒമ്പത് വയസ്സുള്ളപ്പോൾ മാഞ്ചസ്റ്ററിന്റെ അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ച സിദാൻ അനിതരസാധാരണമായ മികവിലൂടെ കോച്ചുമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ഏപ്രിലിലാണ് താരത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രൊഫഷണൽ കോൺട്രാക്ട് നൽകിയത്.

സീനിയർ ടീമിൽ ഇടംനേടാൻ കടുത്ത മത്സരം നടക്കുന്ന അണ്ടർ 23 ടീമിൽ മിന്നും പ്രകടനമാണ് സിദാൻ ഇഖ്ബാൽ പുറത്തെടുത്ത്. ഇന്നലെ ഓൾഡ് ട്രാഫോഡിൽ യങ് ബോയ്‌സിനെതിരായ മത്സരത്തിനുള്ള ടീമിന്റെ സബ്‌സ്റ്റിറ്റിയൂട്ട് ലിസ്റ്റിൽ സിദാന്റെ പേര് ഉൾപ്പെട്ടപ്പോൾ തന്നെ ബ്രിട്ടനിലെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി ആവേശത്തിലായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചതോടെ ആവേശം ആഹ്ലാദത്തിന് വഴിമാറുകയും ചെയ്തു. അഞ്ചു വയസ്സു മുതൽക്കുള്ള അക്കാദമി സുഹൃത്ത് ചാർലി സാവേജിനൊപ്പമാണ് സിദാൻ മൈതാനത്തേക്കിറങ്ങിയത്.

തന്റെ ഏഷ്യൻ പശ്ചാത്തലത്തിൽ അഭിമാനം കൊള്ളുന്ന സിദാന്റെ റോൾ മോഡൽ മുൻ ജർമൻ താരം മസൂദ് ഓസിലാണ്. 'മസൂദ് ഓസിലും എന്നെപ്പോലെ മുസ്ലിമാണ്. മറ്റൊരു മുസ്ലിം കളിക്കാരനെ കാണുക എന്നത് നല്ല കാര്യമാണ്. എല്ലാവരുടെയും യാത്രാവഴികൾ വ്യത്യസ്തമായിരിക്കും. എന്റെ യാത്രയും അത്ര എളുപ്പമായിരുന്നില്ല.' സിദാൻ പറയുന്നു.

ഇംഗ്ലണ്ട്, പാകിസ്താൻ, ഇറാഖ് ടീമുകൾക്കു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ അർഹതയുള്ള സിദാൻ മാതാവിന്റെ നാടിനു വേണ്ടിയാവും ബൂട്ടണിയുക എന്നാണ് സൂചന. അണ്ടർ 23 ഇറാഖ് ടീമിൽ ഇതിനകം അരങ്ങേറ്റം നടത്തിയ 18-കാരൻ ഇംഗ്ലണ്ടിനു വേണ്ടി കളിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ, കടുത്ത മത്സരമുള്ള ഇംഗ്ലണ്ട് ടീമിനെയാണോ അത്രയധികം സമ്മർദമില്ലാത്ത ഇറാഖിനെയാണോ തെരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ സിദാൻ അധികം വൈകാതെ തീരുമാനമെടുക്കും.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News